Posted By user Posted On

ഇന്ത്യക്കാർക്ക് സുവർണാവസരം; യാത്ര ചെയ്യാൻ കാർഡോ പണമോ വേണ്ട, പാസ്പോർട്ടും ഫോണും മാത്രം മതി

ഇന്ത്യക്കാർക്ക് അധികം വൈകാതെ ബാങ്ക് കാർഡോ പണമോ ഇല്ലാതെ പാസ്പോർട്ടും മൊബൈൽ ഫോണും മാത്രം ഉപയോഗിച്ച് യുഎഇയിലേക്ക് യാത്ര ചെയ്യാം. ഇന്ത്യയുടെ തത്സമയ പേയ്‌മെന്റ് സംവിധാനമായ യുപിഐ യുഎഇയുടെ ഡിജിറ്റൽ പേയ്‌മെന്റ് ശൃംഖലയുമായി കൈകോർക്കുന്നതോടെയാണ് ഇതു യാഥാർഥ്യമാകുകയെന്ന് ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ അറിയിച്ചു.

യുപിഐയുമായി ധാരണയാകുന്നതോടെ യുഎഇയിലേയ്ക്കുള്ള ഇന്ത്യൻ പ്രവാസികൾക്കും സന്ദർ‍ശകർക്കും ഇതുവരെ ഉണ്ടായിരുന്നതിനേക്കാൾ മികച്ചതും വേറിട്ടതുമായ യാത്രാനുഭവമാണ് ലഭിക്കുകയെന്ന് നാഷനൽ പേയ്‌മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എൻ‌പി‌സി‌ഐ) രാജ്യാന്തര വിഭാഗമായ എൻ‌പി‌സി‌ഐ ഇന്റർനാഷനൽ പേയ്‌മെന്റ്സ് ലിമിറ്റഡ് (എൻ‌ഐ‌പി‌എൽ) സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ പങ്കെടുക്കവേ കോൺസൽ ജനറൽ വ്യക്തമാക്കി.

തടസ്സമില്ലാത്ത ഈ അനുഭവം ഇന്ത്യൻ ഉപയോക്താക്കൾക്ക് വേഗത്തിൽ ലഭ്യമാക്കാനായി എൻ‌ഐ‌പി‌എൽ യുഎഇയിലെ വ്യാപാരി സ്ഥാപനങ്ങൾ, പേയ്‌മെന്റ് സൊല്യൂഷൻ ദാതാക്കൾ, ബാങ്കുകൾ എന്നിവരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും 2024-ൽ 5.5 ദശലക്ഷം ഇന്ത്യൻ വിനോദസഞ്ചാരികൾ യുഎഇ സന്ദർശിച്ചതായും സതീഷ് കുമാർ ശിവൻ കൂട്ടിച്ചേർത്തു.

യുഎഇയിലുടനീളം യുപിഐയുടെ സ്വീകാര്യത വികസിപ്പിക്കുന്നതിലെ പുരോഗതിയെക്കുറിച്ചും അദ്ദേഹം വിശദമാക്കി. യുഎഇയുടെ ഡിജിറ്റൽ പേയ്മെന്റ് സിസ്റ്റത്തിലേക്ക് യുപിഐയെ പൂർണമായി ഉൾപ്പെടുത്തുമ്പോൾ ഇന്ത്യയും യുഎഇയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിൽ വിപ്ലവകരമായ മാറ്റമാണ് ഉണ്ടാകുക.

യുഎഇയിൽ യുപിഐയുടെ സ്വീകാര്യതയ്ക്ക് എൻ‌പി‌സി‌ഐ ഇന്റർനാഷനൽ ആക്കം കൂട്ടുകയാണെന്ന് എൻ‌പി‌സി‌ഐ ഇന്റർനാഷനൽ എംഡിയും സിഇഒയുമായ റിതേഷ് ശുക്ല പറഞ്ഞു. ദശലക്ഷക്കണക്കിന് ഇന്ത്യൻ യാത്രക്കാർക്കും താമസക്കാർക്കും സമാനതകളില്ലാത്ത സൗകര്യം നൽകുന്ന സംവിധാനം മാത്രമല്ല ഇതെന്നും മറിച്ച് രണ്ട് ഊർജസ്വലമായ സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള ഡിജിറ്റൽ പാലം ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുപിഐ എന്നത് ഇന്ത്യയുടെ റിയൽടൈം അക്കൗണ്ടുകൾ തമ്മിലുള്ള പേയ്മെന്റ് സംവിധാനം ആണ്. ഇത് മൊബൈൽ ആപ്പുകൾ വഴിയുള്ള തത്സമയ, സുരക്ഷിത ഇടപാടുകൾക്ക് സഹായിക്കുന്നു. മാസത്തിൽ 18 ബില്യൻ ഇടപാടുകൾ കൈകാര്യം ചെയ്യുന്ന ഈ സംവിധാനം ലോകത്തിലെ മുൻനിര ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്‌ഫോമുകളിലൊന്നായി മാറിയിട്ടുണ്ട്.

ഇന്ത്യയുടെ ഏറ്റവും തിരക്കേറിയ യാത്രാ ലക്ഷ്യകേന്ദ്രം മാത്രമല്ല പ്രവാസികളിൽ ഏറ്റവും കൂടുതൽ പേരും പണം അയയ്ക്കുന്നത് യുഎഇയിൽ നിന്നുമാണ്. ടൂറിസം മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 70 ലക്ഷത്തിലേറെ ഇന്ത്യൻ പൗരന്മാർ യുഎഇ സന്ദർശിക്കുന്നുണ്ട്.

ഇന്ത്യയിൽ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകൾ വഴിയാണ് യാത്രക്കാർക്ക് പേയ്മെന്റ് നൽകുന്നത് എന്നത് കൂടുതൽ സൗകര്യവും വ്യാപാരത്തിനുള്ള ഡിജിറ്റൽ പിന്തുണയും ശക്തമാക്കുന്നുണ്ട്. ഇതേ തുടർന്ന് മികച്ച ക്യാഷ് മാനേജുമെന്റ്, കുറഞ്ഞ പ്രവർത്തന ചെലവുകൾ, കൂടുതൽ കാര്യക്ഷമത എന്നിവ സംരംഭങ്ങൾക്കും ഉപയോക്താക്കൾക്കും ഉറപ്പാക്കും.

ആവശ്യാനുസരണം എൻഐപിഎൽ യുഎഇയിലെ റഗുലേറ്റർമാരുമായി ചേർന്ന് റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി, എന്റർടെയ്ൻമെന്റ്, ട്രാൻസ്പോർട്ടേഷൻ, മറ്റ് അവശ്യ സേവനങ്ങൾ എന്നിവയിൽ യുപിഐക്ക് പിന്തുണ നൽകുന്നുണ്ട്.. പ്ലാറ്റ്‌ഫോം റിയൽടൈം പേയ്മെന്റുകൾ ഇന്ത്യൻ രൂപയിൽ തന്നെയാണ്. എൻപിസി ഐ കോർപ്പറേറ്റ് കമ്യൂണിക്കേഷൻ മേധാവി സ്വാഗത ഗുപ്തയും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *