ഫുജൈറയിൽ കണ്ണീരോർമയായി മൂന്നു ജീവനുകൾ; ഇരട്ട സഹോദരങ്ങൾക്കും കുഞ്ഞു ഫായിസിനും ഒരുമിച്ച് അന്ത്യവിശ്രമം

ഫുജൈറയിലെ വാഹനാപകടത്തിൽ മരിച്ച മലപ്പുറം വേങ്ങര കുണ്ടിൽപ്പാറ സ്വദേശികളായ ഇരട്ട സഹോദരങ്ങൾക്കും മൂന്ന് വയസ്സുകാരനായ ബന്ധുവിനും ഒരുമിച്ച് അന്ത്യയാത്ര. തുപ്പിലക്കാട്ട് സിദ്ധിഖ്–ആരിഫ ദമ്പതികളുടെ മക്കളായ മുഹമ്മദ് അസ്മിൽ (21), മിസ്ന ജുബിൻ (21), സഹോദരി ഫർസാനയുടെ മകൻ മുഹമ്മദ് ഫായിസ് (3) എന്നിവരുടെ കബറടക്കം നൂറുകണക്കിന് പേരുടെ സാന്നിധ്യത്തിൽ കണ്ണീരോടെ നടന്നു.

ഫുജൈറ സലാം സ്ട്രീറ്റിലെ ഓൾഡ് ഇത്തിസാലാത്തിന് സമീപമുള്ള പള്ളിയിൽ നടന്ന മയ്യിത്ത് നമസ്കാരത്തിലും തുടർന്ന് നടന്ന കബറടക്കച്ചടങ്ങിലും ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും സ്വദേശികളും വിദേശികളുമടക്കം വലിയ ജനാവലിയെത്തി. പ്രിയപ്പെട്ടവരെ അവസാനമായി ഒരുനോക്കു കാണാൻ എത്തിയവരുടെ കണ്ണുകൾ നിറഞ്ഞു.

ജന്മദിനം മുതൽ പഠനവും സ്വപ്നങ്ങളും വരെ ജീവിതത്തിലെ പല ഘട്ടങ്ങളും ഒരുമിച്ച് പങ്കിട്ടവരായിരുന്നു അസ്മിലും മിസ്നയും. ഫുജൈറയിൽ വളർന്ന ഇരുവരും ഓൺലൈനായി ബിസിഎ പഠിച്ചുവരികയായിരുന്നു. സഹോദരിയുടെ മകനായ ഫായിസിനോടും ഇരുവർക്കും ഏറെ സ്നേഹവും അടുപ്പവുമുണ്ടായിരുന്നു.

ബുധനാഴ്ച രാത്രി ഷാർജയിൽ ബന്ധുവിനെ ഇറക്കിയ ശേഷം ഫുജൈറയിലെ താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്. ഫുജൈറ കോടതിക്ക് സമീപം കാർ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂവർക്കും ജീവൻ നഷ്ടപ്പെട്ടു.

അപകടത്തിൽ പരിക്കേറ്റ ആരിഫയും മകൾ ഫർസാനയും മറ്റ് രണ്ട് കുട്ടികളും ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ അപകടനില തരണം ചെയ്തതായി ബന്ധുക്കൾ അറിയിച്ചു. വർഷങ്ങളായി ഫുജൈറയിൽ താമസിക്കുന്ന കുടുംബത്തിന് സംഭവിച്ച ഈ ദുരന്തം പ്രവാസി സമൂഹത്തെയും വേങ്ങരയിലെ ജന്മനാടിനെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi Varthakal - WordPress Theme by WPEnjoy
Exit mobile version