
വാഹനങ്ങളുടെ സമഗ്ര ഇൻഷുറൻസ് പോളിസികളിൽ ഉപഭോക്താക്കൾക്ക് കൂടുതൽ സംരക്ഷണം ഉറപ്പാക്കുന്ന നിർണായക പരിഷ്കാരങ്ങളുമായി കുവൈത്ത്. പോളിസി എടുത്തുകഴിഞ്ഞാൽ ഇൻഷുറൻസ് കമ്പനികൾക്ക് ഏകപക്ഷീയമായി വാഹനത്തിന്റെ മൂല്യം കുറയ്ക്കാനോ നഷ്ടപരിഹാരത്തുക വെട്ടിക്കുറയ്ക്കാനോ കഴിയില്ല. ഇൻഷുറൻസ് മേഖലയിലെ സുതാര്യത വർധിപ്പിക്കാനും ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാനുമായി ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റാണ് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റ് സുപ്രീം കമ്മിറ്റി ചെയർമാൻ മുഹമ്മദ് സുലൈമാൻ അൽ ഒതൈബിയുടെ 2026-ലെ 53-ാം നമ്പർ തീരുമാനപ്രകാരമാണ് പുതിയ വ്യവസ്ഥകൾ. പോളിസി എടുക്കുന്ന സമയത്ത് കമ്പനിയും ഉപഭോക്താവും തമ്മിൽ അംഗീകരിച്ച വാഹനമൂല്യമായിരിക്കും അപകടമുണ്ടായാൽ നഷ്ടപരിഹാരം കണക്കാക്കുന്നതിനുള്ള അടിസ്ഥാനം. അപകടം സംഭവിക്കുന്ന സമയത്തെ വിപണിവില ചൂണ്ടിക്കാട്ടി വാഹനത്തിന്റെ മൂല്യം കുറയ്ക്കാൻ ഇനി കമ്പനികൾക്ക് സാധിക്കില്ല.
പുതിയ പരിഷ്കാരത്തിന്റെ ഭാഗമായി യോഗ്യതയുള്ള ഇൻഷുറൻസ് കമ്പനികൾ 90 ദിവസത്തിനുള്ളിൽ സമഗ്ര ഇൻഷുറൻസ് പോളിസികളിൽ ക്യുആർ കോഡ് ഉൾപ്പെടുത്തണം. ഓരോ പോളിസിക്കും പ്രത്യേക ഡിജിറ്റൽ രേഖയും ക്യുആർ കോഡും ഉണ്ടായിരിക്കും. പോളിസിയിലെ വ്യവസ്ഥകളിലോ വാചകങ്ങളിലോ അവ്യക്തതയുണ്ടെങ്കിൽ അതിന്റെ വ്യാഖ്യാനം ഇൻഷുറൻസ് എടുത്ത വ്യക്തിക്ക് അനുകൂലമായിരിക്കണമെന്നും പുതിയ ചട്ടം വ്യക്തമാക്കുന്നു. പോളിസി നൽകുന്നതിന് മുമ്പ് വാഹനം പരിശോധിച്ച് ചിത്രങ്ങൾ പകർത്തണം. വാഹനം അംഗീകൃത ഡീലർഷിപ്പിലാണോ വർക്ക്ഷോപ്പിലാണോ അറ്റകുറ്റപ്പണി നടത്തേണ്ടതെന്ന് പോളിസിയിൽ വ്യക്തമായി രേഖപ്പെടുത്തുകയും പരിശോധനാ റിപ്പോർട്ടിന്റെ പകർപ്പ് ഉപഭോക്താവിന് കൈമാറുകയും വേണം.
പോളിസി റദ്ദാക്കുന്ന സാഹചര്യത്തിൽ ഉപയോഗിക്കാത്ത കാലയളവിന്റെ പ്രീമിയം തുക ഉപഭോക്താവിന് തിരികെ നൽകണം. ഇൻഷുറൻസ് കമ്പനിയായാലും ഉപഭോക്താവായാലും രേഖാമൂലമുള്ള നടപടികളിലൂടെ മാത്രമേ പോളിസി റദ്ദാക്കാൻ കഴിയൂ. കൂടാതെ, സാങ്കേതികമോ സാമ്പത്തികമോ ആയ കാരണങ്ങളാൽ ഒരു വാഹനത്തെ പൂർണമായും തകർന്നതായി (Total Loss) കണക്കാക്കുന്നതിനുള്ള വ്യക്തമായ മാനദണ്ഡങ്ങളും പുതിയ ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇൻഷുറൻസ് സംബന്ധമായ തർക്കങ്ങൾ കുറയ്ക്കുന്നതിനും നഷ്ടപരിഹാര നടപടികളിൽ കൂടുതൽ വ്യക്തത ഉറപ്പാക്കുന്നതിനുമാണ് പരിഷ്കാരങ്ങൾ.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ENPscRffOwo5x6O0PjsEUa?s=cl&p=a&ilr=1
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് ആകാശത്ത് മിസൈൽ ആക്രമണം; 24 മണിക്കൂറിനിടെ 5 ബാലിസ്റ്റിക് മിസൈലുകളും 7 ഡ്രോണുകളും വെടിവെച്ചിട്ട് വ്യോമപ്രതിരോധ സേന
കുവൈറ്റിന്റെ ആകാശപരിധി ലക്ഷ്യമിട്ടെത്തിയ വൻ വ്യോമാക്രമണ ശ്രമങ്ങളെ രാജ്യം വിജയകരമായി പ്രതിരോധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് ബാലിസ്റ്റിക് മിസൈലുകളെയും ഏഴ് ഡ്രോണുകളെയുമാണ് കുവൈറ്റ് വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകർത്തത്. ശത്രുരാജ്യങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പ്രകോപനങ്ങളെ അതിശക്തമായ രീതിയിൽ നേരിടാൻ രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങൾക്ക് സാധിച്ചു എന്നത് സൈന്യത്തിന്റെ കരുത്ത് തെളിയിക്കുന്ന ഒന്നായി മാറി. രാജ്യത്തെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളെയും ജനവാസ മേഖലകളെയും ലക്ഷ്യമാക്കിയാണ് ഈ ആക്രമണങ്ങൾ ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ അത്യാധുനികമായ റഡാർ സംവിധാനങ്ങളും മിസൈൽ പ്രതിരോധ കവചങ്ങളും കൃത്യസമയത്ത് പ്രവർത്തിച്ചതോടെ വലിയൊരു ദുരന്തമാണ് ഒഴിവായത്. വെടിവെച്ചിട്ട മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങൾ വിജനമായ പ്രദേശങ്ങളിൽ വീണതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ കുവൈറ്റ് സൈന്യം അതീവ ജാഗ്രതയിലാണ്. ഏത് തരത്തിലുള്ള അപ്രതീക്ഷിത ആക്രമണങ്ങളെയും നേരിടാൻ രാജ്യം സുസജ്ജമാണെന്ന് സൈനിക വക്താവ് അറിയിച്ചു. അതിർത്തികളിലും ആകാശപരിധിയിലും നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം ശ്രദ്ധിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. വരും ദിവസങ്ങളിലും സുരക്ഷാ പരിശോധനകളും നിരീക്ഷണങ്ങളും കർശനമായി തുടരാനാണ് പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ENPscRffOwo5x6O0PjsEUa?s=cl&p=a&ilr=1