​Indian Consulate; ഗൾഫിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ മടക്കയാത്ര വേഗത്തിലാക്കി കോൺസുലേറ്റ്; ആശങ്ക വേണ്ടെന്ന് അധികൃതർ

Indian Consulate; വിമാന സർവീസുകൾ റദ്ദാക്കിയതിനെത്തുടർന്ന് സൗദി അറേബ്യയിൽ കുടുങ്ങിയ ഉംറ തീർഥാടകർക്ക് സഹായവുമായി ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ്. സൗദിയിൽ കുടുങ്ങിയ ഏകദേശം 4,000 ഇന്ത്യൻ തീർഥാടകരിൽ 3,000 പേരെ ഇതിനകം നാട്ടിലെത്തിച്ചതായി അധികൃതർ അറിയിച്ചു. ശേഷിക്കുന്ന തീർഥാടകരെയും എത്രയും വേഗം തിരിച്ചെത്തിക്കാനുള്ള നടപടികൾ ഊർജിതമാക്കി. ഉംറ വീസയ്ക്ക് മൂന്നുമാസത്തെ കാലാവധിയുള്ളതിനാൽ, വിമാന സർവീസുകൾ റദ്ദാക്കപ്പെട്ടതുമൂലം കൂടുതൽ ദിവസം തങ്ങേണ്ടി വരുന്നത് തീർഥാടകർക്ക് പിഴ ബാധ്യതയുണ്ടാക്കില്ലെന്ന് കോൺസുലേറ്റ് വ്യക്തമാക്കി. വീസ കാലാവധി അവസാനിച്ചവർക്കും പിഴയില്ലാതെ മടങ്ങാനുള്ള പ്രത്യേക സംവിധാനം സൗദി അധികൃതർ ഒരുക്കിയിട്ടുണ്ട്.

കോൺസുലേറ്റിന്റെ ഇടപെടലുകൾ

  • യാത്രാ സൗകര്യം: സൗദിയ, ഗൾഫ് എയർ, ഒമാൻ എയർ, സലാം എയർ തുടങ്ങിയ വിമാനക്കമ്പനികളുമായി സഹകരിച്ച് കണക്ഷൻ ഫ്ലൈറ്റുകൾ വഴിയുള്ള മടക്കയാത്ര ഉറപ്പാക്കുന്നു.
  • സഹായ കേന്ദ്രങ്ങൾ: ജിദ്ദയിലും മക്കയിലുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ വഴി തീർഥാടകർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നു.
  • പരാതി പരിഹാരം: ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് സൗദി ഹജ്-ഉംറ മന്ത്രാലയത്തിന്റെ പിൽഗ്രിം കെയർ സെന്ററിൽ (നമ്പർ: 1966) പരാതിപ്പെടാം.
  • ഭക്ഷണവും മരുന്നും: കെഎംസിസി ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ മരുന്നുകളും ഭക്ഷണവും തീർഥാടകർക്ക് എത്തിച്ചു നൽകുന്നുണ്ട്.

യാത്രക്കാർ ശ്രദ്ധിക്കാൻ

ടിക്കറ്റ് റീഫണ്ട്, പുതിയ ടിക്കറ്റ് ബുക്കിങ്, ബദൽ യാത്രാ മാർഗങ്ങൾ എന്നിവയ്ക്കായി തീർഥാടകർ തങ്ങളുടെ ട്രാവൽ ഏജന്റുമാരുമായും ബന്ധപ്പെട്ട വിമാനക്കമ്പനികളുമായും നിരന്തരം ബന്ധപ്പെടണമെന്ന് കോൺസുലേറ്റ് നിർദ്ദേശിച്ചു.

സഹായത്തിന് ബന്ധപ്പെടാവുന്ന നമ്പറുകൾ

ഇന്ത്യൻ കോൺസുലേറ്റ് ഹെൽപ് ലൈൻ: +966 55 3646966
സന്നദ്ധ സേവനങ്ങൾക്ക് (കെഎംസിസി): +966 50 2336683

ചില ഉംറ ഏജൻസികൾ സ്വന്തം നിലയ്ക്ക് ടിക്കറ്റെടുത്ത് മടങ്ങാനും, പിന്നീട് പഴയ ടിക്കറ്റിന്റെ തുക റീഫണ്ട് ചെയ്യാനും തീർഥാടകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഖത്തർ, ബഹ്‌റൈൻ വഴി റോഡ് മാർഗം മടങ്ങുന്നവരും ഇക്കൂട്ടത്തിലുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *