പ്രവാസലോകത്തെ കണ്ണീരിലാഴ്ത്തി റാസൽഖൈമ ദുരന്തം; അപകടത്തിൽ ജീവൻ നഷ്ടമായവരിൽ ഭൂരിഭാഗവും ചെറുപ്പക്കാർ, തീരാനോവ്

പ്രവാസലോകത്തെ കണ്ണീരിലാഴ്ത്തി റാസൽഖൈമയിലുണ്ടായ വാഹനാപകടം. മെച്ചപ്പെട്ട ജീവിതവും പുതിയ തൊഴിൽ അവസരങ്ങളും സ്വപ്നം കണ്ട് യുഎഇയിലേക്ക് മടങ്ങിയ നിരവധി പ്രവാസികളുടെ പ്രതീക്ഷകളാണ് ഒരു നിമിഷംകൊണ്ട് തകർന്നത്. അപകടത്തിൽ മരിച്ചവരിൽ ഭൂരിഭാഗവും ചെറുപ്പക്കാരാണെന്ന വിവരവും ദുരന്തത്തിന്റെ ആഘാതം വർധിപ്പിക്കുന്നു. ചൊവ്വാഴ്ച പുലർച്ചെ റാസൽഖൈമയിലെ അൽ വതൻ റോഡിലായിരുന്നു നാടിനെ നടുക്കിയ അപകടം. 41 യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ബസ് സാങ്കേതിക തകരാറിനെത്തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ 13 പേർക്ക് ജീവൻ നഷ്ടമായി. 26 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

മരിച്ചവരിൽ മലയാളികളുമുണ്ടെന്ന വിവരം പുറത്തുവന്നതോടെ കേരളത്തിലെ നിരവധി കുടുംബങ്ങൾ ആശങ്കയിലായി. കണ്ണൂർ മട്ടന്നൂർ സ്വദേശി ഹേമന്ത് പുതിയകാവിൽ (29), കാസർകോട് അട്ടേങ്ങാനം സ്വദേശി അഷ്റഫ് (53), തലശ്ശേരി സ്വദേശിനി സങ്കീർത്ത സുരേഷ് (26) എന്നിവരെ തിരിച്ചറിഞ്ഞു. പിന്നീട് പാലക്കാട് നെല്ലായ സ്വദേശി മുഹമ്മദ് ആഷിഖിന്റെ (29) മരണവും സ്ഥിരീകരിച്ചു. അഞ്ചാമത്തെ മലയാളിയെ തിരിച്ചറിയാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഒമാനിൽ പോയി സന്ദർശക വിസ മാറ്റി പുതിയ പ്രതീക്ഷകളുമായി യുഎഇയിലേക്ക് മടങ്ങുകയായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. ജോലി തേടിയും ജീവിതം മെച്ചപ്പെടുത്താനുമായി പ്രവാസത്തിന്റെ വഴിയിലേക്ക് ഇറങ്ങിയവരിൽ പലർക്കും ഈ യാത്ര അവസാനത്തേതായി മാറി.

അപകടവിവരം അറിഞ്ഞതോടെ നിരവധി പ്രവാസികൾ തങ്ങളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വിവരങ്ങൾ തേടി ആശുപത്രികളിലും ബന്ധപ്പെട്ട കേന്ദ്രങ്ങളിലും എത്തിയിരുന്നു. രക്ഷാപ്രവർത്തനത്തിനായി 16 ആംബുലൻസുകളും അഞ്ച് ഫസ്റ്റ് റെസ്‌പോണ്ടർ വാഹനങ്ങളും വിന്യസിച്ചു. അപകടത്തിന്റെ കാരണം കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫുജൈറയിലെ വാഹനാപകടത്തിൽ 14 പേർ മരിച്ചതിന്റെ നടുക്കം മാറുംമുൻപാണ് റാസൽഖൈമയിൽ വീണ്ടും മറ്റൊരു ദുരന്തം പ്രവാസലോകത്തെ തേടിയെത്തിയത്. തുടർച്ചയായ അപകടങ്ങൾ യുഎഇയിലെ റോഡ് സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും ഉയർത്തുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi Varthakal - WordPress Theme by WPEnjoy