
ദുബായിലുണ്ടായ വാഹനാപകടത്തിൽ ഇടതുകാൽ മുട്ടിന് താഴെ നഷ്ടപ്പെട്ട വർക്കല സ്വദേശിക്ക് 1.7 കോടി രൂപയിലധികം നഷ്ടപരിഹാരം അനുവദിച്ച് ദുബായ് കോടതി. തിരുവനന്തപുരം വർക്കല സ്വദേശി സുധീറിനാണ് ഇൻഷുറൻസ് കമ്പനി വഴി 6,55,341 ദിർഹം (ഏകദേശം 1.7 കോടി രൂപ) ലഭിച്ചത്. അപകടത്തിൽ സ്ഥിരമായ വൈകല്യം സംഭവിച്ചതും തൊഴിൽ ചെയ്യാനുള്ള ശേഷി നഷ്ടപ്പെട്ടതും കണക്കിലെടുത്താണ് കോടതി നഷ്ടപരിഹാരം വർധിപ്പിച്ചത്. 2025 മേയിലാണ് സുധീറിന്റെ ജീവിതം മാറ്റിമറിച്ച അപകടമുണ്ടായത്. അജ്മാനിലെ ജോലിസ്ഥലത്തേക്ക് കമ്പനി വാഹനത്തിൽ സഹപ്രവർത്തകർക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. റോഡരികിലെ നടപ്പാതയിലേക്ക് പാഞ്ഞുകയറിയ വാഹനം വൈദ്യുത പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സുധീറിനെ ജബൽ അലിയിലെ എൻഎംസി റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജീവൻ രക്ഷിക്കാനായി ഡോക്ടർമാർക്ക് ഇടതുകാൽ മുട്ടിന് താഴെ മുറിച്ചുമാറ്റേണ്ടിവന്നു. ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സുധീർ. അപകടത്തെത്തുടർന്ന് ജോലി ചെയ്യാനുള്ള ശേഷി നഷ്ടപ്പെട്ടതും ഭാവിയിലെ വരുമാനമില്ലായ്മയും കുടുംബത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കി. ഇതോടെയാണ് ഇൻഷുറൻസ് കമ്പനിക്കെതിരെ നഷ്ടപരിഹാരത്തിനായി നിയമപോരാട്ടം ആരംഭിച്ചത്.
ആദ്യഘട്ടത്തിൽ 4 ലക്ഷം ദിർഹമാണ് കോടതി നഷ്ടപരിഹാരമായി അനുവദിച്ചത്. എന്നാൽ തുക അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൻ ശംസുദ്ദീൻ കരുനാഗപ്പള്ളിയുടെ നേതൃത്വത്തിൽ അപ്പീൽ നൽകി. തുടർന്ന് ദുബായ് അപ്പീൽ കോടതി നഷ്ടപരിഹാരം 6 ലക്ഷം ദിർഹമായി ഉയർത്തി. കോടതി ചെലവുകൾ ഉൾപ്പെടെ ആകെ 6,55,341 ദിർഹം ഇൻഷുറൻസ് കമ്പനി സുധീറിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറി. എന്നാൽ ലഭിച്ച തുക ജീവിതകാലം മുഴുവൻ നേരിടേണ്ടിവരുന്ന ശാരീരിക ബുദ്ധിമുട്ടുകൾക്കും തൊഴിൽനഷ്ടത്തിനും മതിയാകില്ലെന്നാണ് സുധീറിന്റെയും നിയമസംഘത്തിന്റെയും നിലപാട്. കൂടുതൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ദുബായ് കാസേഷൻ കോടതിയിലേക്ക് കൊണ്ടുപോകാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t