
Abu Dhabi hotel brawl; അബുദാബിയിലെ ഹോട്ടൽ പ്രവേശന കവാടത്തിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് എട്ടുപേരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ വീഡിയോ പകർത്തിയ രണ്ട് പേരെയും പോലീസ് പിടികൂടിയിട്ടുണ്ട്. മുൻപുള്ള തർക്കങ്ങളാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു. സംഭവം നടന്നയുടൻ പ്രത്യേക പോലീസ് സംഘം സ്ഥലത്തെത്തുകയും അക്രമികളായവരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും, നിയമം പാലിക്കാൻ ജനങ്ങൾ തയ്യാറാകണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെങ്കിലും, യു.എഫ്.സി താരങ്ങളായ മെറാബ് ദ്വാലിഷ്വിലിയും ഉസ്മാൻ നൂർമാഗോമെദോവും തമ്മിൽ ഹോട്ടലിന് മുന്നിൽ വെച്ച് നടന്ന സംഘർഷത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് ഈ അറസ്റ്റ് നടന്നത്. അബുദാബിയിൽ നടക്കുന്ന റിയൽ അമേരിക്കൻ ഫ്രീസ്റ്റൈൽ ഇവന്റിനായി എത്തിയതായിരുന്നു ഇരുവരും. ശനിയാഴ്ച ബ്രസീലിയൻ താരം മാർലോൺ മൊറായസിനെതിരെ മത്സരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ദ്വാലിഷ്വിലി. സഹോദരൻ ഉമറിന്റെ മത്സരത്തിന് പിന്തുണ നൽകാനാണ് ഉസ്മാൻ നൂർമാഗോമെദോവ് എത്തിയത്. പുറത്തുവന്ന വീഡിയോയിൽ, ദ്വാലിഷ്വിലിക്ക് പിന്നിലൂടെയെത്തിയ ഉസ്മാൻ നൂർമാഗോമെദോവ് സംസാരിച്ച ശേഷം അദ്ദേഹത്തിന്റെ മുഖത്തടിക്കുന്നത് കാണാം. തുടർന്ന് ഇരുവർക്കും ഒപ്പമുണ്ടായിരുന്നവരും തമ്മിൽ സംഘർഷമുണ്ടായി. സംഭവത്തിന് ശേഷം ദ്വാലിഷ്വിലി പുറത്തുവിട്ട വീഡിയോയിൽ നൂർമാഗോമെദോവിനെയും സംഘത്തെയും ‘പാമ്പുകൾ’ എന്ന് വിശേഷിപ്പിക്കുകയും, പിന്നിൽ നിന്ന് ആക്രമിച്ചുവെന്ന് ആരോപിക്കുകയും ചെയ്തു. പരിക്കേറ്റ മുഖവുമായി സംസാരിച്ച അദ്ദേഹം, ഇത് ഒളിയാക്രമണമാണെന്നും യഥാർത്ഥ പോരാളികൾ ഒരിക്കലും ഇങ്ങനെ ചെയ്യില്ലെന്നും വ്യക്തമാക്കി. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t