ദുബായ് ഇടയ്ക്കിടെ സന്ദർശിക്കാറുണ്ടോ? എങ്കിൽ അടുത്ത യാത്രയിൽ കാത്തിരിക്കുന്നത് വിഐപി പരിഗണനയായേക്കാം! കൂടുതൽ അറിയാം…

ദുബായ് സന്ദർശനം പതിവാക്കിയ വിദേശികൾക്ക് കൂടുതൽ സൗകര്യങ്ങളും ആനുകൂല്യങ്ങളും ഒരുക്കി പുതിയ പദ്ധതിയുമായി ദുബായ്. സ്ഥിരം സന്ദർശകർക്കായി അഞ്ചുവർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസയും ‘ദുബായ് ആക്‌സസ് ക്ലബ്’ എന്ന പ്രത്യേക അംഗത്വ പദ്ധതിയുമാണ് അവതരിപ്പിച്ചിരിക്കുന്നത്. ഷോപ്പിങ് കേന്ദ്രങ്ങൾ, ഹോട്ടലുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേക ഇളവുകളും സേവനങ്ങളും ലഭ്യമാക്കുകയാണ് ലക്ഷ്യം. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിൻ അഫയേഴ്‌സും (GDRFA) ദുബായ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസവും (DET) സംയുക്തമായാണ് പദ്ധതി പ്രഖ്യാപിച്ചത്. ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.

എല്ലാവർക്കും അംഗത്വം ലഭിക്കില്ല

പൊതുജനങ്ങൾക്ക് നേരിട്ട് അപേക്ഷിച്ച് അംഗത്വം നേടാവുന്ന പദ്ധതിയല്ല ദുബായ് ആക്‌സസ് ക്ലബ്. പദ്ധതിയിൽ പങ്കാളികളായ സ്ഥാപനങ്ങളുടെ ശുപാർശ ലഭിക്കുന്നവർക്കാണ് ക്ഷണത്തിലൂടെ അംഗത്വത്തിന് അവസരം. നിശ്ചിത യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുകയും വീസ അപേക്ഷയ്ക്ക് അംഗീകാരം ലഭിക്കുകയും വേണം. ആവശ്യമായ നടപടികൾ പൂർത്തിയാക്കിയ ശേഷമായിരിക്കും അംഗത്വം പ്രാബല്യത്തിൽ വരിക.

എന്തൊക്കെയാണ് ആനുകൂല്യങ്ങൾ?
ആദ്യഘട്ടത്തിൽ GDRFAയുടെ അൽ സആദ ടൂറിസ്റ്റ് കാർഡും മജിദ് അൽ ഫുത്തൈം ഗ്രൂപ്പിന്റെ ഗിഫ്റ്റ് കാർഡുമാണ് അംഗങ്ങൾക്ക് ലഭ്യമാക്കുന്നത്. ദുബായിലെ വിവിധ സ്ഥാപനങ്ങളിൽ ഇളവുകൾ നേടാൻ അൽ സആദ കാർഡ് സഹായിക്കും. മജിദ് അൽ ഫുത്തൈമിന്റെ റീട്ടെയിൽ കേന്ദ്രങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഉപയോഗിക്കാവുന്ന ക്രെഡിറ്റാണ് ഗിഫ്റ്റ് കാർഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇതിനുപുറമെ ഹോട്ടൽ മുറികൾ സൗജന്യമായി ഉയർന്ന വിഭാഗത്തിലേക്ക് മാറ്റാനുള്ള സൗകര്യം, വിമാനത്താവള ലോഞ്ചുകളിലേക്കുള്ള പ്രവേശനം, വിവിധ പരിപാടികളിൽ മുൻകൂട്ടി ബുക്കിങ് നടത്താനുള്ള അവസരം തുടങ്ങിയ ആനുകൂല്യങ്ങളും ഭാവിയിൽ ലഭ്യമാക്കും.
എമിറേറ്റ്‌സും വിസയും ഉൾപ്പെടെ പ്രമുഖ സ്ഥാപനങ്ങൾ പങ്കാളികൾ
എമിറേറ്റ്‌സ്, അക്കോർ, വിസ എന്നിവയാണ് പദ്ധതിയിലെ പ്രധാന പങ്കാളികൾ. ഇവരുടെ തിരഞ്ഞെടുത്ത ലോയൽറ്റി പദ്ധതികളിലൂടെയും വിവിധ ബഹുരാഷ്ട്ര കമ്പനികളിലൂടെയും യോഗ്യരായവർക്ക് അംഗത്വത്തിനുള്ള ക്ഷണം ലഭിക്കും.

എമിറേറ്റ്‌സ് സ്കൈവാർഡ്‌സ് അംഗങ്ങൾക്ക് ഹോട്ടലുകൾ, റെസ്റ്ററന്റുകൾ, വിനോദകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ അധിക ആനുകൂല്യങ്ങൾ ലഭിക്കാം. അക്കോർ ഹോട്ടൽ ഗ്രൂപ്പും വിസയും തങ്ങളുടെ യോഗ്യരായ ഉപഭോക്താക്കൾക്ക് പ്രത്യേക സേവനങ്ങളും ഇളവുകളും നൽകും. വിസ ഇൻഫിനിറ്റ് കാർഡ് ഉടമകൾക്കും പദ്ധതിയിൽ പ്രത്യേക പരിഗണനയുണ്ട്. പങ്കാളികളായ ബഹുരാഷ്ട്ര കമ്പനികളിലെ യോഗ്യരായ ജീവനക്കാർക്കും അംഗത്വത്തിലൂടെ നേട്ടമുണ്ടാകും. കോർപറേറ്റ് മീറ്റിങ്ങുകൾക്കും വിവിധ പരിപാടികൾക്കുമായി ദുബായിലെത്തുന്നവർക്ക് യാത്രയും താമസവും കൂടുതൽ സൗകര്യപ്രദമാക്കാനും പദ്ധതി ലക്ഷ്യമിടുന്നു. രാജ്യാന്തര സന്ദർശകരുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം ദുബായുടെ സാമ്പത്തിക വളർച്ച ലക്ഷ്യമിടുന്ന ഡി33 അജൻഡയുടെ ഭാഗമായാണ് പുതിയ നീക്കം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi Varthakal - WordPress Theme by WPEnjoy