സുരക്ഷാ ആശങ്ക; ഈ കമ്പനികളുടെ ഫോണുകളും ഉപകരണങ്ങളും നിരോധിക്കാന് നീക്കം
യൂറോപ്യൻ യൂണിയൻ (ഇയു) തന്റെ ടെലികമ്യൂണിക്കേഷൻ ശൃംഖലകളിൽ നിന്ന് ചൈനീസ് ടെലികോം ഭീമന്മാരായ വാവേയ് (Huawei), സെഡ്ടിഇ (ZTE) എന്നിവയുടെ ഉപകരണങ്ങൾ ഘട്ടം ഘട്ടമായി നീക്കം ചെയ്യാൻ ഒരുങ്ങുന്നു. ഈ കമ്പനികളുടെ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് നിയമപരമായി നിരോധിക്കാൻ യൂറോപ്യൻ കമ്മീഷൻ ആലോചിക്കുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
യുഎസ് സർക്കാർ ഇതിനകം തന്നെ വാവേയ്, സെഡ്ടിഇ എന്നീ കമ്പനികളെ ‘ദേശീയ സുരക്ഷാ ഭീഷണി’ എന്ന് പ്രഖ്യാപിച്ച് നിരോധിച്ചിരുന്നു. അതേ പാതയിലാണ് ഇപ്പോൾ യൂറോപ്യൻ യൂണിയൻ നീങ്ങുന്നത്.
5ജി ‘ടൂൾബോക്സ്’ നിയമമാകുന്നു
യൂറോപ്യൻ കമ്മീഷൻ വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം, 2020-ൽ നൽകിയ “5ജി ടൂൾബോക്സ്” ശുപാർശയെ ഒരു നിയമമായി മാറ്റാനുള്ള നടപടികൾ ആലോചിക്കുന്നു. ഈ നിയമം പ്രാബല്യത്തിൽ വന്നാൽ, അംഗരാജ്യങ്ങൾ ‘ഉയർന്ന അപകടസാധ്യതയുള്ള വെണ്ടർമാരെ’ (high-risk vendors) ഒഴിവാക്കേണ്ടത് നിർബന്ധമാകും. നിലവിൽ ഇത്തരം തീരുമാനങ്ങൾ രാജ്യങ്ങൾ സ്വതന്ത്രമായി എടുക്കുമ്പോൾ, പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത് ഡിജിറ്റൽ സുരക്ഷയിലെ ഏകീകരണം ഉറപ്പാക്കും.
ഫൈബർ നെറ്റ്വർക്ക്, ഗ്ലോബൽ ഗേറ്റ്വേ ഫണ്ടിങ് ഉൾപ്പെടുത്തി
മൊബൈൽ ശൃംഖലകൾക്ക് പുറമേ, യൂറോപ്യൻ യൂണിയൻ അതിവേഗ ഫൈബർ ബ്രോഡ്ബാൻഡ് നെറ്റ്വർക്കുകളിലും ചൈനീസ് ഉപകരണങ്ങളുടെ ഉപയോഗം നിയന്ത്രിക്കാൻ ആലോചിക്കുന്നു.
കൂടാതെ, ഗ്ലോബൽ ഗേറ്റ്വേ (Global Gateway) എന്ന നിക്ഷേപ പദ്ധതിയിലൂടെ യൂറോപ്യൻ യൂണിയൻ പുറത്തുള്ള രാജ്യങ്ങൾക്ക് നൽകുന്ന ഫണ്ടിംഗും ഈ നിയന്ത്രണങ്ങളുമായി ബന്ധിപ്പിക്കാനാണ് കമ്മീഷന്റെ നീക്കം. അതായത്, വാവേയ് ഉപകരണങ്ങൾ ഉപയോഗിക്കുന്ന രാജ്യങ്ങൾക്കു ഇനി മുതൽ ഇയു ഗ്രാന്റ് ഫണ്ടിങ് ലഭിക്കാതിരിക്കാൻ സാധ്യതയുണ്ട്.
ഈ നീക്കങ്ങൾ എല്ലാം കൂടി യൂറോപ്യൻ ഡിജിറ്റൽ സുരക്ഷാ രംഗത്ത് നിർണായകമായ വഴിത്തിരിവായി മാറുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
Comments (0)