
പശ്ചിമേഷ്യയിലെ സംഘർഷം കടൽമാർഗങ്ങളിലേക്കും വ്യാപിച്ചതോടെ ലോകത്തെ പ്രധാന എണ്ണക്കടത്ത് പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിൽ വീണ്ടും ആശങ്ക. കടലിൽ സ്ഥാപിച്ച മൈനുകളിൽ തട്ടി മൂന്ന് എണ്ണ ടാങ്കറുകൾക്ക് തീപിടിച്ചതായാണ് റിപ്പോർട്ട്. ഇതിന് പിന്നാലെ ഖത്തറിന് സമീപം മറ്റൊരു എണ്ണക്കപ്പലിനു നേരെയും വ്യോമാക്രമണമുണ്ടായി. ഹോർമുസ് കടലിടുക്കിന്റെ വിവിധ ഭാഗങ്ങളിലാണ് കപ്പലുകൾ അപകടത്തിൽപ്പെട്ടത്. ഇറാന്റെ സൈനിക വൃത്തങ്ങളുടെ അറിയിപ്പുകൾ പ്രകാരം, അനുമതിയില്ലാത്ത പാതകളിലൂടെ സഞ്ചരിക്കാൻ ശ്രമിച്ച കപ്പലുകളാണ് മൈനുകളിൽ തട്ടിയത്. എന്നാൽ സംഭവങ്ങളുടെ വിശദാംശങ്ങൾക്കും ഉത്തരവാദിത്തത്തിനും സ്വതന്ത്ര സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ഖത്തറിന്റെ വടക്കൻ തീരത്തുനിന്ന് ഏകദേശം 50 നോട്ടിക്കൽ മൈൽ അകലെ മറ്റൊരു ടാങ്കറിന് നേരെ രണ്ട് അജ്ഞാത വസ്തുക്കൾ പതിച്ചതായി ബ്രിട്ടീഷ് നാവിക നിരീക്ഷണ ഏജൻസിയായ യുകെഎംടിഒ അറിയിച്ചു. ആക്രമണത്തിൽ കപ്പലിന് എത്രത്തോളം നാശനഷ്ടമുണ്ടായെന്നോ ജീവനക്കാർക്ക് പരുക്കേറ്റോയെന്നോ ഉടൻ സ്ഥിരീകരിച്ചിട്ടില്ല. ഹോർമുസ് കടലിടുക്ക് സുരക്ഷിതമല്ലെന്നും കപ്പലുകൾ അതുവഴി സഞ്ചരിക്കരുതെന്നും ഇറാൻ കപ്പൽ കമ്പനികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, സമുദ്രപാതയുടെ സുരക്ഷ ഉറപ്പാക്കാനും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുമായി ഒമാൻ, ഇറാൻ വിദേശകാര്യമന്ത്രിമാർ ചർച്ച നടത്തി. ഇതിനിടെ സൗദിയിലെ മദീന മേഖലയിലേക്ക് ഹൂതികൾ തൊടുത്ത ബാലിസ്റ്റിക് മിസൈലുകൾ സഖ്യസേന ആകാശത്തുവെച്ച് പ്രതിരോധിച്ചതായും റിപ്പോർട്ടുണ്ട്. മേഖലയിൽ സംഘർഷം പല ദിശകളിലേക്ക് വ്യാപിക്കുന്നത് ഗൾഫ് രാജ്യങ്ങളിലും ആശങ്ക വർധിപ്പിക്കുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t