ഗൾഫ് മേഖലയിൽ മഞ്ഞുരുകുന്നു; ഭിന്നതകൾ പരിഹരിക്കാൻ തയ്യാറെന്ന് ഇറാൻ, നയതന്ത്ര നീക്കം തുടരാൻ ധാരണ

എട്ടു മാസത്തിലേറെയായി തുടരുന്ന ഗൾഫ് മേഖലയിലെ സംഘർഷങ്ങൾക്ക് അയവുവരുത്താൻ മക്ക സംയുക്ത പ്രതിരോധ സഖ്യവും ഇറാനും തമ്മിൽ ധാരണ. തിങ്കളാഴ്ച ഇറാൻ തലസ്ഥാനമായ തെഹ്‌റാനിൽ നടന്ന ഉന്നതതല യോഗത്തിൽ ഇരുവിഭാഗവും സമാധാന ചർച്ചകൾ തുടരാൻ തീരുമാനിച്ചു. മേഖലയിലെ സംഘർഷാവസ്ഥ ലഘൂകരിക്കാനും പരസ്പര സുരക്ഷയും സഹകരണവും വർധിപ്പിക്കാനുമാണ് സൗദി അറേബ്യ, പാകിസ്താൻ, തുർക്കി, ഇറാൻ എന്നീ രാജ്യങ്ങൾ ധാരണയിലെത്തിയത്. കഴിഞ്ഞ ഓഗസ്റ്റിൽ രൂപീകരിച്ച ‘മക്ക സംയുക്ത പ്രതിരോധ കരാറിലെ’ അംഗരാജ്യങ്ങളുടെ പ്രതിനിധികളാണ് ചർച്ചയ്ക്കായി ഇറാനിലെത്തിയത്. സൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ, പാകിസ്താൻ സൈനിക മേധാവി ജനറൽ അസിം മുനീർ, തുർക്കി ഇന്റലിജൻസ് മേധാവി ഇബ്രാഹിം കലീൻ എന്നിവരാണ് സഖ്യത്തെ പ്രതിനിധീകരിച്ചത്. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്സെൻ റെസായി എന്നിവരുമായാണ് പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തിയത്. മേഖലാതലത്തിലും അന്തർദേശീയ തലത്തിലും സംവാദങ്ങളിലൂടെ സമാധാനം പുനഃസ്ഥാപിക്കാനുള്ള സൗദി അറേബ്യയുടെ നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് സന്ദർശനമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നയതന്ത്ര തലത്തിലുള്ള പ്രശ്നപരിഹാരങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. മേഖലയുടെ സുരക്ഷ ശക്തമാക്കുന്ന എല്ലാ നീക്കങ്ങൾക്കും ഇറാൻ പൂർണ്ണ പിന്തുണ നൽകുമെന്ന് പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ വ്യക്തമാക്കി. പരസ്പര സഹകരണത്തിലൂടെ നിലവിലെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ തെഹ്‌റാൻ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു.
ചർച്ചകൾ അത്യന്തം വിജയകരമായിരുന്നുവെന്നും ഗൾഫ് മേഖലയിൽ പുതിയൊരു രാഷ്ട്രീയ-സമാധാന അന്തരീക്ഷം രൂപപ്പെടുന്നതായി അനുഭവപ്പെടുന്നുണ്ടെന്നും ഇറാന്റെ സുരക്ഷാ മേധാവി മൊഹ്സെൻ റെസായി പറഞ്ഞു. ഖത്തറും പാകിസ്താനും നടത്തുന്ന മധ്യസ്ഥ ശ്രമങ്ങൾക്ക് ഈ ചർച്ചകൾ വലിയ കരുത്തുപകരുമെന്നാണ് വിലയിരുത്തൽ. പ്രശ്നത്തിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ കക്ഷികളും സമാധാന നീക്കങ്ങളോട് അനുകൂലമായി പ്രതികരിക്കുമെന്നാണ് സൗദി സഖ്യത്തിന്റെ പ്രതീക്ഷ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *