വ്യാജ കോൾ സെന്ററിൽ പൂട്ടിയിട്ട 164 പ്രവാസികൾക്ക് രക്ഷയായത് ഒരൊറ്റ ‘ഇമെയിൽ’; പാസ്‌പോർട്ട് പിടിച്ചുവച്ച് നടത്തിയ വൻ സൈബർ തട്ടിപ്പ് തകർത്ത് പൊലീസ്!

cyber fraud racket; ആകർഷകമായ ജോലി വാഗ്ദാനം ചെയ്ത് വിദേശത്തുനിന്ന് ഇന്ത്യയിലെത്തിച്ച ശേഷം സൈബർ തട്ടിപ്പിന് നിർബന്ധിച്ചിരുന്ന 164 വിദേശ പൗരന്മാരെ ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് മോചിപ്പിച്ചു. നോയിഡയിൽ പ്രവർത്തിച്ചിരുന്ന കോൾ സെന്ററിൽ നടത്തിയ റെയ്ഡിലാണ് 92 ഇന്തൊനീഷ്യൻ സ്വദേശികളെയും 72 മലേഷ്യൻ സ്വദേശികളെയും പൊലീസ് രക്ഷപ്പെടുത്തിയത്. കഴിഞ്ഞ നാല് മാസത്തിനിടെയാണ് ഇവരെയെല്ലാം ഇന്ത്യയിലെത്തിച്ചത്. ഐടി സ്ഥാപനത്തിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് കൊണ്ടുവന്ന ശേഷം, ഇവരുടെ പാസ്‌പോർട്ടുകൾ പിടിച്ചുവയ്ക്കുകയും സൈബർ തട്ടിപ്പുകൾ നടത്താൻ നിർബന്ധിക്കുകയുമായിരുന്നുവെന്നാണ് പരാതി. തട്ടിപ്പ് സംഘത്തിന്റെ പിടിയിലകപ്പെട്ടവരിൽ ഒരാൾ ക്രൈംബ്രാഞ്ചിന് അയച്ച ഇമെയിലിലൂടെയാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിഞ്ഞത്. തുടർന്ന് ‘സ്‌കെവി ഇൻഫ്രാടെക്’ എന്ന കമ്പനിയുടെ പേരിൽ പ്രവർത്തിച്ചിരുന്ന കോൾ സെന്ററിൽ നടത്തിയ പരിശോധനയിലാണ് 164 പേരെയും കണ്ടെത്തിയത്. സമൂഹമാധ്യമങ്ങളിൽ സ്ത്രീകളുടെ പേരിൽ വ്യാജ പ്രൊഫൈലുകൾ നിർമ്മിച്ച് ഓൺലൈൻ സൗഹൃദം സ്ഥാപിക്കാനും, ആളുകളുടെ വിശ്വാസം നേടിയെടുത്ത ശേഷം പണം തട്ടിയെടുക്കാനുമാണ് സംഘം ഇവരെ ഉപയോഗിച്ചിരുന്നത്. കേസുമായി ബന്ധപ്പെട്ട് മലേഷ്യൻ പൗരനായ ടാൻ ഗ്വാൻ വെയ് (25) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പിന് പിന്നിലുള്ള സുനിൽ കുമാർ, സുശീൽ കുമാർ എന്നിവർ വിദേശത്തേക്ക് കടന്നതായി സൂചനയുണ്ടെന്നും പൊലീസ് അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi Varthakal - WordPress Theme by WPEnjoy
Exit mobile version