Posted By user Posted On

‘ആശങ്കയായി മലയാളി യുവതികളുടെ ആത്മഹത്യ’: ജീവനൊടുക്കുന്നതിന് പിന്നിലെ ഉത്തരംകിട്ടാത്ത ചോദ്യം?, പ്രവാസ ലോകത്ത് വർധിക്കുന്ന ആത്മഹത്യാ പ്രവണത

ഷാർജ ∙ ഇവരെന്തിനാണ് മരണത്തെ സ്വയം പുൽകാൻ ഇത്രമാത്രം വെമ്പൽക്കൊള്ളുന്നത്?. ഏതെങ്കിലും ബന്ധുവിനോടോ സുഹൃത്തിനോടോ പങ്കുവച്ചാൽ പോലും പരിഹാരമുണ്ടാക്കാൻ സാധിക്കുന്ന കാര്യങ്ങളുടെ പേരിൽ സ്വന്തം ജീവിതത്തിന് പൂർണവിരാമമിടാൻ ഇവരെന്തിന് തിടുക്കം കൂട്ടുന്നു. യുഎഇയിലെ മലയാളി സമൂഹത്തിനിടയിൽ വർധിക്കുന്ന ആത്മഹത്യാ പ്രവണതയിൽ ഖിന്നരായി പലരും ചോദിക്കുന്ന ഉത്തരംകിട്ടാത്ത ചോദ്യമാണിത്. കുടുംബാംഗങ്ങൾക്ക് പോലും കൃത്യമായി അറിയാത്ത കാരണങ്ങളാൽ ജീവിതം സ്വയം അവസാനിപ്പിക്കുന്നവരിൽ യുവതീയുവാക്കളാണ് ഏറ്റവും കൂടുതൽ. കോവിഡ്19 കാലത്ത് ഒന്നിലേറെ പ്രവാസി മലയാളി ബിസിനസുകാർ ജീവനൊടുക്കിയപ്പോൾ, ഇപ്പോഴിതാ വിവാഹിതരായ യുവതീയുവാക്കൾ കുടുംബ പ്രശ്നത്തിന്റെ പേരിൽ ആത്മഹത്യ ചെയ്യുന്ന പ്രവണത കണ്ടുവരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ യുഎഇയിൽ രണ്ട് മലയാളി യുവതികളാണ് സ്വയം മരണം വരിച്ചത്. ഇതോടെ ഈ ചോദ്യം വീണ്ടും പ്രസക്തമാകുന്നു.

കൊല്ലം ചവറ സ്വദേശി അതുല്യ(33)യെ വെള്ളിയാഴ്ച രാത്രിയാണ് ഷാർജ റോളയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഈ മരണത്തിൽ ദുരൂഹതയുണ്ടെന്ന് അതുല്യയുടെ കുടുംബവും ഭർത്താവ് സതീഷും ആരോപിക്കുന്നു. എന്നാൽ സതീഷിന്റെ കൊടിയ പീഡനം മൂലമാണ് അതുല്യ മരിച്ചതെന്നാണ് കുടുംബം ചവറ പൊലീസിൽ പരാതി നൽകിയിട്ടുള്ളത്. ഇതിന്റെ തെളിവായി ഫോട്ടോകളും വിഡിയോകളും ഹാജരാക്കിയിട്ടുണ്ട്.കൊല്ലം കേരളപുരം സ്വദേശി വിപഞ്ചിക(33) ഒന്നര വയസ്സ് മാത്രമുള്ള ഏക മകളെ കഴുത്ത് ഞെരിച്ച ശേഷം കുഞ്ഞിനെ കെട്ടിത്തൂക്കുകയും കയറിന്റെ മറ്റേ അറ്റത്ത് കുടുക്കുണ്ടാക്കി സ്വയം തൂങ്ങി മരിക്കുകയുമായിരുന്നു. ദുബായിൽ ഫെസിലിറ്റീസ് എൻജിനീയറായ ഭർത്താവ് നിതീഷിൽ നിന്നും അയാളുടെ സഹോദരി നീതു, പിതാവ് മോഹനൻ എന്നിവരിൽ നിന്നേറ്റ മാനസികവും ശാരീരികവുമായ പീഡനങ്ങൾ കാരണമാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്ന ദീർഘമായ കത്ത് ഫെയ്സ്ബുക് പേജിൽ പിന്നീട് പ്രത്യക്ഷപ്പെട്ടു.

2022ൽ ദുബായിൽ യുട്യൂബ് വ്ളോഗറും ആൽബം താരവുമായ കോഴിക്കോട് ബാലുശ്ശേരി സ്വദേശിനി റിഫാ മെഹ്നു (20)നെ മരിച്ച നിലയിൽ കണ്ടെത്തിയത് ചർച്ചാ വിഷയമായിരുന്നു. സംഭവത്തിന് ഒരു മാസം മുൻപ് ദുബായിലെത്തിയ യുവതി ഭർത്താവ് മെഹ്നുവിനൊപ്പമായിരുന്നു താമസം. ഭർത്താവുമായുള്ള വഴക്കാണ് ആത്മഹത്യയ്ക്കുള്ള കാരണമെന്ന് പിന്നീട് കണ്ടെത്തുകയും സംഭവം നാട്ടിൽ വൻ വിവാദത്തിന് കാരണമാകുകയും ചെയ്തു. 2024 മേയിൽ ഫുജൈറയിൽ താമസിച്ചിരുന്ന ടിക് ടോക്- ഇൻസ്റ്റഗ്രാം താരമായ തിരുവനന്തപുരം സ്വദേശിനി ഷാനിഫ ബാബു (37) കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു. നിർമാണ കമ്പനി നടത്തിയിരുന്ന സനൂജ് ബഷീർകോയയാണ് ഭർത്താവ്. ഷാനിഫ മരിച്ചതായി സനൂജ് ഇവരുടെ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചിരുന്നു. സംഭവം നടക്കുമ്പോൾ ഷാനിഫയുടെ ഭർത്താവ്, ദുബായിൽ നിന്നെത്തിയ ഷാനിഫയുടെ അമ്മ, രണ്ടു പെൺമക്കൾ എന്നിവർ അപാർട്മെന്റിലുണ്ടായിരുന്നു.2018 ഏപ്രിലിൽ മലയാളി നഴ്സ് സുജാ സിങ്ങിനെ ജോലി ചെയ്യുന്ന അൽ ഐനിലെ സ്വകാര്യ ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ച നിലയിൽ കണ്ടെത്തി. ഉത്തരേന്ത്യക്കാരനെ വിവാഹം കഴിച്ചിരുന്ന സുജ വിവാഹ മോചിതയായിരുന്നു. മരണം നടന്നയുടൻ വിദേശത്ത് പഠിക്കുന്ന ഇവരുടെ രണ്ട് മക്കളെ ആശുപത്രി അധികൃതർ മരണ വിവരം അറിയിച്ചെങ്കിലും പ്രതികൂല മറുപടിയായിരുന്നു ലഭിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്ന കാര്യത്തിലും കുടുംബാംഗങ്ങൾ താൽപര്യം കാണിച്ചിരുന്നില്ല. ഈ സംഭവങ്ങളിൽ ഭൂരിഭാഗത്തിന്റെയും പ്രധാന കാരണം ഗാർഹിക പീഡനമാണ്.

തന്റേതെന്ന് മാത്രം കരുതുന്ന ഭർത്താവിനോടൊപ്പം പ്രവാസ ലോകത്തെത്തുകയും ഇവിടെ അയാളിൽ നിന്ന് അവഗണനയും ക്രൂരതയും ഏൽക്കുമ്പോഴുണ്ടാകുന്ന തകർച്ച തന്നെയാണ് പല യുവതികളെയും കടുംകൈ ചെയ്യാൻ പ്രേരിപ്പിക്കുന്നത്. ഇവരുടെ മാതാപിതാക്കൾ കൂടെയില്ലാതാകുകയും പ്രശ്നത്തിൽ ഒറ്റപ്പെടുകയും ചെയ്യുമ്പോൾ മനസ്സിന്റെ താളം തെറ്റിപ്പോകുന്ന നിമിഷത്തിൽ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിക്കുന്നു. കൂടാതെ, 2023ൽ രണ്ട് പിഞ്ചുമക്കളെയും ഭാര്യയെയും കൊലപ്പെടുത്തി 35 വയസ്സുള്ള ഇന്ത്യക്കാരൻ ഷാർജയിലെ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചത് പ്രവാസ ലോകത്ത് ഞെട്ടലുണ്ടാക്കിയിരുന്നു.

∙ ബിസിനസ് തകർന്നാൽ മരണമാണോ പ്രതിവിധി?
യുഎഇയിൽ മലയാളി ബിസിനസുകാരിൽ മിക്കവരും ജീവനൊടുക്കിയിട്ടുള്ളത് സാമ്പത്തിക പ്രതിസന്ധി മറികടക്കാനാകാത്തതുകൊണ്ടാണെന്ന് പിന്നീട് കണ്ടെത്തിയിട്ടുണ്ട്. ദുബായിലെ പ്രമുഖ വ്യവസായി വയനാട് മാനന്തവാടി സ്വദേശി ജോയ് അറയ്ക്കൽ(54) ആണ് ഈ നിരയിലുണ്ട്. 2020 ഏപ്രിൽ 23ന് ദുബായിൽ തന്റെ ഓഫിസ് സ്ഥിതി ചെയ്യുന്ന ബഹുനില കെട്ടിടത്തിൽ നിന്ന് ഇദ്ദേഹം ചാടി മരിക്കുകയായിരുന്നു. യുഎഇയിലെ മാത്രമല്ല, ഗൾഫിലെ തന്നെ മലയാളി സമൂഹത്തിൽ ഞെട്ടലുണ്ടാക്കിയ മരണമായിരുന്നു ഇത്. ഓയിൽ ബിസിനസ് രംഗത്തും മറ്റും ഉയരങ്ങളിൽ വിരാജിച്ചിരുന്ന ജോയിയെ പോലുള്ള ഒരു ബിസിനസുകാരന്റെ സംഭവബഹുലമായ ജീവിതത്തിന് ഇത്തരത്തിലൊരു അവസാനമാണ് സംഭവിച്ചിരിക്കുന്നത് എന്ന് ആർക്കും വിശ്വസിക്കാനേ കഴിഞ്ഞില്ല.ബിസിനസ് തകർച്ചയായിരുന്നു ഇദ്ദേഹത്തിന്റെ മരണ കാരണമെന്ന് പിന്നീട് പൊലീസ് കണ്ടെത്തുകയും ചെയ്തു. ജോയ് അറയ്ക്കൽ മരിച്ചപ്പോൾ, എന്തിനാണ് അദ്ദേഹം ഇത്തരമൊരു ബുദ്ധിമോശം കാണിച്ചു എന്ന് ചോദിച്ചിരുന്ന മലയാളി ബിസിനസുകാരൻ കണ്ണൂർ പനങ്കാവ്, ചിറയ്ക്കൽ ടിപി ഹൗസിൽ ടി.പി.അജിത്(55) അധികനാളുകൾ വൈകാതെ, 2020 ജൂൺ 22ന് ഷാർജയിലെ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു. ദുബായ് മെഡോസിലെ വില്ലയിൽ താമസിച്ചിരുന്ന അജിതിനെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്വയം ചാടി ജീവിതം അവസാനിപ്പിച്ചതാണെന്ന് ഷാർജ പൊലീസ് പിന്നീട് സ്ഥിരീകരിച്ചു.

ഏതു പ്രതിസന്ധികളെയും തരണം ചെയ്യാൻ ഒരു ബിസിനസുകാരൻ മാനസിക കരുത്ത് നേടണം എന്ന് ജോയ് അറയ്ക്കലിന്റെ മരണത്തെത്തുടർന്ന് സുഹൃത്തുക്കളോടും മറ്റും പറഞ്ഞിരുന്ന അജിത്തിന് മറ്റ് പല ബിസിനസുകാരെയും പോലെ കോവിഡ് പശ്ചാത്തലത്തിൽ ചില മാനസിക സമ്മർദങ്ങളുണ്ടായിരുന്നുവെന്ന് സുഹൃത്തുക്കൾ അഭിപ്രായപ്പെട്ടിരുന്നു. പക്ഷേ, ഒരിക്കലും വലിയൊരു സാമ്പത്തിക പ്രശ്നം മൂലമുള്ളതാണെന്ന് തോന്നിയിരുന്നുമില്ല. കോവിഡിന്റെ ആശങ്കകൾക്കിടയിൽ നിന്നുവന്ന ഈ വാർത്തയും പലരെയും ഏറെ അസ്വസ്ഥരാക്കി.

∙ ആരോഗ്യ പരിപാലനത്തിൽ ശ്രദ്ധാലു; അവനിത് ചെയ്യുമെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല
അബുദാബിയിൽ റസ്റ്ററന്റ്–ഹൈപ്പർമാർക്കറ്റ് നടത്തിയിരുന്ന കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി സുൽഫാഉൽ ഹഖ് റിയാസാ(54)ണ് പിന്നീട് ഇത്തരത്തിൽ ജീവിതം അവസാനിപ്പിച്ചത്. ഇദ്ദേഹത്തെ അബുദാബി നഗരത്തിലെ ഒരു ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എപ്പോഴും ഊർജസ്വലനും വലിയ സൗഹൃദവലയവുമുള്ള റിയാസ് ഇത്തരമൊരു അബദ്ധം കാണിക്കുമെന്ന് ഒരിക്കലും വിശ്വസിക്കാനാകുന്നില്ലെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും ദുബായിൽ അഭിഭാഷകനുമായ ഹാഷിക് പറയുന്നു. സംഭവത്തിന് കുറച്ച് ദിവസം മുൻപ് കണ്ടപ്പോഴും ആരോഗ്യകാര്യത്തിൽ തന്റെ താൽപര്യത്തെക്കുറിച്ച് വാതോരാതെ സംസാരിച്ചിരുന്നു. എൽഎൽബി പഠനം പൂർത്തിയാക്കിയ ശേഷം ഒരേകാലത്താണ് ഞങ്ങൾ കണ്ണൂർ കോടതിയിൽ പ്രാക്ടീസ് ചെയ്തിരുന്നത്. പിന്നീട് റിയാസും കണ്ണൂരിൽ തന്നെ അഭിഭാഷകയായിരുന്ന ഭാര്യ ഷീബയും യുഎഇയിലേക്ക് പറന്നു. റിയാസ് അബുദാബിയിൽ റസ്റ്ററന്റും ഹൈപ്പർമാർക്കറ്റും വിജയകരമായി നടത്തിവരികയായിരുന്നു. അർജന്റീന ഫുട്ബോൾ ടീമിന്റെ കടുത്ത ആരാധകനായ റിയാസിന് മെസ്സി എന്ന് പറഞ്ഞാൽ ജീവനായിരുന്നു. കഴിഞ്ഞ ലോകകപ്പിൽ അർജന്റീന മുത്തമിട്ടപ്പോൾ റിയാസ് തന്റെ റസ്റ്ററന്റിൽ ബിരിയാണിയുണ്ടാക്കി ആളുകൾക്ക് നൽകിയാണ് വിജയം ആഘോഷിച്ചത്.

∙ കൗൺസിലിങ്: ഇന്ത്യൻ അധികൃതരും ബിസിനസ് കൂട്ടായ്മകളും ശ്രമിക്കണം
എന്തുകൊണ്ടാണ് യുഎഇയിലെ മലയാളികൾ, പ്രത്യേകിച്ച് യുവതീ യുവാക്കളും ബിസിനസുകാരും യാതൊരു പുനർചിന്തനവും നടത്താതെ മരണത്തിലേക്ക് എടുത്തു ചാടുന്നു? ഇക്കാര്യംചിന്തിക്കാനോ, ചർച്ച ചെയ്യാനോ, കൗൺസലിങ് നൽകാനോ യുഎഇയിലെ ഇന്ത്യൻ എംബസിയോ, കോൺസുലേറ്റോ, സന്നദ്ധ സംഘടനകളോ മുന്നോട്ടുവന്നിരുന്നില്ല. ബിസിനസുകാർക്കിടയിൽ തുറന്ന സൗഹൃദവും ദുബായിലെ ഐപിഎ പോലുള്ള കൂട്ടായ്മയും പ്രവർത്തിക്കുന്നുണ്ടെങ്കിലും അവരും പ്രശ്നപരിഹാരത്തിനുള്ള വഴികൾ അന്വേഷിക്കുന്നില്ല. ഇനിയെങ്കിലും ഇതിനായി ആരെങ്കിലും മുന്നോട്ടുവരുമെന്ന പ്രതീക്ഷയിലാണ് സമൂഹം. ഇല്ലെങ്കിൽ നാളുകൾ കഴിയുമ്പോൾ ഇതെല്ലാം എല്ലാവരും മറക്കുകയും പുതിയ ദാരുണ സംഭവമുണ്ടാകുമ്പോൾ വീണ്ടും വാചാലരാകുകയും ചെയ്യും.

∙ ഗൾഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാർക്കിടയിൽ ആത്മഹത്യകൾ പെരുകുന്നു
ഗൾഫ് രാജ്യങ്ങളിൽ ഈയിടെയായി ആത്മഹത്യകൾ പെരുകുന്നതായും. കുടുംബ പ്രശ്നങ്ങളാണ് ഇതിന് പ്രധാന കാരണമെന്നും യുഎഇയിലെ പ്രമുഖ അഭിഭാഷകയും സാമൂഹിക ആക്ടിവിസ്റ്റുമായ പ്രീത ശ്രീറാം മാധവ് പറയുന്നു. മക്കളെ കൊലപ്പെടുത്തി സ്വയം ജീവനൊടുക്കുന്നതടക്കമുള്ള കേരളത്തിൽ സർവസാധാരണമായ ദുരന്തങ്ങളുടെ ചുവടുപിടിച്ച് മലയാളികൾ പ്രവാസ ലോകത്തും ഈ കുറ്റകൃത്യത്തിന് മുതിരുന്നത് ഗൗരവമായി ചർച്ച ചെയ്യേണ്ട കാര്യമാണെന്നും അഡ്വ.പ്രീത പറയുന്നു. മാതാപിതാക്കൾ ഒരിക്കലും മക്കളെ നിർബന്ധപൂർവം വിവാഹം കഴിപ്പിക്കാതിരിക്കുക. വിവാഹം കഴിച്ചു കഴിഞ്ഞാലും അവർക്ക് എന്തും തുറന്നു പറയാനുള്ള അവസരം നൽകുക. നാട്ടുകാരെയോ വീട്ടുകാരെയോ പേടിച്ച് എല്ലാം അഡ്ജസ്റ്റ് ചെയ്യാൻ പറയുന്ന പഴയ രീതി മാതാപിതാക്കളും ബന്ധുമിത്രാദികളും ഒഴിവാക്കുക. വിവാഹമോചനം കൊണ്ട് ഉണ്ടാകുന്ന നാണക്കേട് മക്കളോട് പറഞ്ഞ്, ഏതുവിധേനയും സഹിച്ച് നിൽക്കാൻ പറയുന്ന മാതാപിതാക്കൾ, മുന്നോട്ട് പോകാൻ സാധ്യമല്ലെങ്കിൽ മകളേ, നിനക്ക് തിരിച്ചു വരാമെന്നും എന്തെങ്കിലും ജോലി ചെയ്തു മുന്നോട്ടു പോകാമെന്ന് മക്കളോട് പറയുകയും വേണം.

∙ ഗൾഫിലെ ആത്മഹത്യ-നിയമനടപടികളറിയാം
ഗൾഫ് രാജ്യങ്ങളിൽ ഒരു മരണം നടന്നാൽ അത് ആത്മഹത്യയാണോ അതോ കൊലപാതകം ആണോ എന്ന് രണ്ട് കാര്യങ്ങളാണ് ആദ്യം പൊലീസ് അന്വേഷിക്കുക. യുഎഇയിലടക്കം ഗൾഫ് രാജ്യങ്ങളിൽ ആത്മഹത്യ നിയമവിരുദ്ധമാണ്. ആത്മഹത്യ ഇസ്‌ലാമികപരമായും ഗുരുതര കുറ്റം തന്നെ. ആത്മഹത്യ ചെയ്തയാളെ വിചാരണ ചെയ്യാൻ കഴിയാത്തതിനാൽ ആത്മഹത്യക്ക് ശ്രമിക്കുന്നതും മറ്റൊരാളെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്നതും കുറ്റമായി കണക്കാക്കപ്പെടുന്നു. ആത്മഹത്യ ചെയ്യാൻ മറ്റൊരാളെ ഏതെങ്കിലും വിധത്തിൽ പ്രേരിപ്പിക്കുകയോ സഹായിക്കുകയും ചെയ്യുന്ന ആൾക്ക് പരമാവധി അഞ്ചുവർഷം വരെ തടവ് ലഭിക്കുന്നതാണെന്ന് ഫെഡറൽ നിയമം മൂന്ന് ആർട്ടിക്കിൾ 335 പ്രത്യേകമായി വ്യക്തമാക്കുന്നു. പീനൽ കോഡിലെ ആർട്ടിക്കിൾ 335 അനുസരിച്ച് ഒരാളെ ആത്മഹത്യയ്ക്ക് സഹായിക്കുകയോ പ്രോത്സാഹിപ്പിക്കുകയും പ്രേരിപ്പിക്കുകയോ ചെയ്യുന്നത് ക്രിമിനൽ പ്രവൃത്തിയാണ്. ആരെങ്കിലും മറ്റൊരാളുടെ ആത്മഹത്യാ ശ്രമത്തിൽ സഹായിക്കുകയോ അവർക്ക് അതിനുള്ള മാർഗങ്ങൾ നൽകുകയോ ചെയ്താൽ, പ്രത്യേകിച്ച് ആ പ്രവൃത്തി മരണത്തിൽ കലാശിച്ചാൽ അവരെ നിയമപരമായി ശിക്ഷിക്കുന്നതായിരിക്കും.

∙ ദീർഘകാല തടവും പിഴയും ‌
വ്യക്തി ആത്മഹത്യയിൽ ഒരു പ്രധാന പങ്കു വഹിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാൽ ദീർഘകാല തടവ് ശിക്ഷയായി നൽകും. ആത്മഹത്യയ്ക്ക് ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട് എന്ന് നിയമപരമായി കോടതിയിൽ തെളിഞ്ഞാൽ വലിയ പിഴയും നാടുകടത്തൽ വരെ ശിക്ഷയായി ലഭിക്കുന്നു.

∙ മറ്റു ക്രിമിനൽ കുറ്റങ്ങൾ
ഗൾഫ് രാജ്യങ്ങളിൽ ഇസ്‍ലാമിക നിയമമാണ് നടപ്പാക്കപ്പെടുന്നത്. ഇസ്‍ലാമിൽ ജീവൻ പവിത്രമായി കണക്കാക്കപ്പെടുന്നു. സ്വന്തം ജീവൻ എടുക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. ആത്മഹത്യ ഒരു പാപമാണെന്ന് ഖുർആനും പറയുന്നു. ഈ വിശ്വാസം ഗൾഫ് രാജ്യങ്ങളിലെയും അതേപോലെ യുഎഇയിലെ നിയമങ്ങളിലും പ്രതിഫലിക്കുന്നു.

∙ ആത്മഹത്യയ്ക്ക് ശ്രമിച്ചാലുള്ള ശിക്ഷകളും നിയമങ്ങളും
യുഎഇയിൽ ആത്മഹത്യ (സൂയിസൈഡ്) ക്രിമിനൽ കുറ്റമായി കണക്കാക്കുന്നു. അതിനാൽ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നത് നിയമപരമായി ക്രിമിനൽ കുറ്റമായി കരുതുന്നു. ആത്മഹത്യ ചെയ്യാൻ ശ്രമിച്ച വ്യക്തിയെ ശിക്ഷിക്കാനായി അറസ്റ്റ് ചെയ്യാൻ പൊലീസിന് അധികാരമുണ്ട്. പലപ്പോഴും താൽക്കാലിക ജയിൽ ശിക്ഷയും ലഭിക്കും. ചെയ്തത് തെറ്റാണെന്ന് അറിയിക്കുകയും ചില കേസുകളിൽ മാനസികാരോഗ്യ പ്രശ്നമായി കണക്കാക്കി ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റാൻ ഉത്തരവിടാറുമുണ്ട്. ഫോൺ-+971 52 731 8377(അഡ്വ.പ്രീത ശ്രീറാം മാധവ്).

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version