പുത്തൻ തട്ടിപ്പുരീതി; ഇങ്ങനെ ബാങ്ക് അക്കൗണ്ട് തുറക്കുമ്പോൾ പ്രവാസികൾ ജാഗ്രത പാലിക്കണം; അഞ്ച് അപകടസൂചനകൾ നിരത്തി യുഎഇ അധികൃതർ…

ജോലി തേടിയെത്തുന്നവരെ ലക്ഷ്യമിട്ട് വ്യാജ റിക്രൂട്ടർമാർ നടത്തുന്ന സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി യുഎഇ മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം (MOHRE). ജോലി വാഗ്ദാനം മറയാക്കി ഉദ്യോഗാർഥികളുടെ ബാങ്ക് വിവരങ്ങൾ ചോർത്തുകയും അവരുടെ അക്കൗണ്ടുകൾ വഴി പണം കൈമാറുകയും ചെയ്യുന്ന തട്ടിപ്പുകളെക്കുറിച്ചാണ് മന്ത്രാലയം മുന്നറിയിപ്പ് നൽകിയത്. തട്ടിപ്പ് തിരിച്ചറിയാൻ അഞ്ച് പ്രധാന സൂചനകളും മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. ജോലി ലഭിക്കാനായി സ്വന്തം പേരിൽ ബാങ്ക് അക്കൗണ്ട് തുറക്കാൻ ആവശ്യപ്പെടുന്നത്, ബാങ്ക് വിവരങ്ങൾ കൈമാറാൻ നിർബന്ധിക്കുന്നത്, നിയമനത്തിനോ ജോലി ഉറപ്പാക്കാനോ പണം ആവശ്യപ്പെടുന്നത് എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, ഉദ്യോഗാർഥിയുടെ അക്കൗണ്ടിലേക്ക് പണം സ്വീകരിക്കാനോ മറ്റൊരാളുടെ അക്കൗണ്ടിലേക്ക് കൈമാറാനോ ആവശ്യപ്പെടുന്നതും തട്ടിപ്പിന്റെ ലക്ഷണമാണ്.

ഔദ്യോഗിക വിലാസമോ ബന്ധപ്പെടാനുള്ള വിശ്വസനീയമായ വിവരങ്ങളോ നൽകാതെ വാട്സാപ്പ് പോലുള്ള സന്ദേശ ആപ്പുകൾ വഴി മാത്രം ആശയവിനിമയം നടത്തുന്ന റിക്രൂട്ടർമാരെയും സംശയിക്കണം. ഇത്തരം ആവശ്യങ്ങൾ ഉയർന്നാൽ നിയമന നടപടികളുമായി മുന്നോട്ടുപോകരുതെന്നും സ്ഥാപനത്തിന്റെയും ജോലി വാഗ്ദാനത്തിന്റെയും ആധികാരികത ഉറപ്പാക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. യഥാർഥ തൊഴിൽ വാഗ്ദാനങ്ങളിൽ മന്ത്രാലയത്തിന്റെ സംവിധാനത്തിലൂടെ ലഭിക്കുന്ന സീരിയൽ നമ്പറും ബാർകോഡും ഉണ്ടായിരിക്കും. ഇവ ഉപയോഗിച്ച് MOHRE ഔദ്യോഗിക വെബ്സൈറ്റ് വഴിയോ MOHRE UAE മൊബൈൽ ആപ്പ് വഴിയോ ജോലി വാഗ്ദാനത്തിന്റെ വിശ്വാസ്യത പരിശോധിക്കാം. കൂടുതൽ വിവരങ്ങൾക്ക് 600590000 എന്ന നമ്പറിൽ മന്ത്രാലയവുമായി ബന്ധപ്പെടാം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi Varthakal - WordPress Theme by WPEnjoy
Exit mobile version