യുഎഇയിൽ ഭാര്യയുടെ അതിമോഹം ഭർത്താവിന് വിനയായി, കൂട്ടാളിയായ സഹോദരനും പെട്ടു; വ്യാജ ലഹരിമരുന്ന് കേസ് പാളി, ഒടുവിൽ ശിക്ഷ
ഇന്ത്യക്കാരനായ ബിസിനസ് പങ്കാളിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ യുഎഇ സ്വദേശിക്കും ഭാര്യയ്ക്കും 10 വർഷം തടവ്. റാസൽഖൈമ ക്രിമിനൽ കോടതിയാണ് യുഎഇ പൗരനും ഭാര്യയും 10 വർഷം വീതും തടവ് ശിക്ഷയും 50,000 ദിർഹം പിഴയും വിധിച്ചത്. ഭാര്യയുടെ സഹോദരനും കേസിൽ പ്രതിയാണ്. ഇയാൾക്ക് 15 വർഷം തടവുശിക്ഷയും 100,000 ദിർഹം പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. തൻറെ ബിസിനസ് പങ്കാളിയെ ലഹരിക്കേസിൽ കുടുക്കി അതുവഴി ബിസിനസിൻററെ മുഴുവൻ നിയന്ത്രണവും സ്വന്തമാക്കാനുള്ള പദ്ധതിയാണ് എമിറാത്തി പൗരന് ഒടുവിൽ വിനയായത്. യുവാവും ഭാര്യയും ചേർന്ന് ഏഷ്യക്കാരനായ ബിസിനസ് പങ്കാളിയെയാണ് കുടുക്കാൻ ശ്രമിച്ചത്. ബിസിനസിൽ നിന്ന് പങ്കാളിയെ ഒഴിവാക്കി ലാഭം സ്വന്തമാക്കാൻ യുവാവിനെ ഭാര്യ പ്രേരിപ്പിച്ചിരുന്നു. മൂന്നുപേരും ചേർന്ന് ആരംഭിച്ച ബിസിനസ് അതിവേഗം വളരുകയും നല്ല ലാഭം നേടുകയും ചെയ്തതോടെ യുവാവിൻററെ ഭാര്യക്ക് ബിസിനസ് പങ്കാളിയെ ഒഴിവാക്കി പണം സ്വന്തമാക്കണമെന്ന് ആഗ്രഹം തോന്നി. ഇതിനായി ബിസിനസ് പങ്കാളിയെ ലഹരിമരുന്ന് കേസിൽ കുടുക്കാനാണ് ഇവർ തീരുമാനിച്ചത്. ലഹരിമരുന്ന് ഉപയോഗിച്ചിരുന്ന തൻറെ സഹോദരനെ അവർ കുറ്റകൃത്യത്തിൽ സഹായത്തിന് വിളിച്ചു. സഹോദരൻറെ സഹായത്തോടെ ഇന്ത്യൻ പാർട്ണറുടെ വാഹനത്തിൽ ലഹരിമരുന്ന് വെക്കുകയായിരുന്നു. തുടർന്ന് ഇക്കാര്യം യുവാവ് പൊലീസിൽ അറിയിച്ചു. വാഹനം പരിശോധിച്ച പൊലീസ് ലഹരിമരുന്ന് കണ്ടെടുക്കുകയും ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. എന്നാൽ ഇന്ത്യക്കാരനെ ലഹരിമരുന്ന് പരിശോധനക്ക് വിധേയനാക്കിയപ്പോൾ ഫലം നെഗറ്റീവായിരുന്നു. ഇതോടെയാണ് പൊലീസ് കേസ് അന്വേഷണം മറ്റൊരു ദിശയിലേക്ക് നീക്കിയത്. ചോദ്യം ചെയ്യലിൽ തൻറെ പാർട്ണറുമായി നിലവിലുള്ള അസ്വാരസ്യങ്ങളും ബിസിനസിനെ ചൊല്ലിയുള്ള തർക്കങ്ങളും പങ്കാളിത്തം അവസാനിപ്പിക്കാൻ പാർട്ണർ ശ്രമിച്ചതായും ഇന്ത്യക്കാരൻ പറഞ്ഞു. ഈ മൊഴി അടിസ്ഥാനമാക്കി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കേസിൻറെ യഥാർത്ഥ കാരണം വെളിപ്പെട്ടത്. കൃത്യമായ തെളിവുകൾ ലഭിച്ചതോടെ യുവാവിനെയും ഭാര്യയെയും സഹോദരനെയും പിടികൂടുകയായിരുന്നു. യുവാവ് കുറ്റം സമ്മതിച്ചു. വ്യാജ തെളിവുകൾ സൃഷ്ടിച്ചതിനും ലഹരിമരുന്ന് കേസ് കെട്ടിച്ചമച്ചതിനും പ്രതികൾക്ക് കോടതി ശിക്ഷ വിധിക്കുകയായിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)