
യുഎഇയിലെ റോഡ് ഗതാഗത മേഖലയിൽ അടിമുടി മാറ്റങ്ങളുമായി പുതിയ ഫെഡറൽ ട്രാഫിക് നിയമം. 2027 ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന കാബിനറ്റ് തീരുമാനം നമ്പർ 174/2026 പ്രകാരം ഇലക്ട്രിക് സ്കൂട്ടർ ഉപയോഗം, ഡ്രൈവിങ് പരിശീലനം, ലൈസൻസ് പുതുക്കൽ, കുട്ടികളുടെ സുരക്ഷ, ഡെലിവറി റൈഡർമാരുടെ യാത്ര എന്നിവയിൽ പുതിയ നിയന്ത്രണങ്ങൾ നിലവിൽ വരും.
ഇ-സ്കൂട്ടർ ഉപയോഗത്തിന് പെർമിറ്റ് നിർബന്ധം
ഇലക്ട്രിക് സ്കൂട്ടറുകൾ, ഇലക്ട്രിക് ബൈക്കുകൾ, ചെറിയ മോട്ടോർ സൈക്കിളുകൾ എന്നിവ ഉപയോഗിക്കുന്നതിന് മൂന്ന് വർഷം കാലാവധിയുള്ള പെർമിറ്റ് നിർബന്ധമാക്കും. ഇതിനായി അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായം 15 വയസ്സാണ്. രാത്രിയിൽ യാത്ര ചെയ്യുന്ന വാഹനങ്ങളിൽ ഹെഡ്ലൈറ്റ്, റിയർ ലൈറ്റ്, ബ്രേക്ക് ലൈറ്റ്, ഹോൺ, കാര്യക്ഷമമായ ബ്രേക്കിങ് സംവിധാനം എന്നിവയും ഉണ്ടായിരിക്കണം.
ഒമ്പത് മണിക്കൂറിൽ കൂടുതൽ ഡ്രൈവിങ് പാടില്ല
24 മണിക്കൂറിനുള്ളിൽ പരമാവധി ഒമ്പത് മണിക്കൂർ മാത്രമേ വാഹനം ഓടിക്കാൻ അനുവാദമുള്ളൂ. നിശ്ചിത സമയപരിധി പൂർത്തിയാകുന്നതിന് മുമ്പ് തന്നെ ക്ഷീണമോ തളർച്ചയോ അനുഭവപ്പെട്ടാൽ ഡ്രൈവിങ് തുടരാനും പാടില്ലെന്ന് നിയമം വ്യക്തമാക്കുന്നു.
ലേണർ പെർമിറ്റിന് ആറുമാസം മാത്രം
പുതിയ വ്യവസ്ഥപ്രകാരം ലേണർ പെർമിറ്റിന്റെ പരമാവധി കാലാവധി ആറുമാസമായിരിക്കും. അതേസമയം, കാലാവധി കഴിഞ്ഞ് പത്ത് വർഷത്തിലധികമായ ഡ്രൈവിങ് ലൈസൻസുകൾ പുതുക്കുന്നതിന് ബന്ധപ്പെട്ട അധികൃതരുടെ നിർദേശപ്രകാരം തിയറി, പ്രാക്ടിക്കൽ പരീക്ഷകൾ വിജയിക്കേണ്ടിവരും.
കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല
നാലുവയസ്സോ അതിൽ താഴെയോ പ്രായമുള്ള കുട്ടികൾക്ക് ഉയരത്തിനും ഭാരത്തിനും അനുയോജ്യമായ ചൈൽഡ് സേഫ്റ്റി സീറ്റ് നിർബന്ധമാക്കി. പിൻസീറ്റുകളില്ലാത്ത വാഹനങ്ങളിൽ എയർബാഗ് പ്രവർത്തനരഹിതമാക്കിയ ശേഷം മുൻസീറ്റിൽ എതിർദിശയിൽ സ്ഥാപിക്കുന്ന ചൈൽഡ് സീറ്റ് ഉപയോഗിക്കാമെന്നും ചട്ടത്തിൽ പറയുന്നു.
ഡെലിവറി റൈഡർമാർക്കും പുതിയ നിയന്ത്രണങ്ങൾ
ഡെലിവറി സാധനങ്ങൾ കൊണ്ടുപോകുന്നതിനായി ഒന്നിനു മുകളിൽ ഒന്നായി ബാഗുകൾ ധരിക്കുന്ന രീതി നിരോധിച്ചു. അംഗീകൃത ലോഡിങ് സംവിധാനങ്ങൾ മാത്രമേ ഉപയോഗിക്കാവൂ. ഡെലിവറി മോട്ടോർസൈക്കിളുകളിൽ റൈഡറുടെ പിന്നിൽ യാത്രക്കാരെ കൊണ്ടുപോകുന്നതിനും നിയന്ത്രണങ്ങളുണ്ടാകും.
റെസിഡൻഷ്യൽ മേഖലകളിൽ 40 കിലോമീറ്റർ
ആന്തരിക താമസമേഖലകളിൽ പരമാവധി വേഗപരിധി മണിക്കൂറിൽ 40 കിലോമീറ്ററായി തുടരും. കൂടാതെ, റെഡ് സിഗ്നൽ തെളിയുമ്പോൾ കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കരുതെന്നും പുതിയ നിയമം വ്യക്തമാക്കുന്നു. പുതിയ വ്യവസ്ഥകൾ റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ്. നിയമലംഘനങ്ങൾ ഒഴിവാക്കാൻ ഡ്രൈവർമാരും ഡെലിവറി ജീവനക്കാരും ഉൾപ്പെടെ എല്ലാ റോഡ് ഉപയോക്താക്കളും പുതിയ ചട്ടങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t