Posted By user Posted On

ഖത്തറിലൂടെയുള്ള ട്രാൻസിറ്റ് യാത്രക്കാർക്ക് നിരവധി ആകർഷണങ്ങളും വിനോപരിപാടികളും വാഗ്ദാനം ചെയ്‌ത്‌ വിസിറ്റ് ഖത്തർ

ഖത്തർ ഒരു ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായി മാറിക്കൊണ്ടിരിക്കെ, ഹ്രസ്വകാലത്തേക്ക് രാജ്യത്ത് തങ്ങുന്നവർക്ക് വിസിറ്റ് ഖത്തർ പ്രത്യേക അനുഭവങ്ങൾ വാഗ്ദാനം ചെയ്യുന്നു. ചെറിയൊരു വിശ്രമവേളയെ ഒരു മിനി അവധിക്കാലമാക്കി മാറ്റാൻ കഴിയുന്ന തരത്തിലാണ് വേനൽക്കാലത്ത് പോലും ആസ്വദിക്കാൻ കഴിയുന്ന ഈ അനുഭവങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിസിറ്റ് ഖത്തർ സോഷ്യൽ മീഡിയ കാമ്പെയ്‌നുകളിലൂടെ രാജ്യത്തെ മനോഹരമായ ജലാശയങ്ങളും തീം പാർക്കുകളും മുതൽ കൾച്ചറൽ ഗാലറികളും മ്യൂസിയങ്ങളും എല്ലാം പ്രോത്സാഹിപ്പിക്കുന്നു. ഡിസ്കവർ ഖത്തർ വാഗ്ദാനം ചെയ്യുന്ന പ്രത്യേക സ്റ്റോപ്പ് ഓവർ പാക്കേജുകളിലൂടെ യാത്രക്കാർക്ക് പ്രാദേശിക സംസ്കാരം, മരുഭൂമിയിലെ സാഹസിക പരിപാടികൾ, ആഡംബര ഷോപ്പിംഗ്, മികച്ച ഭക്ഷണം എന്നിവ ആസ്വദിക്കാം.

യാത്രക്കിടെ ദോഹയിൽ 12 മുതൽ 96 മണിക്കൂർ വരെ ചിലവഴിക്കുന്നവർക്കായി ഈ പാക്കേജുകൾ തയ്യാറാക്കിയിട്ടുണ്ട്. 4 അല്ലെങ്കിൽ 5-സ്റ്റാർ ഹോട്ടലുകളിലെ താമസവും ഗൈഡഡ് ടൂറുകളും ഇതിൽ ഉൾപ്പെടുന്നു. യാത്രാ പരിപാടി ഇഷ്ടാനുസൃതമാക്കാൻ സന്ദർശകർ കുറഞ്ഞത് മൂന്ന് ദിവസം മുമ്പെങ്കിലും ബുക്ക് ചെയ്യാൻ നിർദ്ദേശിക്കുന്നു. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ ഖത്തറിന്റെ തീരത്ത് തിമിംഗല സ്രാവുകൾ ഒത്തുകൂടുന്നത് കാണുന്നത് ഏറ്റവും ആവേശകരമായ അനുഭവങ്ങളിലൊന്നാണ്.

സൂഖ് വാഖിഫ്, ധൗ ഹാർബർ, മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട്, കത്താറ കൾച്ചറൽ വില്ലേജ്, ദി പേൾ ഐലൻഡ് തുടങ്ങിയ പ്രധാന ലാൻഡ്‌മാർക്കുകളിലേക്ക് സന്ദർശകരെ കൊണ്ടുപോകുന്ന നാല് മണിക്കൂർ ദൈർഘ്യമുള്ള ‘ഡിസ്‌കവർ ദോഹ’ സിറ്റി ടൂറാണ് ഒരു ജനപ്രിയ ഓപ്ഷൻ.

ദൈർഘ്യമേറിയ ലേഓവറുകൾക്ക്, 48 മണിക്കൂർ പ്ലാനാണു നിർദ്ദേശിക്കുന്നത്. ആദ്യ ദിവസം കത്താറ, മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട്, ഖത്തർ നാഷണൽ മ്യൂസിയം തുടങ്ങിയ സാംസ്കാരിക സ്ഥലങ്ങളിലേക്കുള്ള സന്ദർശനങ്ങൾ, അല്ലെങ്കിൽ ബനാന ഐലൻഡ് റിസോർട്ട് പോലുള്ള സ്ഥലങ്ങളിൽ വിശ്രമം എന്നിവ ഇതിലുൾപ്പെടുന്നു. രണ്ടാം ദിവസം അൽ സുബാറ ഫോർട്ട്, മരുഭൂമി കടലുമായി സംഗമിക്കുന്ന സ്ഥലമായ ഖോർ അൽ അദൈദ് തുടങ്ങിയവയിലേക്കുള്ള യാത്രകൾ അല്ലെങ്കിൽ അൽ തക്കീര കണ്ടൽക്കാടുകളിൽ കയാക്കിംഗ് എന്നിവ വാഗ്ദാനം ചെയ്യുന്നു.

മനോഹരമായ ദോഹ കോർണിഷിലൂടെയുള്ള നടത്തം, ഒട്ടക സവാരി, 4×4 ഡെസേർട്ട് സഫാരികൾ, കൈറ്റ് സർഫിംഗ്, ഡെസേർട്ട് ഫാൾസ് വാട്ടർ ആൻഡ് അഡ്വഞ്ചർ പാർക്ക്, കുടുംബങ്ങൾക്കായുള്ള നിരവധി വാട്ടർ സ്ലൈഡുകളും പ്രവർത്തനങ്ങളും എന്നിവയാണ് മറ്റ് ആകർഷണങ്ങൾ.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version