യാത്രക്കാർ ശ്രദ്ധിക്കുക; യുഎഇയില്‍ നിന്ന് ഈ രാജ്യങ്ങളിലേക്ക് വിമാനസർവീസുകൾക്ക് വിലക്ക്

സൗദി അറേബ്യയിലെ ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലെ വിമാന സർവീസുകൾക്ക് വ്യാപക തടസ്സം. സുരക്ഷാ ആശങ്കകളെ തുടർന്ന് നവംബർ 9 തിങ്കളാഴ്ച സൗദിയിലേക്കും നെയ്‌റോബിയിലേക്കുമുള്ള നിരവധി സർവീസുകൾ റദ്ദാക്കിയപ്പോൾ, ദുബായ്, അബുദാബി, ഷാർജ വിമാനത്താവളങ്ങളിൽ നിന്നുള്ള ഒട്ടേറെ വിമാനങ്ങൾ മണിക്കൂറുകളോളം വൈകി.

റിയാദ്, ദമ്മാം എന്നിവിടങ്ങളിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഇത്തിഹാദ് എയർവേയ്‌സ് നവംബർ 19 വരെ റിയാദ്, ദമ്മാം സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. അതേസമയം നവംബർ 6 മുതൽ ജെദ്ദയിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ചു. ഫ്ലൈദുബായ് ദമ്മാം സർവീസുകൾ നവംബർ 10 വരെയും അഭാ, റിയാദ് സർവീസുകൾ നവംബർ 17 വരെയും റദ്ദാക്കിയിട്ടുണ്ട്.

ഫ്ലൈനാസ്, റിയാദ് എയർ, മനില ആസ്ഥാനമായ സെബു പസഫിക്, കെനിയ എയർവേയ്‌സ് എന്നിവയുടെ തിങ്കളാഴ്ചത്തെ നിരവധി സർവീസുകളും റദ്ദാക്കിയതായി റിപ്പോർട്ടുണ്ട്.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എമിറേറ്റ്സ്, ഫ്ലൈദുബായ്, ഒമാൻ എയർ, സ്പൈസ് ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികളുടെ നിരവധി സർവീസുകൾ വൈകിയാണ് പുറപ്പെട്ടതും എത്തിയതും. അഹമ്മദാബാദ്, ന്യൂഡൽഹി എന്നിവിടങ്ങളിലേക്കുള്ള സ്പൈസ് ജെറ്റ് സർവീസുകൾക്കും സെന്റ് പീറ്റേഴ്‌സ്ബർഗ്, മിൻസ്‌ക്, ദാർ എസ് സലാം എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്കും കാര്യമായ വൈകലുണ്ടായി.

അബുദാബി വിമാനത്താവളത്തിലും സർവീസുകൾ വൈകി. ടെൽ അവീവിൽ നിന്നുള്ള ഇത്തിഹാദ് വിമാനങ്ങൾക്കും കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള എയർ അറേബ്യ വിമാനങ്ങൾക്കും കാലതാമസം നേരിട്ടു. ഷാർജയിൽ പെഷാവർ, തിരുവനന്തപുരം, കൊളംബോ എന്നിവിടങ്ങളിൽ നിന്നുള്ള എയർ അറേബ്യ സർവീസുകളും വൈകിയാണ് സർവീസ് നടത്തിയത്. വിമാന സർവീസുകളുടെ സമയക്രമത്തിൽ അവസാന നിമിഷം വരെ മാറ്റം വരാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ പുറപ്പെടുന്നതിന് മുമ്പ് ബന്ധപ്പെട്ട എയർലൈനിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi Varthakal - WordPress Theme by WPEnjoy