Posted By user Posted On

യൂട്യൂബിൽ നിരോധനം ഏർപ്പെടുത്തിയ കണ്ടന്‍റ് ക്രിയേറ്റേഴ്‌സിന് വീണ്ടും അവസരം; പുതിയ ചാനൽ ആരംഭിക്കാം

കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങളും മറ്റ് നയങ്ങളും ലംഘിച്ചതിനാൽ അക്കൗണ്ടുകൾ നിരോധിക്കപ്പെട്ട കണ്ടന്റ് ക്രിയേറ്റേഴ്‌സിന് ഇപ്പോൾ യൂട്യൂബ് വീണ്ടും അവസരം നൽകുന്നു. ഇതിനായി പ്ലാറ്റ്‌ഫോം ‘സെക്കൻഡ് ചാൻസ്’ എന്ന പേരിൽ ഒരു പൈലറ്റ് പ്രോഗ്രാം പ്രഖ്യാപിച്ചു. നിയമലംഘനത്തെ തുടർന്ന് ടെർമിനേറ്റ് ചെയ്‌ത ചാനലുകളുള്ള ക്രിയേറ്റേഴ്‌സിന് പുതിയൊരു ചാനൽ ആരംഭിക്കാൻ അഭ്യർഥിക്കാം. ഇതിലൂടെ അവരുടെ ഐഡന്റിറ്റിയും പ്രേക്ഷകരുമായുള്ള ബന്ധവും പുനഃസ്ഥാപിക്കാനുള്ള അവസരം ലഭിക്കും.

മുമ്പ് ടെർമിനേറ്റ് ചെയ്‌ത ചാനൽ തിരികെ ലഭിക്കാൻ യൂട്യൂബിൽ മാർഗമൊന്നുമില്ലായിരുന്നുവെങ്കിലും, പുതിയ പ്രോഗ്രാം അത് മാറ്റിമറിക്കുന്നു. യോഗ്യതയുള്ള ക്രിയേറ്റേഴ്‌സിന് പുതുതായി ഒരു ചാനൽ തുടങ്ങാൻ സാധിക്കും, പക്ഷേ പഴയ സബ്സ്ക്രൈബർമാർക്കും ഉള്ളടക്കത്തിനും ആക്സസ് ലഭിക്കില്ല. ഗുരുതരമായതോ ആവർത്തിച്ചുള്ളതോ ആയ നിയമലംഘനങ്ങൾ നടത്തിയവർ, യൂട്യൂബ് കമ്മ്യൂണിറ്റിക്ക് ദോഷം വരുത്തിയവർ, പകർപ്പവകാശ ലംഘനങ്ങൾ ചെയ്തവർ എന്നിവർക്കു ഈ അവസരം ലഭിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി.

പ്രോഗ്രാം എങ്ങനെ പ്രവർത്തിക്കും?

യൂട്യൂബിന്റെ ഔദ്യോഗിക ബ്ലോഗ് പോസ്റ്റിന്റെ പ്രകാരം, മുമ്പ് ടെർമിനേറ്റ് ചെയ്‌ത ക്രിയേറ്റേഴ്‌സിന് പുതിയ ചാനൽ ആരംഭിക്കാനുള്ള രണ്ടാമത്തെ അവസരം നൽകും. പുതിയ ചാനലിനുള്ള അഭ്യർഥന വിലയിരുത്തുമ്പോൾ, കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങളുടെ ഗുരുതരമായ ലംഘനങ്ങളുണ്ടോ, ക്രിയേറ്ററുടെ പ്രവർത്തനം യൂട്യൂബ് കമ്മ്യൂണിറ്റിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടോ എന്നീ ഘടകങ്ങൾ പരിഗണിക്കും.

വരും ആഴ്ചകളിൽ, യോഗ്യരായ ക്രിയേറ്റേഴ്‌സിന് ഡെസ്‌ക്‌ടോപ്പ് പതിപ്പിലുള്ള YouTube Studio വഴി പുതിയ ചാനൽ അഭ്യർഥിക്കാനുള്ള ഓപ്ഷൻ ലഭിക്കും. അപേക്ഷ അയച്ച ശേഷം, യൂട്യൂബ് അവയുടെ ഉള്ളടക്കം പരിശോധിക്കും. നിലവിലുള്ള നയങ്ങൾ പാലിക്കുന്നുവെന്ന് കണ്ടെത്തിയാൽ അപേക്ഷ അംഗീകരിക്കുകയും, അതിലൂടെ പുതിയ ചാനൽ സൃഷ്ടിക്കാനുള്ള അനുമതി ലഭിക്കുകയും ചെയ്യും.

ആർക്കാണ് അർഹത?

യോഗ്യതയുള്ളവർക്ക് പഴയ ചാനലിന്റെ അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്യുമ്പോൾ പുതിയ ചാനൽ സൃഷ്ടിക്കാനുള്ള ഓപ്ഷൻ കാണാനാകും. എന്നാൽ സ്വയം അവരുടെ ചാനലോ ഗൂഗിൾ അക്കൗണ്ടോ ഇല്ലാതാക്കിയവർക്ക് ഈ ഓപ്ഷൻ ലഭിക്കില്ല. കൂടാതെ, ചാനൽ ടെർമിനേറ്റ് ചെയ്‌തതിന് ശേഷം ഒരു വർഷം കഴിഞ്ഞതിനുശേഷമേ അവർക്ക് പുതിയ ചാനൽ സൃഷ്ടിക്കാനുള്ള അപേക്ഷ നൽകാൻ കഴിയൂ.

ഈ ഇടയിൽ, ടെർമിനേഷൻ നടപടിക്കെതിരെ അപ്പീൽ നൽകാനുള്ള അവസരവും യൂട്യൂബ് അനുവദിക്കുന്നുണ്ട്. പുതിയ ചാനൽ തുടങ്ങാൻ അനുമതി ലഭിച്ചാൽ, അവർക്ക് പഴയ വീഡിയോകൾ (നയങ്ങൾ പാലിക്കുന്നുവെങ്കിൽ) വീണ്ടും അപ്‌ലോഡ് ചെയ്യാം, അല്ലെങ്കിൽ പുതിയ ഉള്ളടക്കം വഴി പ്രേക്ഷകരെ തിരിച്ചുപിടിക്കാം.

യൂട്യൂബ് പ്രോഗ്രാമിന്റെ മാനദണ്ഡങ്ങൾ പാലിക്കുന്ന പുതിയ ചാനലുകൾക്ക് വീണ്ടും വരുമാനം നേടാനും സാധിക്കും. തെറ്റ് ചെയ്‌തെങ്കിലും ഇപ്പോൾ ഉത്തരവാദിത്തത്തോടെ തിരിച്ചുവരാൻ ആഗ്രഹിക്കുന്ന കണ്ടന്റ് ക്രിയേറ്റേഴ്‌സിന് ഈ പദ്ധതി ഒരു പുതുജീവൻ നൽകും.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

നിങ്ങളുടെ കുട്ടികൾ ഫോണിനായി വാശി കാണിക്കുന്നുണ്ടോ? എങ്കിൽ സഹായത്തിന് പൊലീസ് മാമനെത്തും; വിളിക്കൂ ഡി-ഡാഡിനെ

ഡിജിറ്റൽ വിപ്ലവകാലത്ത് മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ബാധിക്കുന്ന പ്രശ്നമായി മാറിയിരിക്കുകയാണ് സ്മാർട്ട്ഫോൺ അടക്കമുള്ള ഉപകരണങ്ങളുടെ അമിതോപയോഗം. അമിതമായ സ്ക്രീൻ ടൈം പഠനത്തെയും സാമൂഹിക ഇടപെടലുകളെയും പ്രതികൂലമായി ബാധിക്കുമ്പോൾ, ഇതിന് പരിഹാരമായി കേരള പൊലീസ് രംഗത്തെത്തിയിരിക്കുകയാണ്.

‘ഡി-ഡാഡ്’ (D-Dad) അഥവാ ഡിജിറ്റൽ ഡി-അഡിക്ഷൻ പദ്ധതി മുഖേന കുട്ടികൾക്ക് കൗൺസിലിംഗ് നൽകി ഡിജിറ്റൽ അടിമത്തത്തിൽനിന്ന് മോചനം നൽകുകയാണ് ലക്ഷ്യം. കേരള പോലീസ് സോഷ്യൽ പൊലീസിങ് വിഭാഗം നടത്തുന്ന ഈ പദ്ധതിയിലൂടെ കുട്ടികളിലെ മൊബൈൽ, ഇന്റർനെറ്റ് അടിമത്തത്തെ നിയന്ത്രിക്കുകയാണ് ശ്രമം.

ദേശീയ തലത്തിൽതന്നെ ആദ്യമായാണ് ഇത്തരമൊരു പദ്ധതി പൊലീസ് വകുപ്പിലൂടെ നടപ്പാക്കുന്നത്. കൗൺസിലിങ്ങിലൂടെ പരിഹരിക്കാനാകാത്ത ഗൗരവമായ പ്രശ്നങ്ങളുള്ള കുട്ടികൾക്കായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായവും ഉറപ്പാക്കിയിട്ടുണ്ട്. കേരളത്തിലെ ആറു ജില്ലകളിൽ ഈ പദ്ധതിയുടെ സെന്ററുകൾ പ്രവർത്തിക്കുന്നു.

പദ്ധതിയുടെ ഭാഗമായി സ്കൂളുകളിലൂടെ ഡിജിറ്റൽ അഡിക്ഷന്റെ ദോഷങ്ങളെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസുകളും രക്ഷിതാക്കളുടെയും കുട്ടികളുടെയും നേരിട്ടുള്ള കൗൺസിലിംഗും ഫലപ്രദമായി നടത്തിവരുന്നു.

അനിയന്ത്രിതമായ ഡിജിറ്റൽ ഉപയോഗം, ഫോൺ ലഭിക്കാത്തതിനാൽ ഉണ്ടാകുന്ന പ്രകോപനം, ദൈനംദിന കാര്യങ്ങളിൽ ശ്രദ്ധക്കുറവ് തുടങ്ങിയവ അഡിക്ഷന്റെ ലക്ഷണങ്ങളാണ്. അമിത ദേഷ്യം, അക്രമ സ്വഭാവം, വിഷാദം, ആത്മഹത്യാ പ്രവണത, പഠനത്തിലെ വീഴ്ച തുടങ്ങിയ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്ന കുട്ടികൾക്കാണ് ഈ പദ്ധതിയിലൂടെ പ്രധാനമായും സഹായം ലഭിക്കുക.

മനശാസ്ത്ര വിദഗ്ധരുടെ മേൽനോട്ടത്തിൽ തെറാപ്പിയും കൗൺസിലിംഗും മാർഗനിർദേശങ്ങളും നൽകുന്നുണ്ട്. ആരോഗ്യം, വനിതാ-ശിശു വികസനം, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും സാമൂഹിക സംഘടനകളുടെയും സഹകരണത്തോടെ പദ്ധതി മുന്നോട്ട് പോകുന്നു.

സഹായത്തിനായി 9497900200 എന്ന നമ്പറിലൂടെ ‘ഡി-ഡാഡ്’ സെന്ററുകളുമായി ബന്ധപ്പെടാം. ബന്ധപ്പെടുന്ന കുട്ടികളുടെ വിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

ഇനി ഓൺലൈൻ പേയ്മെന്‍റുകളും ചാറ്റ് ജി.പി.ടി. വഴി; പുതിയ ഫീച്ചർ ഉടൻ

ഇന്ത്യൻ നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI)യും ഫിൻടെക് സ്ഥാപനമായ റേസർപേയും തമ്മിലുള്ള സഹകരണത്തോടെ ചാറ്റ് ജിപിടിയിൽ യു.പി.ഐ (UPI) സൗകര്യം ഉൾപ്പെടുത്തുന്നതിനായി പൈലറ്റ് പ്രോഗ്രാം ആരംഭിച്ചു. ഇതോടെ എ.ഐ ഉപയോഗിച്ച് തൽസമയം പണമിടപാടുകൾ നടത്താൻ സാധിക്കുന്ന ആദ്യ നെറ്റ്‌വർക്കായി ചാറ്റ് ജിപിടി മാറും.

പൈലറ്റ് പദ്ധതിയുടെ ഭാഗമായി യു.പി.ഐ വഴി സുരക്ഷിതവും ഉപയോക്തൃ നിയന്ത്രിതവുമായ രീതിയിൽ ഇടപാടുകൾ നടത്താൻ എ.ഐ എങ്ങനെ പ്രാവർത്തികമാക്കാമെന്ന് ഓപ്പൺ എ.ഐ പരീക്ഷിക്കുമെന്ന് സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ആക്‌സിസ് ബാങ്കും എയർടെൽ പേയ്മെന്റ്സ് ബാങ്കും ബാങ്കിങ് പങ്കാളികളായി പദ്ധതിയിൽ ചേർന്നിട്ടുണ്ട്. റോയിറ്റേഴ്സ് റിപ്പോർട്ട് പ്രകാരം, ചാറ്റ് ജിപിടി വഴി യു.പി.ഐ ഉപയോഗിച്ച് നേരിട്ട് ഷോപ്പിങ് നടത്താൻ കഴിയുന്ന ആദ്യ സേവനങ്ങളിൽ ഒന്നായി ടാറ്റാ ഗ്രൂപ്പിന്റെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ബിഗ്ബാസ്‌കറ്റ് മാറും.

പദ്ധതി ഇപ്പോൾ പ്രാരംഭഘട്ടത്തിലാണ്. എ.ഐ അടിസ്ഥാനത്തിലുള്ള പേയ്മെന്റുകൾ വിവിധ മേഖലകളിൽ എങ്ങനെ വികസിപ്പിക്കാമെന്ന് വിലയിരുത്തുക എന്നതാണ് ലക്ഷ്യം. പദ്ധതി വിജയകരമായാൽ, ഉപഭോക്താക്കൾക്ക് എ.ഐ നിർദേശങ്ങളിലൂടെ പണമിടപാടുകൾ നടത്താൻ സാധിക്കും.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version