മരുഭൂമിയിൽ പൊന്നുവിളയിക്കാൻ ‘സ്മാർട്ട്’ നീക്കം; മഴവെള്ളം ഭൂമിക്കടിയിൽ സംഭരിച്ച് കൃഷിയിറക്കാൻ യുഎഇ!

UAE smart agriculture; ശൈത്യകാല മഴവെള്ളം ഒരു തുള്ളി പോലും പാഴാക്കാതെ സുസ്ഥിര ജലസ്രോതസ്സാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് ഷാർജയിലെ കർഷകർ. അൽ ദൈദ് മുനിസിപ്പാലിറ്റിയുടെയും കാർഷിക അതോറിറ്റിയുടെയും നേതൃത്വത്തിൽ നടപ്പിലാക്കുന്ന നൂതന പദ്ധതിയിലൂടെ, സ്മാർട്ട് ഭൂഗർഭ പൈപ്പുകൾ ഉപയോഗിച്ച് മഴവെള്ളം ശേഖരിക്കുകയും ഭൂമിക്കടിയിൽ സംഭരിക്കുകയുമാണ് ചെയ്യുന്നത്. ചെലവേറിയ ജലശുദ്ധീകരണ രീതികളെ ആശ്രയിക്കുന്നത് കുറയ്ക്കാനും കൃഷിയിടങ്ങളിലേക്ക് ആവശ്യമായ ജലം സംരക്ഷിക്കാനും ഈ സംവിധാനം സഹായിക്കും. വെള്ളം ഭൂമിക്കടിയിൽ സംഭരിക്കുന്നതിലൂടെ കാലാവസ്ഥാ വ്യതിയാനങ്ങളുടെ പ്രത്യാഘാതങ്ങളിൽ നിന്നും മണ്ണിലെ ഉപ്പിന്റെ അംശത്തിൽ നിന്നും വിളകളെ സംരക്ഷിക്കാൻ കർഷകർക്ക് സാധിക്കും. മഴവെള്ളം ശേഖരിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി, അത് പരമാവധി പ്രയോജനപ്പെടുത്താനും സുസ്ഥിരമായ കൃഷിക്ക് ഉറച്ച അടിത്തറ പാകാനുമാണ് ലക്ഷ്യമിടുന്നതെന്ന് കൃഷി-കന്നുകാലി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

പുതിയ പദ്ധതി തങ്ങളുടെ ദൈനംദിന കൃഷിപ്പണികളിൽ വലിയ മാറ്റമാണ് ഉണ്ടാക്കിയതെന്ന് പ്രാദേശിക കർഷകനായ അലി അൽ കിത്ബി പറഞ്ഞു. മാറുന്ന കാലാവസ്ഥയും മണ്ണിലെ ഉപ്പും കാരണം നേരത്തെ കൃഷി ഒരു ഭാഗ്യപരീക്ഷണം പോലെയായിരുന്നു. എന്നാൽ, ഓട്ടോമേറ്റഡ് ഭൂഗർഭ ജലസേചന സംവിധാനം വന്നതോടെ വിളവെടുപ്പ് സ്ഥിരതയുള്ളതാകുകയും കൂടുതൽ അവശ്യ വിളകൾ കൃഷി ചെയ്യാൻ സാധിക്കുകയും ചെയ്തു, അദ്ദേഹം കൂട്ടിച്ചേർത്തു.

കാർഷിക മേഖലയിൽ ഇതിനോടകം ശ്രദ്ധേയമായ പല നേട്ടങ്ങളും ഷാർജ കൈവരിച്ചിട്ടുണ്ട്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 850 മീറ്റർ ഉയരത്തിലുള്ള ജബൽ ദീമിലെ ‘ഗമാം’ പദ്ധതിക്ക് കീഴിൽ ആദ്യ മുന്തിരി വിളവെടുപ്പ് എമിറേറ്റ് വിജയകരമായി പൂർത്തിയാക്കിയിരുന്നു. തനത് സസ്യ ഇനങ്ങളിൽ നിന്ന് പച്ചക്കറികൾ ഉൽപ്പാദിപ്പിക്കുന്നതിലും മികച്ച വിജയം നേടി. കൂടാതെ, ഭക്ഷ്യസുരക്ഷാ പദ്ധതികൾക്കായി വിദഗ്ധരെ വാർത്തെടുക്കുന്നതിനായി അൽ ദൈദ് സർവ്വകലാശാലയിൽ കൃഷി, വെറ്ററിനറി മെഡിസിൻ, മരുഭൂമി ശാസ്ത്രം എന്നിവയിൽ പ്രത്യേക കോഴ്സുകളും ആരംഭിച്ചിട്ടുണ്ട്.

ഭക്ഷ്യ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും പ്രാദേശിക കാർഷിക ഉൽപ്പാദനം വർദ്ധിപ്പിക്കാനുമായി യുഎഇ നടത്തിവരുന്ന വൻകിട നിക്ഷേപങ്ങളുടെ ഭാഗമാണ് ഈ നീക്കം. വെർട്ടിക്കൽ ഫാമുകൾ നിർമ്മിച്ചും, നിർമ്മിതബുദ്ധി (AI) ഉപയോഗിച്ച് വിളവ് വർദ്ധിപ്പിച്ചും, വരൾച്ചയെ പ്രതിരോധിക്കുന്ന വിളകൾ പരീക്ഷിച്ചും കാർഷിക രംഗത്ത് വലിയ മുന്നേറ്റമാണ് രാജ്യം നടത്തുന്നത്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi Varthakal - WordPress Theme by WPEnjoy
Exit mobile version