5,000 വർഷം പഴക്കമുള്ള ചരിത്രം കുവൈത്തിൽ തെളിഞ്ഞു; ആയിരക്കണക്കിന് പുരാതന ശവകുടീരങ്ങൾ

കുവൈത്തിന്റെ മണ്ണിനടിയിൽ ഒളിഞ്ഞിരുന്നത് ആയിരക്കണക്കിന് വർഷം പഴക്കമുള്ള ചരിത്രം. സുബിയ മേഖലയിൽ നടത്തിയ പുരാവസ്തു ഗവേഷണത്തിലാണ് ഏകദേശം ആയിരത്തോളം പുരാതന ശവകുടീരങ്ങൾ കണ്ടെത്തിയത്. ചില ശവകുടീരങ്ങൾക്ക് 5,000 വർഷത്തിലേറെ പഴക്കമുണ്ടെന്നാണ് പുരാവസ്തു ഗവേഷകൻ ഡോ. സുൽത്താൻ അൽ ദുവൈഷ് വ്യക്തമാക്കിയത്. വ്യത്യസ്ത കാലഘട്ടങ്ങളിൽ കുവൈത്തിൽ ജീവിച്ചിരുന്ന ജനവിഭാഗങ്ങളുടെ ജീവിതരീതികളിലേക്കും മതവിശ്വാസങ്ങളിലേക്കും ശവസംസ്കാര രീതികളിലേക്കും വെളിച്ചം വീശുന്നതാണ് ഈ കണ്ടെത്തൽ. ശവകുടീരങ്ങളുടെ നിർമ്മാണത്തിലും വാസ്തുവിദ്യയിലും പ്രകടമായ വൈവിധ്യവും ഗവേഷകരുടെ ശ്രദ്ധ നേടിയിട്ടുണ്ട്. ചില ശവകുടീരങ്ങളുടെ മധ്യഭാഗത്ത് ഓവൽ ആകൃതിയിലുള്ള ശവസംസ്കാര മുറിയും അതിന് ചുറ്റുമായി വൃത്താകൃതിയിലുള്ള കൽമതിലുമുണ്ട്. ഇത്തരം മതിലുകൾക്ക് 15 മീറ്റർ വരെ വ്യാസമുണ്ടെന്നാണ് കണ്ടെത്തൽ. മണൽക്കാറ്റിൽനിന്നും മോഷണത്തിൽനിന്നും ശവകുടീരങ്ങളെ സംരക്ഷിക്കാനായിരിക്കാം ഈ പ്രത്യേക നിർമ്മാണരീതി ഉപയോഗിച്ചതെന്നാണ് വിലയിരുത്തൽ. വലിപ്പമേറിയ ശവകുടീരങ്ങൾ അക്കാലത്തെ പ്രമാണിമാരുടേതായിരിക്കാമെന്നും ഗവേഷകർ കരുതുന്നു.

കണ്ടെത്തിയ ശവകുടീരങ്ങളിൽ പലതും ക്രിസ്തുവിന് മുമ്പ് 2500 മുതൽ 1500 വരെയുള്ള വെങ്കലയുഗത്തിൽ ഉപയോഗിച്ചിരുന്നതാണ്. എന്നാൽ അതിനും മുമ്പുള്ള കാലഘട്ടങ്ങളിലെ പുരാവസ്തു അവശിഷ്ടങ്ങളും ഇവിടെനിന്ന് ലഭിച്ചിട്ടുണ്ട്. ഉബൈദ് സംസ്കാരകാലത്തേതുൾപ്പെടെയുള്ള പുരാവസ്തുക്കൾ കണ്ടെത്തിയതും ഏറെ പ്രാധാന്യമർഹിക്കുന്നു. ശവകുടീരങ്ങളിൽനിന്ന് ലഭിച്ച വിലപിടിപ്പുള്ള ആഭരണങ്ങളും മറ്റ് വസ്തുക്കളും അക്കാലത്തെ ജനങ്ങളുടെ മതവിശ്വാസങ്ങളെയും സാമൂഹിക ജീവിതത്തെയും കുറിച്ച് നിർണായക വിവരങ്ങൾ നൽകുന്നു. പ്രത്യേക പ്രാധാന്യമുള്ള എട്ട് ശവകുടീരങ്ങൾക്കൊപ്പം കുട്ടികളുടേതെന്ന് കരുതപ്പെടുന്ന മറ്റൊരു ശവകുടീരവും കണ്ടെത്തിയിട്ടുണ്ട്.

പുരാതന കര-കടൽ വ്യാപാരപാതകളുടെ സമീപത്താണ് ഈ ശവകുടീരങ്ങൾ സ്ഥിതി ചെയ്യുന്നത്. കുവൈത്ത് ഉൾക്കടലിന്റെ തീരപ്രദേശങ്ങളിലുണ്ടായിരുന്ന ജലസ്രോതസ്സുകളും കിണറുകളും ഇവിടെ പുരാതന മനുഷ്യവാസ കേന്ദ്രങ്ങൾ രൂപപ്പെടാൻ സഹായിച്ചിരിക്കാമെന്നും അൽ ദുവൈഷ് പറഞ്ഞു. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പുതന്നെ കുവൈത്തിൽ വ്യാപാരത്തിലും സംസ്കാരത്തിലും മുന്നേറിയ സമൂഹങ്ങൾ ജീവിച്ചിരുന്നുവെന്നതിന്റെ ശക്തമായ ചരിത്രതെളിവുകളാണ് സുബിയയിലെ ഈ പുരാവസ്തു കണ്ടെത്തലുകളെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi Varthakal - WordPress Theme by WPEnjoy
Exit mobile version