സതീഷിനെതിരെ കൊലപാതകകുറ്റം, ഷാർജയിൽ അതുല്യ നേരിട്ടത് കൊടിയ പീഡനം
ഷാർജ, ചവറ (കൊല്ലം): ഷാർജയിലെ ഫ്ലാറ്റിൽ കൊല്ലം സ്വദേശിനി അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ ചവറ തെക്കുംഭാഗം പോലീസ് കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തു. ശാസ്താംകോട്ട മനക്കര സജി നിവാസിൽ സതീഷ് ശങ്കറിനെതിരെയാണ് പോലീസ് കേസെടുത്തത്. തെക്കുംഭാഗം എസ്ഐ എൽ.നിയാസിന്റെ നേതൃത്വത്തിലുള്ള പോലീസ് കഴിഞ്ഞ ദിവസം രാത്രി വീട്ടിലെത്തി അതുല്യയുടെ മാതാവ് തുളസിഭായിയുടെ മൊഴി രേഖപ്പെടുത്തി. കൊലപാതകക്കുറ്റത്തിനു പുറമേ സ്ത്രീധന പീഡനം, കൈ കൊണ്ടും ആയുധം കൊണ്ടും ശരീരത്തിൽ മാരകമായി പരിക്കേൽപിക്കൽ തുടങ്ങിയ ആറിലധികം വകുപ്പുകളും സതീഷിനെതിരെ ചുമത്തിയിട്ടുണ്ട്. ഇൻസ്പെക്ടർ എസ്.ശ്രീകുമാറിനാണ് അന്വേഷണച്ചുമതല. കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവന തെക്കുംഭാഗം പോലീസ് സ്റ്റേഷനിലെത്തി വിവരങ്ങൾ തേടിയിരുന്നു. അതുല്യയുടെ പോസ്റ്റ്മോർട്ടം ഇന്നു ഷാർജയിൽ നടക്കും. നാട്ടിലെത്തിക്കുന്ന മൃതദേഹം ബന്ധുക്കൾ ആവശ്യപ്പെട്ടാൽ വീണ്ടും പോസ്റ്റ്മോർട്ടം നടത്തുന്നത് ആലോചിക്കുമെന്ന് പോലീസ് വ്യക്തമാക്കി. മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ ഇന്ന് ഷാർജ പോലീസിലും പരാതി നൽകും. 2014 ൽ ആയിരുന്നു ഇവരുടെ വിവാഹം. 43 പവൻ സ്വർണവും ബൈക്കും സ്ത്രീധനം വാങ്ങിയാണ് മകളെ വിവാഹം കഴിച്ചതെന്നും ശാരീരികമായും മാനസികമായും മകളെ പീഡിപ്പിച്ചിരുന്നെന്നും 19ന് പുലർച്ചെ ഫ്ലാറ്റിൽ വച്ചു മകളെ കൊലപ്പെടുത്തിയെന്നുമാണ് അതുല്യയുടെ അമ്മ പോലീസിനു മൊഴി നൽകിയത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)