കുവൈത്തിൽ രണ്ടിലൊരാൾ പ്രമേഹ ഭീഷണിയിൽ; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ

Close up woman hands checking blood sugar level by glucose meter for diabetes tester using as medicine, glycemia, healthcare and medical concept.

കുവൈത്തിൽ പ്രമേഹത്തിന്റെ വ്യാപനം ആശങ്കാജനകമായ നിലയിലേക്ക്. രാജ്യത്തെ മുതിർന്നവരിൽ നാലിലൊരാൾക്ക് ഇതിനകം പ്രമേഹം സ്ഥിരീകരിച്ചിട്ടുണ്ടെന്നും മറ്റൊരു അഞ്ചിലൊരാൾ രോഗം വരുന്നതിന് തൊട്ടുമുമ്പുള്ള ഘട്ടത്തിലാണെന്നും ഫർവാനിയ ആശുപത്രിയിലെ എൻഡോക്രൈനോളജി ആൻഡ് ഡയബറ്റിസ് വിഭാഗം മേധാവി ഡോ. സൽസബീൽ അൽ-അൻസാരി മുന്നറിയിപ്പ് നൽകി. ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ദി അവന്യൂസ് മാളിൽ ഫർവാനിയ ആശുപത്രി സംഘടിപ്പിച്ച ബോധവൽക്കരണ ക്യാമ്പിൽ സംസാരിക്കുകയായിരുന്നു അവർ. ‘പ്രമേഹം നേരത്തെ കണ്ടെത്തുക’ എന്ന സന്ദേശമാണ് ക്യാമ്പിലൂടെ മുന്നോട്ടുവച്ചത്.

പലരിലും രോഗലക്ഷണങ്ങൾ പ്രകടമാകാത്തതിനാൽ പ്രമേഹത്തെ ‘നിശ്ശബ്ദ രോഗം’ എന്നാണ് വിശേഷിപ്പിക്കുന്നത്. ആരോഗ്യപ്രശ്നങ്ങൾ ഗുരുതരമായ ശേഷമാണ് പലരും രോഗവിവരം തിരിച്ചറിയുന്നത്. ക്യാമ്പ് ആരംഭിച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ, തങ്ങൾക്ക് പ്രമേഹമുണ്ടെന്ന് അറിയാതിരുന്ന ആറ് പേരിൽ രോഗം കണ്ടെത്താനായെന്നും ഡോക്ടർ പറഞ്ഞു.

പ്രമേഹം കൃത്യസമയത്ത് കണ്ടെത്തി നിയന്ത്രിച്ചില്ലെങ്കിൽ കാഴ്ച നഷ്ടപ്പെടൽ, വൃക്കരോഗം, പക്ഷാഘാതം, ഹൃദയാഘാതം, ഫാറ്റി ലിവർ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം.

കുവൈത്തിൽ പ്രമേഹബാധ വർധിക്കുന്നതിന് അമിതഭാരവും പൊണ്ണത്തടിയും പ്രധാന കാരണങ്ങളാണെന്നും ഡോ. അൽ-അൻസാരി ചൂണ്ടിക്കാട്ടി. കുട്ടികൾ ഉൾപ്പെടെ രാജ്യത്തെ 75–76 ശതമാനം ആളുകളും അമിതഭാരമുള്ളവരോ പൊണ്ണത്തടിയുള്ളവരോ ആണെന്നാണ് കണക്ക്.

ആരോഗ്യകരമായ ഭക്ഷണക്രമം, സ്ഥിരമായ വ്യായാമം, മെച്ചപ്പെട്ട ജീവിതശൈലി എന്നിവയിലൂടെ പ്രമേഹസാധ്യത കുറയ്ക്കാനാകുമെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കി. കൃത്യമായ ഇടവേളകളിൽ ആരോഗ്യ പരിശോധന നടത്തുകയും രോഗം നേരത്തെ കണ്ടെത്താനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തുകയും വേണമെന്നും അവർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi Varthakal - WordPress Theme by WPEnjoy