
ഇനി സൂക്ഷിക്കണം; കറൻസിയും സ്വർണവും കൈവശമുണ്ടോ?എങ്കില്‍ കസ്റ്റംസിൽ റിപ്പോർട്ട് ചെയ്യണം, മുന്നറിയിപ്പുമായി ഖത്തര്‍ കസ്റ്റംസ്
ദോഹ: വലിയ തുകയുടെ കറൻസിയും സ്വർണവും മറ്റു വിലപിടിപ്പുള്ള രേഖകളുമായി രാജ്യത്തേക്ക് പ്രവേശിക്കുകയും രാജ്യത്തുനിന്ന് പുറത്തുപോകുകയും ചെയ്യുന്ന യാത്രക്കാർക്ക് മുന്നറിയിപ്പുമായി കസ്റ്റംസ് അതോറിറ്റി. 50,000 റിയാലോ അതിൽ കൂടുതലോ മൂല്യമുള്ള പണമോ (11.70 ലക്ഷം രൂപ) വിലപിടിപ്പുള്ള രേഖകളോ, സ്വർണമോ, മൂല്യമേറിയ രത്നങ്ങളോ കൈവശം വെക്കുന്നവർ പാലിക്കേണ്ട നടപടികളെക്കുറിച്ചാണ് യാത്രക്കാരെ അതോറിറ്റി ഓർമപ്പെടുത്തുന്നത്.
2019ലെ 20ാം നമ്പർ നിയമത്തിന്റെയും 2019ലെ 41ാം നമ്പർ കാബിനറ്റ് പ്രമേയത്തിന്റെയും വ്യവസ്ഥകൾ പ്രകാരം രാജ്യത്തേക്ക് വരുന്നവരും ഇവിടെ നിന്ന് യാത്രയാകുന്നവരും നിശ്ചിത സംഖ്യയോ തത്തുല്യമായ മൂല്യമുള്ളവയോ കൈവശം വെക്കുകയാണെങ്കിൽ കസ്റ്റംസ് ഡിക്ലറേഷൻ ഫോറം പൂരിപ്പിക്കേണ്ടത് നിർബന്ധമാണെന്ന് കസ്റ്റംസ് ജനറൽ അതോറിറ്റി അറിയിച്ചു.
വിമാനത്താവളത്തിലോ കര അതിർത്തിയിലോ സമുദ്ര തുറമുഖങ്ങളിലോ നേരിട്ടോ അല്ലെങ്കിൽ അതോറിറ്റിയുടെ വെബ്സൈറ്റ് വഴിയോ കസ്റ്റംസ് ഡിക്ലറേഷൻ ഫോറം പൂരിപ്പിച്ചിരിക്കണം. മേൽപറഞ്ഞ മൂല്യമേറിയ വസ്തുക്കൾ കൈവശം വെക്കുന്നതിനുള്ള നിയമപരമായ പ്രഖ്യാപനമാണ് കസ്റ്റംസ് ഡിക്ലറേഷൻ ഫോറം. കസ്റ്റംസ് ഓഫിസർ ആവശ്യപ്പെടുന്ന വിവരങ്ങളും ഇതോടൊപ്പം നൽകിയിരിക്കണം.
നിശ്ചിത മൂല്യമോ കൂടുതലോ ഉള്ള ഖത്തർ കറൻസിയോ മറ്റേതെങ്കിലും രാജ്യത്തിന്റെ കറൻസിയോ ഡിക്ലറേഷൻ ഇല്ലാതെ കൈവശം വെക്കാൻ പാടില്ല. ഡോക്യുമെന്റ് രൂപത്തിലുള്ള സാമ്പത്തിക ഇടപാടുകൾ, ചെക്കുകൾ, പ്രോമിസറി നോട്ടുകൾ, പണമിടപാട് ഓർഡറുകൾ എന്നിവ ഇതിലുൾപ്പെടും. ലോഹങ്ങളുടെ വിഭാഗത്തിൽ സ്വർണം, വെള്ളി, പ്ലാറ്റിനം പോലുള്ള വിലയേറിയവ ഉൾപ്പെടും. വജ്രം, മരതകം, മാണിക്യം, മുത്തുകൾ എന്നിവയാണ് കല്ലുകളുടെ വിഭാഗത്തിൽ പെടുന്നത്.
കസ്റ്റംസ് ഡിക്ലറേഷൻ ഫോറം പൂരിപ്പിക്കാതിരിക്കുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ, കസ്റ്റംസ് അധികാരികൾ ആവശ്യപ്പെടുന്ന അധിക വിവരങ്ങൾ നൽകാതിരിക്കുകയോ ചെയ്താൽ മൂന്നുവർഷം വരെ തടവും ലക്ഷം റിയാൽ മുതൽ അഞ്ചുലക്ഷം റിയാൽ വരെ പിഴയും ചുമത്തും. അല്ലെങ്കിൽ പിടികൂടിയ മൂല്യമേറിയ വസ്തുവിന് പുറമേ പിടിച്ചെടുത്തതിന്റെ ഇരട്ടി മൂല്യമുള്ള തുകയോ പിഴയായി ചുമത്താൻ നിയമം അനുശാസിക്കുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)