
കുവൈത്തിലേക്ക് യാത്ര ചെയ്യുന്നവർക്കും രാജ്യത്തിന് പുറത്തേക്ക് പോകുന്നവർക്കുമായി ആഭ്യന്തര മന്ത്രാലയം ‘സഹേൽ’ (Sahel) ആപ്പിൽ പുതിയ ഇലക്ട്രോണിക് അറിയിപ്പ് സംവിധാനം ഏർപ്പെടുത്തി. കര, വ്യോമ, സമുദ്ര അതിർത്തികൾ വഴി സഞ്ചരിക്കുന്ന സ്വദേശികൾക്കും പ്രവാസികൾക്കും യാത്ര സംബന്ധിച്ച വിവരങ്ങൾ കൃത്യമായി ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് ഈ പരിഷ്കാരം.യാത്രക്കാരുടെ യാത്രകൾ കൂടുതൽ സുഗമമാക്കുന്നതിനൊപ്പം അത്യാവശ്യ ഘട്ടങ്ങളിൽ സർക്കാർ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാനും പുതിയ ഫീച്ചറിലൂടെ സാധിക്കും.
പുതിയ സംവിധാനത്തിലെ പ്രധാന സവിശേഷതകൾ
രാജ്യം വിടുമ്പോൾ: അടിയന്തര യാത്രാരേഖകൾ (Emergency Travel Documents) എളുപ്പത്തിൽ സ്വന്തമാക്കാനും, എംബസി/കോൺസുലാർ കോൾ സെന്ററുകളുമായി നേരിട്ട് ബന്ധപ്പെടാനുമുള്ള സൗകര്യം.
രാജ്യത്തേക്ക് പ്രവേശിക്കുമ്പോൾ
കസ്റ്റംസ് ഡിക്ലറേഷൻ വളരെ വേഗത്തിൽ സമർപ്പിക്കാം. കൂടാതെ, യാത്രയ്ക്കിടെ ബാഗേജുകൾ നഷ്ടപ്പെട്ടാൽ ആപ്പിലൂടെ തന്നെ ഉടനടി പരാതി നൽകാനും സാധിക്കും.
പിഴവുകൾ തിരുത്താം: യാത്രാ വിവരങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള തെറ്റുകളോ പൊരുത്തക്കേടുകളോ ഉണ്ടെങ്കിൽ, അത് ഉടനടി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി തിരുത്താനുള്ള സൗകര്യവും ആപ്പിലുണ്ട്.
യാത്രയുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ ഒഴിവാക്കാനും, വിവിധ സർക്കാർ ഓഫിസുകൾ കയറിയിറങ്ങാതെ സേവനങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാക്കാനും സഹായിക്കുന്നതാണ് സഹേൽ ആപ്പിലെ ഈ പുതിയ സംവിധാനം.