
യുഎഇയിലെ അപാര്‍ട്മെൻ്റിൽ തീപിടിത്തം; ഇന്ത്യക്കാരിക്ക് ദാരുണാന്ത്യം
യുഎഇയിലെ അപാര്‍ട്മെന്റിലുണ്ടായ തീപിടിത്തത്തില്‍ 46കാരിയായ ഇന്ത്യക്കാരി മരിച്ചു. ഷാര്‍ജയിലെ അല്‍ മജാസ് 2 പ്രദേശത്തെ അപാര്ട്മെന്റില് വ്യാഴാഴ്ച രാത്രി 10.45 ഓടെയാണ് തീപിടിത്തമുണ്ടായത്. മരിച്ച സ്ത്രീയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. താമസസ്ഥലത്ത് സ്ത്രീ പ്രത്യേക ചടങ്ങ് നടത്തുന്നതിനിടെയാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 11 നില കെട്ടിടത്തിന്റെ എട്ടാം നിലയിലായിരുന്നു അപ്പാർട്മെന്റ്. സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ട ഉടൻ സിവിൽ ഡിഫൻസ്, പോലീസ്, നാഷനൽ ആംബുലൻസ് എന്നിവയുടെ നേതൃത്വത്തിൽ അതിവേഗം രക്ഷാപ്രവർത്തന സംഘം സ്ഥലത്തെത്തി. അതിവേഗത്തിൽ തീയണക്കാനും മറ്റിടങ്ങളിലേക്ക് പടരുന്നത് ഒഴിവാക്കാനും അധികൃതർക്ക് സാധിച്ചു. അപകടമുണ്ടായ നിലയിൽ 12 അപ്പാർട്മെന്റുകൾ ഉണ്ടായിരുന്നെങ്കിലും മറ്റിടങ്ങളിൽ തീപിടിത്തത്തിന്റെ ആഘാതമുണ്ടായിട്ടില്ല. അതേസമയം, സുരക്ഷ കണക്കിലെടുത്ത് എട്ടാംനിലയിലെ മുഴുവൻ താമസക്കാരെയും അധികൃതർ ഒഴിപ്പിച്ചിട്ടുണ്ട്. സുരക്ഷ മുന്നൊരുക്കം പൂർത്തിയായ ശേഷം ഇവിടെ താമസത്തിന് അനുവാദം ലഭിക്കും. സ്ത്രീയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഫോറൻസിക് ലബോറട്ടറിയിലേക്ക് മാറ്റി. തീപിടിത്തത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുരക്ഷ മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്നതും അന്വേഷണത്തിന്റെ പരിധിയിൽ വരും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)