
ഖത്തറിൽ സ്വദേശിവൽക്കരണം ശക്തമാക്കാൻ ശിൽപശാല
ദോഹ ∙ നിർമാണം, ടൂറിസം, സാമ്പത്തിക സേവന മേഖലകളിൽ സ്വദേശിവൽക്കരണം ശക്തിപ്പെടുത്തുന്നത് ചർച്ച ചെയ്ത് ഖത്തർ തൊഴിൽ മന്ത്രാലയം. കഴിഞ്ഞ ദിവസം സ്വകാര്യ മേഖലയിലെ കമ്പനി അധികൃതർക്കായി മന്ത്രാലയം സംഘടിപ്പിച്ച ശിൽപ്പശാലയിലാണ് സ്വകാര്യ മേഖലയിലെ കമ്പനികൾക്ക് തൊഴിൽ ദേശസാൽക്കരണ നിയമം നിരവധി പ്രോത്സാഹനങ്ങളും സൗകര്യങ്ങളും നൽകുന്നതായി ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്.
പരിപാടിയിൽ തൊഴിൽ മന്ത്രാലയത്തിലെ നാഷനൽ മാൻപവർ റിക്രൂട്ട്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ അബ്ദുൾറഹ്മാൻ മുഹമ്മദ് തൽഫത്ത് സംസാരിച്ചു. സ്വദേശി തൊഴിലാളികൾക്ക് ശമ്പളം നൽകുന്നതിൽ പിന്തുണ, ജനറൽ റിട്ടയർമെന്റ് ആൻഡ് സോഷ്യൽ ഇൻഷുറൻസ് അതോറിറ്റിയിലേക്കുള്ള സംഭാവനകളുടെ കവറേജ്, ഏറ്റവും ഉയർന്ന തൊഴിൽ ദേശസാൽക്കരണ നിരക്ക് കൈവരിക്കുന്ന കമ്പനികൾക്കുള്ള പ്രകടനാധിഷ്ഠിത റിവാർഡുകൾ തുടങ്ങി നിരവധി ആനുകൂല്യങ്ങൾ സ്വദേശി വൽക്കരണം നടപ്പിലാക്കുന്ന സ്വകാര്യ കമ്പനികൾക്ക് ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സ്വദേശികളായ പുരുഷന്മാർക്കും സ്ത്രീകൾക്കും ഖത്തരി സ്ത്രീകളുടെ കുട്ടികൾക്കും ജോലി ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണം നടപ്പിലാക്കാൻ ഖത്തറിൽ നിയമനിർമാണം നടത്തിയത്. ഈ മൂന്ന് പ്രധാന മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള നിരവധി പ്രതിനിധികൾ ശിൽപ്പശാലയിൽ പങ്കെടുത്തു. സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും സഹകരണം വളർത്തുന്നതിനും ആശയങ്ങൾ കൈമാറുന്നതിനുമായി മന്ത്രാലയം ആരംഭിച്ച കൺസൾട്ടേറ്റീവ് സെഷനുകളുടെ പരമ്പരയുടെ ഭാഗമാണ് ഈ ശിൽപശാല.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)