ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ ഇനി പഴയ കാർഡ് മാത്രം പോരാ! പത്ത് വർഷം കാലാവധി കഴിഞ്ഞോ? വീണ്ടും തിയറിയും റോഡ് ടെസ്റ്റും ജയിക്കണം; യുഎഇ റോഡുകളിൽ പുതിയ നിയമങ്ങൾ!

യുഎഇയിലെ ഡ്രൈവിങ് ലൈസൻസ് പുതുക്കൽ നടപടികളിലും ഡ്രൈവിങ് പഠനത്തിലും നിർണായക മാറ്റങ്ങൾ വരുന്നു. 2027 ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ഫെഡറൽ ഗതാഗത നിയമപ്രകാരം, ലൈസൻസിന്റെ കാലാവധി കഴിഞ്ഞ് പത്ത് വർഷം പിന്നിട്ടവർ പുതുക്കലിനായി വീണ്ടും തിയറി, പ്രാക്ടിക്കൽ പരീക്ഷകൾ വിജയിക്കണം. 2026-ലെ 174-ാം നമ്പർ ക്യാബിനറ്റ് തീരുമാനത്തിലാണ് ഇതുസംബന്ധിച്ച വ്യവസ്ഥകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. 2024-ലെ 14-ാം നമ്പർ ഫെഡറൽ ഓർഡിനൻസിന്റെ എക്സിക്യൂട്ടീവ് റെഗുലേഷനിലെ ആർട്ടിക്കിൾ 76 പ്രകാരമാണ് പുതിയ നിർദേശങ്ങൾ.

ലൈസൻസ് കാലാവധി കഴിഞ്ഞ് 10 വർഷം പിന്നിട്ടാൽ ശ്രദ്ധിക്കുക

ഡ്രൈവിങ് ലൈസൻസ് എടുത്തിട്ട് പത്ത് വർഷം കഴിഞ്ഞതുകൊണ്ട് മാത്രം പുതിയ പരീക്ഷകൾ എഴുതേണ്ടിവരില്ല. ലൈസൻസിന്റെ കാലാവധി അവസാനിച്ച തീയതി മുതൽ പത്ത് വർഷം പൂർത്തിയായവർക്കാണ് ഈ വ്യവസ്ഥ ബാധകമാകുക. പുതുക്കലിനുള്ള മറ്റ് നിബന്ധനകൾ പാലിക്കുന്നതിനൊപ്പം ലൈസൻസിങ് അതോറിറ്റി നിർദേശിക്കുന്ന തിയറി, പ്രാക്ടിക്കൽ പരീക്ഷകളും വിജയിക്കണം. എന്നാൽ ഇതിനായി തുടക്കക്കാരെപ്പോലെ മുഴുവൻ ഡ്രൈവിങ് കോഴ്‌സും നിർബന്ധിത പരിശീലന മണിക്കൂറുകളും വീണ്ടും പൂർത്തിയാക്കേണ്ടതില്ലെന്ന് നിയമം വ്യക്തമാക്കുന്നു. ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി നിലവിൽ ഇത്തരം ഡ്രൈവർമാർക്ക് ഇവാലുവേഷൻ ടെസ്റ്റ് നടത്തുന്നുണ്ട്. പുതിയ ഫെഡറൽ നിയമം വരുന്നതോടെ രാജ്യത്തുടനീളം ഇതിന് ഏകീകൃത ചട്ടക്കൂട് നിലവിൽ വരും.

ലേണേഴ്‌സ് പെർമിറ്റിന്റെ കാലാവധി ആറു മാസം

ഡ്രൈവിങ് പഠിക്കുന്നവർക്കും പുതിയ നിയമത്തിൽ ആശ്വാസകരമായ മാറ്റമുണ്ട്. നിലവിൽ മൂന്ന് മാസത്തേക്ക് അനുവദിക്കുന്ന ലേണേഴ്‌സ് ഡ്രൈവിങ് പെർമിറ്റിന്റെ പരമാവധി കാലാവധി ആറു മാസമായി ഉയർത്തും. പെർമിറ്റ് പുതുക്കാനും സാധിക്കും. ആർട്ടിക്കിൾ 82 പ്രകാരമാണ് ഈ മാറ്റം. ഡ്രൈവിങ് പരിശീലനത്തിനിടെ വാഹനത്തിൽ ലേണറും അംഗീകൃത ഡ്രൈവിങ് ഇൻസ്ട്രക്ടറും മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. മറ്റുള്ളവരെ വാഹനത്തിൽ കയറ്റാൻ അനുമതിയില്ല. ലേണർക്ക് വാഹനം സുരക്ഷിതമായി നിയന്ത്രിക്കാൻ കഴിയുമെന്ന് ഇൻസ്ട്രക്ടർക്ക് ഉറപ്പായാൽ മാത്രമേ ജനവാസ മേഖലകളിലെ റോഡുകളിൽ പരിശീലനം അനുവദിക്കാവൂ. 1997-ലെ പഴയ നിയമത്തിന് പകരമായാണ് പുതിയ വ്യവസ്ഥകൾ വരുന്നത്. ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ വൈകിയവരും പുതുതായി ഡ്രൈവിങ് പഠിക്കുന്നവരും ഈ മാറ്റങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi Varthakal - WordPress Theme by WPEnjoy