ഫോണിലേക്ക് വരുന്ന ആ സന്ദേശം വിശ്വസിക്കരുത്; ജോലി തെരയുന്ന പ്രവാസികൾക്ക് മുന്നറിയിപ്പ്

പാർട്ട് ടൈം ജോലി തിരയുന്ന ഉദ്യോഗാർത്ഥികളെ കെണിയിൽ വീഴ്ത്തി സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്ന തട്ടിപ്പ് സംഘങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ദുബായ് പോലീസ്. വ്യക്തിഗത ബാങ്ക് അക്കൗണ്ടുകൾ വഴി പണം സ്വീകരിച്ച് മറ്റ് അക്കൗണ്ടുകളിലേക്ക് അയച്ചു നൽകിയാൽ ഉയർന്ന കമ്മിഷൻ നൽകുമെന്ന വാഗ്ദാനം വൻ ചതിക്കുഴിയാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഇത്തരം കെണികളിൽ അകപ്പെടുന്നതിലൂടെ അറിയാതെ തന്നെ ക്രിമിനൽ കുറ്റകൃത്യങ്ങളിലെ സാമ്പത്തിക ഇടപാടുകളിൽ പങ്കാളികളാകാൻ സാധ്യതയുണ്ടെന്നും പോലീസ് ഓർമ്മിപ്പിച്ചു. കൂടുതൽ വരുമാനം വാഗ്ദാനം ചെയ്യുന്ന വ്യാജ തൊഴിൽ പരസ്യങ്ങൾ നൽകിയാണ് തട്ടിപ്പുകാർ ആളുകളെ ആകർഷിക്കുന്നത്. ജോലിയുടെ പേരുപറഞ്ഞ് അക്കൗണ്ട് വിവരങ്ങളും ഒറ്റത്തവണ പാസ്‌വേഡുകളും ചോർത്താൻ സൈബർ കുറ്റവാളികൾ ശ്രമിക്കുന്നുണ്ട്. ജോലി ഉറപ്പാക്കുന്നതിനായി മുൻകൂറായി പണം ആവശ്യപ്പെടുന്നതും, സംശയകരമായ ലിങ്കുകൾ അയച്ചു നൽകുന്നതും തട്ടിപ്പിന്റെ പ്രധാന ലക്ഷണങ്ങളാണ്. കമ്പനിയുടെ നിയമസാധുതയും ഔദ്യോഗിക വിവരങ്ങളും സർക്കാരിന്റെ അംഗീകൃത മാർഗ്ഗങ്ങളിലൂടെ പൂർണ്ണമായും ഉറപ്പുവരുത്താതെ ഒരു തൊഴിൽ വാഗ്ദാനവും സ്വീകരിക്കരുത്. തൊഴിൽ വാഗ്ദാനങ്ങളുമായി ബന്ധപ്പെട്ട് സംശയകരമായ പരസ്യങ്ങളോ ലിങ്കുകളോ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് പോലീസിന്റെ ‘ഇ-ക്രൈം’ (e-Crime) പോർട്ടൽ വഴിയോ 901 എന്ന ഹെൽപ്പ് ലൈൻ നമ്പറിലൂടെയോ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യണമെന്ന് പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *