
സൗദിയിൽ കൃഷിയിടത്തിലെ ജോലിക്കിടെ ട്രാക്ടർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തമിഴ്നാട് സ്വദേശിയായ യുവാവ് നാലുമാസത്തെ ചികിത്സയ്ക്കൊടുവിൽ മരിച്ചു. തമിഴ്നാട് ചിറ്റൂർ സ്വദേശി ധർമ്മദുരൈ (27) ആണ് അൽഖർജിൽ മരണത്തിന് കീഴടങ്ങിയത്.
കൃഷിയിടത്തിലെ ട്രാക്ടർ ഡ്രൈവർ അവധിയിലായതിനെ തുടർന്ന് വാഹനം ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ട്രാക്ടറിൽ കയറാതെ പുറത്തുനിന്ന് വാഹനം സ്റ്റാർട്ട് ചെയ്യുന്നതിനിടെ അബദ്ധത്തിൽ കൈ ഗിയറിൽ തട്ടുകയായിരുന്നു. ഇതോടെ ട്രാക്ടർ മുന്നോട്ടേക്ക് കുതിക്കുകയും സമീപത്തുണ്ടായിരുന്ന ധർമ്മദുരൈ വാഹനത്തിനടിയിലേക്ക് വീഴുകയുമായിരുന്നു. അപകടത്തിൽ തലയിലൂടെ ട്രാക്ടർ കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ അൽഖർജ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാലുമാസത്തോളം വിദഗ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏകദേശം ഒരു വർഷം മുൻപാണ് ധർമ്മദുരൈ സൗദിയിലെത്തിയത്. ഭാര്യയും രണ്ട് മക്കളും മാതാപിതാക്കളുമടങ്ങുന്നതാണ് കുടുംബം.
അഞ്ചുമാസം മാത്രം പ്രായമുള്ള ഇളയ കുഞ്ഞിനെ ഒരുനോക്ക് കാണാൻ പോലും കഴിയാതെയാണ് ധർമ്മദുരൈയുടെ അപ്രതീക്ഷിത വിയോഗം. പ്രവാസജീവിതത്തിലൂടെ കുടുംബത്തിന്റെ പ്രതീക്ഷകൾ നിറവേറ്റാനുള്ള ശ്രമത്തിനിടെയാണ് യുവാവിന്റെ ജീവൻ നഷ്ടമായത്.
മൃതശരീരം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്.