
യുഎഇ ദേശീയദിനമായ ‘ഈദ് അൽ ഇത്തിഹാദ്’ ആഘോഷങ്ങൾക്ക് മുന്നോടിയായി റാസൽഖൈമയിലെ സർക്കാർ ജീവനക്കാർക്ക് തുടർച്ചയായി അഞ്ച് ദിവസത്തെ അവധി. എമിറേറ്റിലെ ഹ്യൂമൻ റിസോഴ്സസ് ഡിപ്പാർട്ട്മെന്റാണ് അവധി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഡിസംബർ 2, 3, 4 തീയതികളിലാണ് സർക്കാർ ജീവനക്കാർക്ക് അവധി അനുവദിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ ശനി, ഞായർ വാരാന്ത്യ അവധികൾ കൂടി ചേരുന്നതോടെ അഞ്ച് ദിവസം തുടർച്ചയായി വിശ്രമിക്കാം. ഡിസംബർ 7 തിങ്കളാഴ്ച സർക്കാർ ഓഫീസുകൾ വീണ്ടും പ്രവർത്തനം ആരംഭിക്കും.
പൊതു-സ്വകാര്യ മേഖലകളിലെ അവധി ഇങ്ങനെ:
പൊതുമേഖല: യുഎഇയിലെ ഫെഡറൽ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഡിസംബർ 2, 3, 4 തീയതികളിൽ മൂന്ന് ദിവസത്തെ ദേശീയദിന അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശനി, ഞായർ വാരാന്ത്യ അവധിയുള്ളവർക്ക് ഇതോടെ അഞ്ച് ദിവസത്തെ ഇടവേള ലഭിക്കും. ഡിസംബർ 7ന് ഓഫീസുകൾ തുറക്കും.
സ്വകാര്യ മേഖല: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഡിസംബർ 2, 3 തീയതികളിൽ രണ്ട് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിയാണ് അനുവദിച്ചിരിക്കുന്നത്. യുഎഇ മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയമാണ് ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയത്.