യുഎഇ വാഹന ഉടമകൾ ശ്രദ്ധിക്കുക: കാറുകളുടെ എണ്ണത്തിന് പരിധി; മൂന്നാമത്തെ വാഹനം മുതൽ അധിക നിരക്ക്

UAE car ownership cap; യുഎഇയിൽ വ്യക്തിഗത ഉടമസ്ഥതയിലുള്ള വാഹന രജിസ്‌ട്രേഷന് കർശന നിയന്ത്രണം ഏർപ്പെടുത്തി ഫെഡറൽ ഗതാഗത അതോറിറ്റി. പുതിയ നിയമം അനുസരിച്ച് ഒരാൾക്ക് സ്വന്തം പേരിൽ പരമാവധി അഞ്ച് വാഹനങ്ങൾ മാത്രമേ രജിസ്റ്റർ ചെയ്യാനാകൂ. ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ഉത്തരവ് പ്രകാരം, ഒരാൾക്ക് ആദ്യത്തെ രണ്ട് വാഹനങ്ങൾ സാധാരണ നിരക്കിൽ രജിസ്റ്റർ ചെയ്യാം. എന്നാൽ മൂന്നാമത്തെ വാഹനം മുതൽ രജിസ്‌ട്രേഷനും വാർഷിക പുതുക്കലിനും അധിക ഫീസ് നൽകേണ്ടി വരും. നിലവിൽ അഞ്ചിലധികം വാഹനങ്ങൾ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചോ, അധികമായി ഈടാക്കുന്ന ഫീസിന്റെ നിരക്കുകളെക്കുറിച്ചോ ഉള്ള വിശദാംശങ്ങൾ വരും ദിവസങ്ങളിൽ അധികൃതർ വ്യക്തമാക്കും. അതേസമയം, കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പേരിലുള്ള വാഹനങ്ങൾക്ക് ഈ നിയന്ത്രണം ബാധകമല്ല. ഇതിനുപുറമെ, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഉപയോഗിക്കുന്ന വലതുവശത്ത് സ്റ്റിയറിങ് ഉള്ള വാഹനങ്ങൾക്ക് യുഎഇയിലെ പൊതുനിരത്തുകളിൽ ഓടിക്കാൻ ലൈസൻസ് നൽകില്ല. ഇത്തരം വാഹനങ്ങൾ പ്രദർശന ആവശ്യങ്ങൾക്കായി മാത്രമേ ഉപയോഗിക്കാൻ അനുവദിക്കൂ. രാജ്യത്തെ റോഡ് സുരക്ഷാ മാനദണ്ഡങ്ങളും സാങ്കേതിക പരിശോധനകളും കൃത്യമായി പാലിക്കാത്ത ഒരു വാഹനത്തിനും ഇനി രജിസ്‌ട്രേഷനോ ലൈസൻസോ ലഭിക്കില്ല. കൂടാതെ, വാഹന രജിസ്ട്രേഷനും പുതുക്കലിനുമുള്ള സേവനങ്ങൾക്ക് ഇനി മുതൽ അതത് എമിറേറ്റുകളിലെ ഗതാഗത അതോറിറ്റികളുടെ ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും മൊബൈൽ ആപ്പുകളും വഴി മാത്രമേ അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കൂ എന്നും അധികൃതർ വ്യക്തമാക്കി. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *