‘കാർ വീട്ടിനകത്ത് പാർക്ക് ചെയ്യണം’: ആഡംബര ജീവിതത്തിന്റെ മറവിൽ തട്ടിപ്പ്; ഇന്ത്യൻ വ്യവസായിയെ പൂട്ടി യുഎഇ പൊലീസ്
ദുബായിലെ സമ്പന്ന ബിസിനസുകാരനും സമൂഹമാധ്യമത്തിൽ നിറ സാന്നിധ്യവുമായ ഇന്ത്യക്കാരൻ ബൽവിന്ദർ സിങ് സാഹ്നി കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് യുഎഇയിൽ അകത്തായത്. അഞ്ച് വർഷം തടവും 5 ലക്ഷം ദിർഹം പിഴയുമാണ് ദുബായ് ക്രിമിനൽ കോടതി ഇയാൾക്കെതിരെ വിധിച്ചത്. കൂടാതെ ശിക്ഷാ കാലയളവിന് ശേഷം യുഎഇയിൽ നിന്ന് നാടുകടത്താനും ബൽവിന്ദർ സിങ്ങിന്റെ സമ്പത്ത് കണ്ടുകെട്ടാനും ഉത്തരവിട്ടു.കേസിന്റെ അന്വേഷണത്തിൽ 150 ദശലക്ഷം ദിർഹം പണം വ്യാജ ഷെൽ കമ്പനികളിലൂടെയും ഇതുമായി ബന്ധപ്പെട്ട ഇടപാടുകളിലൂടെയുമാണ് കടത്തിയതെന്ന് കണ്ടെത്തി. ബൽവിന്ദർ സിങ് സാഹ്നിയുടെ മകൻ ഉൾപ്പെടെ 32 പേർ കൂടി കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തി. ഇവർക്കും ശിക്ഷകളും പിഴകളും വിധിച്ചു. കൂടാതെ, കേസുമായി ബന്ധപ്പെട്ട മൂന്ന് കമ്പനികൾക്ക് ഓരോന്നിനും 50 ദശലക്ഷം ദിർഹം വീതം പിഴയും വിധിക്കപ്പെട്ടു. ദുബായ് പൊലീസ് കേസിൽ തുടക്കത്തിൽ തന്നെ ഇടപെട്ടതോടെ അതിവേഗം നടപടികൾ മുന്നോട്ട് നീങ്ങി. ആദ്യ വിചാരണ നടന്നത് ജനുവരി 9ന് ആയിരുന്നു. വ്യാപാര വിജയങ്ങളേക്കാളും ആഡംബര വാഹനങ്ങൾ, വിലപിടിച്ച നമ്പർ പ്ലേറ്റുകൾ തുടങ്ങിയവയിലൂടെയായിരുന്നു ബൽവിന്ദർ സിങ് സാഹ്നി പ്രശസ്തനായത്. ‘5’ എന്ന ഒറ്റ അക്കം നമ്പർ പ്ലേറ്റ് ദുബായിൽ 33 ദശലക്ഷം ദിർഹത്തിന് വാങ്ങിയതോടെ പ്രശസ്തനായി. തുടർന്ന് ഇതേ നമ്പർ അബുദാബിയിലും സ്വന്തമാക്കി വാർത്തകളിൽ ഇടംപിടിച്ചു. തട്ടിപ്പുകാരനായിരുന്നെങ്കിലും തനിക്ക് ദുരിതം വരാതിരിക്കാൻ കറുത്ത ബുഗാട്ടി കാർ വീട്ടിനകത്ത് പാർക്ക് ചെയ്യണമെന്ന ഉപദേശമുണ്ടായിരുന്നുവെന്ന് അദ്ദേഹം ഒരിക്കലൊരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.ആർഎസ്ജി ഗ്രൂപ്പിന്റെ ചെയർമാനായ ഇയാൾ പതിവായി ആധുനിക വസ്ത്രവും ഇടയ്ക്ക് പരമ്പരാഗത അറബ് വസ്ത്രമായ കന്തൂറ ധരിച്ചുമാണ് പ്രത്യക്ഷപ്പെട്ടിരുന്നത്. തന്റെ സൗഭാഗ്യം ദൈവം നൽകിയതാണെന്നും അമ്മയുടെ പ്രാർഥനകളാണെന്നും അദ്ദേഹം പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. പണം സമ്പാദിക്കുക എന്നത് മാത്രമാണ് തന്റെ താൽപര്യമെന്നതായിരുന്നു നയം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)