ഖത്തറിൽ ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് സന്തോഷവാർത്ത; ഡ്യൂട്ടി ഫ്രീ ഔട്ട്ലെറ്റുകളിൽ ഇനി യുപിഐ വഴി പണമടയ്ക്കാം
ഖത്തറിൽ ഇന്ത്യൻ യാത്രക്കാർക്ക് ഇനി യുപിഐ (Unified Payments Interface) സംവിധാനത്തിലൂടെ നേരിട്ട് പണമടയ്ക്കാം. ഖത്തർ ഡ്യൂട്ടി ഫ്രീ ഔട്ട്ലെറ്റുകളിലാണ് ഈ സൗകര്യം നിലവിൽ വന്നിരിക്കുന്നത്. എൻഐപിഎൽ (International Payments Limited)യും ഖത്തർ നാഷണൽ ബാങ്കും (QNB) തമ്മിലുള്ള പങ്കാളിത്തത്തിലൂടെയാണ് സംവിധാനം ആരംഭിച്ചത്. പോയിന്റ്-ഓഫ്-സെയിൽ ടെർമിനലുകളിൽ ക്യുആർ കോഡ് സ്കാൻ ചെയ്ത് ഇന്ത്യക്കാർക്ക് എളുപ്പത്തിൽ ഇടപാടുകൾ നടത്താനാകും. ഖത്തറിലേക്കെത്തുന്ന വിദേശ വിനോദസഞ്ചാരികളിൽ ഇന്ത്യക്കാർ രണ്ടാമത്തെ വലിയ വിഭാഗമാണെന്നതിനാൽ പുതിയ സംവിധാനം വലിയ ഗുണം ചെയ്യും.
ഖത്തർ സമ്പദ്‌വ്യവസ്ഥയ്ക്ക് യുപിഐ സംവിധാനം ഏറെ ഉപകാരപ്രദമാകുമെന്ന് ഖത്തർ നാഷണൽ ബാങ്ക് ഗ്രൂപ്പ് ചീഫ് ബിസിനസ് ഓഫിസർ യൂസഫ് മഹ്മൂദ് അൽനിഅ്മ അഭിപ്രായപ്പെട്ടു. ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ഖത്തർ ഡ്യൂട്ടി ഫ്രീയാണ് രാജ്യത്ത് യുപിഐ പേയ്മെന്റുകൾ സ്വീകരിക്കുന്ന ആദ്യസ്ഥാപനമെന്നും ഖത്തർ എയർവേയ്സ് ഗ്രൂപ്പ് ചീഫ് റീട്ടെയിൽ & ഹോസ്പിറ്റാലിറ്റി ഓഫീസർ സാബിത് മുസ്‌ലിഹ് പറഞ്ഞു. ഇന്ത്യൻ യാത്രക്കാരുടെ ഇടപാടുകൾ കൂടുതൽ സുരക്ഷിതവും പണരഹിതവുമായ രീതിയിൽ നടത്താനാകുന്ന സംവിധാനമാണിതെന്ന് എൻഐപിഎൽ എംഡിയും സിഇഒയുമായ റിതേഷ് ശുക്ല വ്യക്തമാക്കി.
Comments (0)