
expat Online Scam Alert; യുഎഇയിൽ സോഷ്യൽ മീഡിയ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകൾ പെരുകുന്നു. ദുബായിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആകെ സാമ്പത്തിക തട്ടിപ്പുകളിൽ പകുതിയോളവും ഓൺലൈൻ പ്ലാറ്റ്ഫോമുകൾ കേന്ദ്രീകരിച്ചാണെന്ന് ദുബായ് പൊലീസിലെ ആന്റി ഫ്രോഡ് സെന്റർ ഡയറക്ടർ അലി സഈദ് അൽ യമാഹി മുന്നറിയിപ്പ് നൽകുന്നു. പെട്ടെന്നുള്ള ലാഭവും കുറഞ്ഞ വിലയും വാഗ്ദാനം ചെയ്താണ് തട്ടിപ്പുകാർ പ്രവാസികളെ വീഴ്ത്തുന്നത്. വ്യാജ നിക്ഷേപ പദ്ധതിയിൽ വിശ്വസിച്ച്, 30 വർഷത്തെ അധ്വാനഫലമായ നാല് ലക്ഷം ദിർഹം (ഏകദേശം 90 ലക്ഷം രൂപ) നഷ്ടമായ ഒരു വിരമിച്ച ഉദ്യോഗസ്ഥന്റെ അനുഭവം അധികൃതർ പങ്കുവെച്ചു. ഇത്തരം തട്ടിപ്പുകളിൽ പെടാതിരിക്കാൻ ഓരോ പ്രവാസിയും അതീവ ജാഗ്രത പുലർത്തണം.
തട്ടിപ്പുകാരുടെ പുതിയ തന്ത്രങ്ങൾ
- നിക്ഷേപ തട്ടിപ്പുകൾ: പ്രതിമാസം 20 മുതൽ 30 ശതമാനം വരെ ലാഭം വാഗ്ദാനം ചെയ്യുന്ന നിക്ഷേപ പദ്ധതികൾ പൂർണ്ണമായും തട്ടിപ്പാണ്.
- തൊഴിൽ തട്ടിപ്പുകൾ: 20 മുതൽ 25 വയസ്സ് വരെ പ്രായമുള്ള യുവാക്കളെ ലക്ഷ്യമിട്ട് വ്യാജ പാർട്ട് ടൈം, റിമോട്ട് ജോലികൾ വാഗ്ദാനം ചെയ്യുന്നു.
- പണം കൈമാറാൻ സ്വന്തം ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കാൻ ആവശ്യപ്പെടുന്നതിലൂടെ യുവാക്കളെ അറിയാതെ തന്നെ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പങ്കാളികളാക്കുന്നു.
- ആൾമാറാട്ടം: സർക്കാർ ഉദ്യോഗസ്ഥരെന്നോ പൊലീസെന്നോ വ്യാജേന വിളിച്ച് വ്യക്തിവിവരങ്ങൾ ചോർത്തുന്ന സംഘങ്ങൾ സജീവമാണ്. അക്കൗണ്ടുകൾ സുരക്ഷിതമാക്കാൻ പണം മാറ്റാൻ ആവശ്യപ്പെട്ടാൽ അത് തട്ടിപ്പാണ്.
- ഡീപ്ഫേക്ക് ഭീഷണി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ശബ്ദവും രൂപവും അനുകരിച്ച് പണം തട്ടുന്ന ‘ഡീപ്ഫേക്ക്’ രീതികൾ വർധിച്ചുവരികയാണ്.
- അക്കൗണ്ട് വകഭേദം: പണം പല അക്കൗണ്ടുകളിലേക്ക് വിഭജിച്ച് അയക്കാൻ ആവശ്യപ്പെടുന്നത് തട്ടിപ്പിന്റെ പ്രധാന ലക്ഷണമാണ്.
പ്രവാസികൾ ശ്രദ്ധിക്കാൻ
- ഏതെങ്കിലും വ്യക്തിഗത അക്കൗണ്ടുകളിലേക്ക് സേവനങ്ങൾക്കായി പണം അയക്കരുത്.
- യുഎഇ നമ്പറുകളിൽ നിന്ന് വരുന്ന കോളുകൾ എല്ലാം ആധികാരികമാണെന്ന് കരുതരുത്.
- സോഷ്യൽ മീഡിയയിലെ വശ്യമായ പരസ്യങ്ങളിൽ വീണുപോകാതിരിക്കുക.
തട്ടിപ്പിനിരയായാൽ എന്തുചെയ്യണം?
തട്ടിപ്പിനിരയായാൽ ഒട്ടും വൈകാതെ അധികൃതരെ സമീപിക്കുക. വൈകുംതോറും പണം വീണ്ടെടുക്കാനുള്ള സാധ്യത കുറയുമെന്ന് പൊലീസ് ഓർമ്മിപ്പിക്കുന്നു. വിവരങ്ങൾ താഴെ പറയുന്നവ വഴി അറിയിക്കാം.
- ദുബായ് പൊലീസിന്റെ ഇ-ക്രൈം പ്ലാറ്റ്ഫോം (eCrime)
- ദുബായ് പൊലീസ് ആപ്പ്
- ‘പോലീസ് ഐ’ (Police Eye)
- 901 എന്ന നമ്പറിൽ വിളിക്കുക.