കാറുകളിലെ കാർബൺ മോണോക്സൈഡ് എന്ന വില്ലൻ; അപകട സധ്യതകൾ ഏറെ; നിർദേശങ്ങളുമായി ഖത്തർ ആഭ്യന്തരമന്ത്രാലയം
വാഹനങ്ങൾക്കുള്ളിൽ കാർബൺ മോണോക്സൈഡ് (CO) വിഷബാധ ഉണ്ടാകാനുള്ള അപകടത്തെക്കുറിച്ച് ഡ്രൈവർമാരെ ബോധവൽക്കരിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം (MOI) പുതിയ സുരക്ഷാ കാമ്പയിൻ ആരംഭിച്ചു. അടഞ്ഞതോ വായുസഞ്ചാരം കുറവായതോ ആയ സ്ഥലങ്ങളിൽ എഞ്ചിൻ ദീർഘനേരം പ്രവർത്തിപ്പിക്കുന്നത് അപകടകാരിയാണെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
കാർബൺ മോണോക്സൈഡ് നിറമില്ലാത്തതും മണമില്ലാത്തതുമായ വാതകമാണ്, അതിനാൽ അതിന്റെ സാന്നിധ്യം മനസ്സിലാക്കുന്നത് ദുഷ്‌കരമാണ്. ഇന്ധനത്തിന്റെ അപൂർണ്ണ ജ്വലനമാണ് ഈ വാതകം രൂപപ്പെടാനുള്ള പ്രധാന കാരണം, പ്രത്യേകിച്ച് എഞ്ചിൻ അടച്ചിട്ട ഗാരേജുകളിൽ പ്രവർത്തിക്കുമ്പോൾ. ഈ വാതകം ശ്വസിക്കുന്നത് ഗുരുതര വിഷബാധയ്ക്കും മരണത്തിനും കാരണമാകാമെന്ന് അധികൃതർ വ്യക്തമാക്കി.
ഡ്രൈവർമാർ പാലിക്കേണ്ട പ്രധാന മുൻകരുതലുകൾ:
-അടഞ്ഞ ഇടങ്ങളിലോ വായുസഞ്ചാരമില്ലാത്ത സ്ഥലങ്ങളിലോ എഞ്ചിൻ ദീർഘനേരം പ്രവർത്തിപ്പിക്കുന്നത് ഒഴിവാക്കുക.
-വാഹനത്തിന്റെ എക്സോസ്റ്റ് സിസ്റ്റം ചോർച്ചകളോ തുരുപ്പുകളോ ഇല്ലെന്ന് സ്ഥിരമായി പരിശോധിക്കുക.
-മയക്കം, തലവേദന, തലകറക്കം, ഓക്കാനം, നെഞ്ചുവേദന തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകുന്നുവെങ്കിൽ ഉടൻ ജാഗ്രത പാലിക്കുക.
വിഷബാധയുടെ ലക്ഷണങ്ങൾ അനുഭവപ്പെടുന്നയുടൻ, വാഹനത്തിന്റെ ജനലുകൾ തുറക്കുകയോ അല്ലെങ്കിൽ പുറത്തേക്ക് ഇറങ്ങി ശുദ്ധവായു ശ്വസിക്കുകയോ ചെയ്യണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു.
ഈ ബോധവൽക്കരണ കാമ്പയിൻ വഴി ഡ്രൈവർമാരിൽ സുരക്ഷിത ഡ്രൈവിംഗ് ശീലങ്ങളും ജാഗ്രതയും വളർത്തുകയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ലക്ഷ്യം.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt
ഖത്തറിൽ മത്സ്യബന്ധന ബോട്ടുകൾ കത്തിനശിച്ച സംഭവം; രണ്ടുപേർ പിടിയിൽ
അൽ വക്റ തുറമുഖത്ത് നടന്ന മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു. അനധികൃതമായി ഒരു ബോട്ടിൽ നിന്നു മറ്റൊന്നിലേക്ക് വൈദ്യുതി ബന്ധിപ്പിച്ചതാണ് തീപിടിത്തത്തിന് കാരണമായതെന്ന് സാങ്കേതിക പരിശോധനയിൽ വ്യക്തമായതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്. ബുധനാഴ്ച വൈകീട്ടോടെയാണ് തീപിടിത്തം സംഭവിച്ചത്. നിരവധി മത്സ്യബന്ധന ബോട്ടുകൾ കത്തിനശിച്ചെങ്കിലും, ഭാഗ്യവശാൽ ആർക്കും പരിക്കൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവം തുറമുഖത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച് വീണ്ടും ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt
പ്രവാസികളെ അറിഞ്ഞോ? വിദേശപഠനം ഇനി കൂടുതൽ സുരക്ഷിതം — നോർക്ക റൂട്ട്സിന്റെ ‘സ്റ്റുഡന്റ് മൈഗ്രേഷൻ പോർട്ടൽ’ ഈ വർഷം തന്നെ! തട്ടിപ്പുകൾക്ക് അവസാനമിടാൻ കേരള സർക്കാരിന്റെ നീക്കം
വിദേശത്ത് ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന മലയാളി വിദ്യാർത്ഥികൾക്ക് വഴികാട്ടിയായി നോർക്ക റൂട്ട്സ് പുതിയ ഓൺലൈൻ പോർട്ടൽ ആരംഭിക്കുന്നു. ‘സ്റ്റുഡന്റ് മൈഗ്രേഷൻ പോർട്ടൽ’ എന്ന പേരിൽ രൂപീകരിക്കുന്ന ഈ സംരംഭം കേരള സർക്കാരിന്റെ സ്റ്റാർട്ടപ്പ് മിഷന്റെ സഹകരണത്തോടെയാണ് യാഥാർത്ഥ്യമാകുന്നത്. ഈ വർഷം അവസാനം പോർട്ടൽ പ്രവർത്തനക്ഷമമാക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. കേരള മൈഗ്രന്റ് സർവേയുടെ കണക്കുകൾ പ്രകാരം, ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്ന മലയാളികളുടെ എണ്ണം കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി ഗണ്യമായി വർധിച്ചിരിക്കുകയാണ്. 2018-ൽ 1.3 ലക്ഷം പേർ വിദേശപഠനത്തിനായി പോയപ്പോൾ, 2023-ൽ ഈ എണ്ണം 2.5 ലക്ഷമായി ഉയർന്നു.
തട്ടിപ്പുകൾക്ക് അറുതി ലക്ഷ്യം
നിലവിൽ വിദേശപഠനത്തിനായി പോകുന്നവരിൽ ഭൂരിഭാഗം പേരും സ്വകാര്യ ട്രാവൽ ഏജൻസികളുടെ സഹായം തേടുന്നവരാണ്. എന്നാൽ, വിസ നിയമങ്ങൾ, തൊഴിൽ സാധ്യതകൾ, നിയമപരമായ നടപടികൾ തുടങ്ങിയ വിഷയങ്ങളിലെ അറിവില്ലായ്മ മുതലെടുത്ത് നിരവധി ഏജൻസികൾ വിദ്യാർത്ഥികളോട് തട്ടിപ്പ് നടത്തുന്നുവെന്ന പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ ഈ നീക്കം സ്വീകരിച്ചത്.
വിദ്യാർത്ഥികൾക്ക് ആധികാരികവും വിശ്വാസയോഗ്യവുമായ വിവരങ്ങൾ നൽകി, സുരക്ഷിതമായ വിദേശപഠന അനുഭവം ഉറപ്പാക്കുന്നതാണ് പോർട്ടലിന്റെ പ്രധാന ലക്ഷ്യം. പോർട്ടൽ വികസിപ്പിക്കുന്നതിനായി സ്റ്റാർട്ടപ്പ് കമ്പനി തിരഞ്ഞെടുക്കാനുള്ള നടപടികൾ നിലവിൽ പുരോഗമിക്കുകയാണ്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

Comments (0)