Posted By user Posted On

നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഹര്‍ജി; തിങ്കളാഴ്ച്ച സുപ്രീം കോടതി വിശദ വാദം കേള്‍ക്കും

ഡല്‍ഹി: യെമന്‍ ജയിലില്‍ വധശിക്ഷ വിധിക്കപ്പെട്ട് കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിന് അടിയന്തര കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ തിങ്കളാഴ്ച്ച സുപ്രീംകോടതി വിശദമായ വാദം കേള്‍ക്കും. ഹര്‍ജിയെ സംബന്ധിച്ചുള്ള വിവരം അറ്റോര്‍ണി ജനറല്‍ മുഖാന്തരം കേന്ദ്രസര്‍ക്കാരിനെ അറിയിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. അതേസമയം കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബം ദയാധനം സ്വീകരിക്കുന്നതില്‍ ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ലെന്നാണ് സൂചന.

ജൂലായ് 16ന് നിമിഷയുടെ വധശിക്ഷ നടപ്പാക്കുമെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് നിമിഷപ്രിയുടെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തരമായ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെടുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ കാര്യക്ഷമമായ ഇടപെടലിലൂടെ മാത്രമേ ഇനി മോചനം സാധ്യമാകൂ. ഇതിന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നും വളരെ കുറച്ച് ദിവസം മാത്രമാണ് മുന്നിലുള്ളതെന്നും സുപ്രീംകോടതി ബെഞ്ചിന് മുന്‍പാകെ മുതിര്‍ന്ന അഭിഭാഷകന്‍ രാഗേന്ത് ബസന്ത്, അഭിഭാഷകന്‍ കെ ആര്‍ സുഭാഷ് ചന്ദ്രന്‍ എന്നിവര്‍ വ്യക്തമാക്കി.

നാളെ തന്നെ കേസ് പരിഗണിക്കണമെന്നാണ് അഭിഭാഷകര്‍ ആവശ്യപ്പെട്ടത്. നയതന്ത്ര തലത്തില്‍ ഇടപെടല്‍ സര്‍ക്കാര്‍ ശക്തമാക്കിയാല്‍ വധശിക്ഷ തടയാനാകുമെന്നാണ് ഹര്‍ജിക്കാരുടെ വാദം. തുടര്‍ന്ന് കേസ് തിങ്കളാഴച്ച പരിഗണിക്കാമെന്ന് ജസ്റ്റിസ് സുധാന്‍ഷുധൂലീയ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഹര്‍ജി സംബന്ധിച്ച് വിവരങ്ങള്‍ എത്രയും വേഗം അറ്റോര്‍ണി ജനറല്‍ മുഖാന്തരം സര്‍ക്കാരിനെ അറിയിക്കാനും ഇതില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ തിങ്കളാഴ്ച്ച വിശദീകരിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *