
ഗൾഫ് മേഖലയിൽ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാകുന്നു. ഹോർമൂസ് കടലിടുക്കിൽ കടൽ മൈനുകളിൽ ഇടിച്ച് മൂന്ന് എണ്ണ ടാങ്കറുകൾക്ക് തീപിടിച്ചതായി റിപ്പോർട്ട്. അനധികൃതമായി ഹോർമൂസ് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കപ്പലുകൾ അപകടത്തിൽപ്പെട്ടതെന്ന് ഇറാൻ നാവികസേന അറിയിച്ചു. അതേസമയം, സൗദി തലസ്ഥാനമായ റിയാദിനെ ലക്ഷ്യമിട്ട് ഹൂതികൾ വീണ്ടും ഡ്രോൺ ആക്രമണം നടത്തി. ആക്രമണത്തിനായി അയച്ച രണ്ട് ഡ്രോണുകൾ സഖ്യസേന തകർത്തതായി അധികൃതർ വ്യക്തമാക്കി. ഇതിനിടെ, ഇറാഖിന്റെ വ്യോമാതിർത്തി 72 മണിക്കൂർ അടച്ചിട്ടെന്ന റിപ്പോർട്ടുകൾ സൈന്യം നിഷേധിച്ചു. രാജ്യത്തിന്റെ വ്യോമപാത സാധാരണ നിലയിൽ തുറന്നുകിടക്കുകയാണെന്നും അധികൃതർ അറിയിച്ചു.
അമേരിക്ക–ഇറാൻ സംഘർഷം ആരംഭിച്ചതിനുശേഷം ഗൾഫ് രാജ്യങ്ങൾക്കു നേരെ ഇതുവരെ 7,000 മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതായി ജിസിസി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി വെളിപ്പെടുത്തി. തന്ത്രപ്രധാന കേന്ദ്രങ്ങൾക്കും പാർപ്പിട സമുച്ചയങ്ങൾക്കും നേരെ ആക്രമണമുണ്ടായതായും സൈനികരും സാധാരണക്കാരും ഉൾപ്പെടെ നിരവധി പേർക്ക് ജീവൻ നഷ്ടമായതായും അദ്ദേഹം യുഎൻ സുരക്ഷാ കൗൺസിൽ യോഗത്തിൽ വ്യക്തമാക്കി.