Posted By user Posted On

ഡിജിറ്റൽ മുന്നേറ്റം; കെട്ടിട പെർമിറ്റ് നൽകാൻ ഇനി എ.ഐ സംവിധാനം

രാജ്യത്തിന്റെ ഡിജിറ്റൽ മാറ്റത്തിന് കരുത്തേകി, കെട്ടിടനിർമാണ അനുമതി ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.) സാങ്കേതികവിദ്യയുടെ സഹായത്തോടെ നടപ്പാക്കാൻ ഖത്തർ നീക്കം തുടങ്ങി. ഖത്തർ നാഷനൽ വിഷൻ 2030നും മൂന്നാമത് നാഷനൽ ഡെവലപ്മെന്റ് സ്ട്രാറ്റജിക്കും അനുസൃതമായി, സർക്കാർ സേവനങ്ങളുടെ ഗുണമേന്മയും കാര്യക്ഷമതയും വർധിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഈ പുതിയ പദ്ധതി. മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ഈ എ.ഐ. സംവിധാനം വഴി, മുൻപ് 30 ദിവസത്തോളം എടുക്കുന്ന കെട്ടിടനിർമാണ അനുമതി ഇനി വെറും രണ്ട് മണിക്കൂറിനുള്ളിൽ ലഭ്യമാകും. എൻജിനിയറിങ് ഡ്രോയിങ്ങുകൾ അംഗീകൃത മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് എ.ഐ. സംവിധാനം സ്വയം പരിശോധിക്കും. ഇതുവഴി നടപടിക്രമങ്ങൾ വേഗത്തിലാക്കാനും കൃത്യത ഉറപ്പാക്കാനും കഴിയും.

എ.ഐ. സംവിധാനത്തിന്റെ സഹായത്തോടെ എൻജിനിയറിങ്, കൺസൾട്ടിങ് ഓഫിസുകൾക്ക് കൂടുതൽ സൗകര്യപ്രദമായ സേവനങ്ങൾ ലഭ്യമാക്കാനാകും. ഉപഭോക്തൃ സേവന നിലവാരം മെച്ചപ്പെടുത്താനും സാങ്കേതിക നടപടികൾ ലളിതമാക്കാനും ഇതുവഴി സാധിക്കും. പദ്ധതി ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽ താനി ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ സംസാരിച്ച മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അതിയ്യ, എ.ഐ. പ്രവർത്തനത്തിലുള്ള ബിൽഡിംഗ് പെർമിറ്റ് ഇഷ്യൂ സിസ്റ്റം രാജ്യത്തിന്റെ ഡിജിറ്റൽ വളർച്ചയ്ക്ക് പുതിയ ഊർജം പകരുമെന്ന് പറഞ്ഞു. വിവിധ സർക്കാർ സേവനങ്ങളിൽ എ.ഐ. സംവിധാനം പ്രാവർത്തികമാക്കുന്ന രാജ്യങ്ങളുടെ മുൻനിരയിലേക്ക് ഖത്തർ ഉയരുമെന്ന ആത്മവിശ്വാസവും മന്ത്രി പ്രകടിപ്പിച്ചു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

ഖത്തറിൽ മത്സ്യബന്ധന ബോട്ടുകൾ കത്തിനശിച്ച സംഭവം; രണ്ടുപേർ പിടിയിൽ

അൽ വക്റ തുറമുഖത്ത് നടന്ന മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു. അനധികൃതമായി ഒരു ബോട്ടിൽ നിന്നു മറ്റൊന്നിലേക്ക് വൈദ്യുതി ബന്ധിപ്പിച്ചതാണ് തീപിടിത്തത്തിന് കാരണമായതെന്ന് സാങ്കേതിക പരിശോധനയിൽ വ്യക്തമായതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്. ബുധനാഴ്ച വൈകീട്ടോടെയാണ് തീപിടിത്തം സംഭവിച്ചത്. നിരവധി മത്സ്യബന്ധന ബോട്ടുകൾ കത്തിനശിച്ചെങ്കിലും, ഭാഗ്യവശാൽ ആർക്കും പരിക്കൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവം തുറമുഖത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച് വീണ്ടും ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

പ്രവാസികളെ അറിഞ്ഞോ? വിദേശപഠനം ഇനി കൂടുതൽ സുരക്ഷിതം — നോർക്ക റൂട്ട്സിന്റെ ‘സ്റ്റുഡന്റ് മൈഗ്രേഷൻ പോർട്ടൽ’ ഈ വർഷം തന്നെ! തട്ടിപ്പുകൾക്ക് അവസാനമിടാൻ കേരള സർക്കാരിന്റെ നീക്കം

വിദേശത്ത് ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന മലയാളി വിദ്യാർത്ഥികൾക്ക് വഴികാട്ടിയായി നോർക്ക റൂട്ട്സ് പുതിയ ഓൺലൈൻ പോർട്ടൽ ആരംഭിക്കുന്നു. ‘സ്റ്റുഡന്റ് മൈഗ്രേഷൻ പോർട്ടൽ’ എന്ന പേരിൽ രൂപീകരിക്കുന്ന ഈ സംരംഭം കേരള സർക്കാരിന്റെ സ്റ്റാർട്ടപ്പ് മിഷന്റെ സഹകരണത്തോടെയാണ് യാഥാർത്ഥ്യമാകുന്നത്. ഈ വർഷം അവസാനം പോർട്ടൽ പ്രവർത്തനക്ഷമമാക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. കേരള മൈഗ്രന്റ് സർവേയുടെ കണക്കുകൾ പ്രകാരം, ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്ന മലയാളികളുടെ എണ്ണം കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി ഗണ്യമായി വർധിച്ചിരിക്കുകയാണ്. 2018-ൽ 1.3 ലക്ഷം പേർ വിദേശപഠനത്തിനായി പോയപ്പോൾ, 2023-ൽ ഈ എണ്ണം 2.5 ലക്ഷമായി ഉയർന്നു.

തട്ടിപ്പുകൾക്ക് അറുതി ലക്ഷ്യം
നിലവിൽ വിദേശപഠനത്തിനായി പോകുന്നവരിൽ ഭൂരിഭാഗം പേരും സ്വകാര്യ ട്രാവൽ ഏജൻസികളുടെ സഹായം തേടുന്നവരാണ്. എന്നാൽ, വിസ നിയമങ്ങൾ, തൊഴിൽ സാധ്യതകൾ, നിയമപരമായ നടപടികൾ തുടങ്ങിയ വിഷയങ്ങളിലെ അറിവില്ലായ്മ മുതലെടുത്ത് നിരവധി ഏജൻസികൾ വിദ്യാർത്ഥികളോട് തട്ടിപ്പ് നടത്തുന്നുവെന്ന പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ ഈ നീക്കം സ്വീകരിച്ചത്.

വിദ്യാർത്ഥികൾക്ക് ആധികാരികവും വിശ്വാസയോഗ്യവുമായ വിവരങ്ങൾ നൽകി, സുരക്ഷിതമായ വിദേശപഠന അനുഭവം ഉറപ്പാക്കുന്നതാണ് പോർട്ടലിന്റെ പ്രധാന ലക്ഷ്യം. പോർട്ടൽ വികസിപ്പിക്കുന്നതിനായി സ്റ്റാർട്ടപ്പ് കമ്പനി തിരഞ്ഞെടുക്കാനുള്ള നടപടികൾ നിലവിൽ പുരോഗമിക്കുകയാണ്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version