വമ്പൻ തൊഴിലവസരങ്ങളുമായി യുഎഇ വിളിക്കുന്നു, വരും വർഷങ്ങളിലും കുതിപ്പ് തുടരാൻ സാധ്യത
ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ ഈ വർഷം രാജ്യം പ്രതീക്ഷിക്കുന്നത് 26,400 തൊഴിലവസരങ്ങൾ. വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിൽ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഈ പ്രവചനം. വിനോദ സഞ്ചാര മേഖലയിലെ കുതിപ്പും ഹോട്ടലുകളുടെ വർധനയുമാണ് തൊഴിലവസരങ്ങൾക്കു കാരണം.കഴിഞ്ഞ വർഷത്തെ കണക്കു പ്രകാരം 8.9 ലക്ഷം പേരാണ് ട്രാവൽ ആൻഡ് ടൂറിസം രംഗത്തു ജോലി ചെയ്യുന്നത്. ഈ വർഷാവസാനത്തോടെ ഇത് 9.2 ലക്ഷമായി ഉയരും. രാജ്യത്ത് 8 തൊഴിലവസരങ്ങളിൽ ഒരെണ്ണം ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ എന്ന നിലയിലാണ് ഈ രംഗത്തെ കുതിപ്പ്.
മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ ഈ മേഖലയിലെ തൊഴിൽ തസ്തികകളിൽ 12.3 ശതമാനവും യുഎഇയിലാണ്. മിഡിൽ ഈസ്റ്റിൽ ആകെ 73 ലക്ഷം പേരാണ് ഈ രംഗത്ത് തൊഴിലെടുക്കുന്നത്. ഏതാനും വർഷങ്ങൾക്കകം യുഎഇയിലെ ട്രാവൽ ആൻഡ് ടൂറിസം തസ്തികകളുടെ എണ്ണം 10 ലക്ഷമാകുമെന്നും റിപ്പോർട്ടിലുണ്ട്.
ദേശീയ സമ്പദ് വ്യവസ്ഥയിലേക്ക് 26750 കോടി ദിർഹമാകും ടൂറിസം മേഖലയിൽ നിന്നുള്ള വരുമാനമെന്നും കൗൺസിൽ വിലയിരുത്തുന്നു. മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 13 ശതമാനവും ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ നിന്നാവും ലഭിക്കുക. 2024ൽ രാജ്യത്തെ ഹോട്ടലുകളുടെ വരുമാനം 4500 കോടി ദിർഹമായി ഉയർന്നു. 2023നെ അപേക്ഷിച്ച് 3 ശതമാനമാണ് വളർച്ച. ഹോട്ടലുകളിലെ 78 ശതമാനം മുറികളും വിനോദ സഞ്ചാരികളാൽ നിറഞ്ഞിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ വർഷാവസാനത്തെ കണക്കിൽ രാജ്യത്തെ മികച്ച ഹോട്ടലുകളുടെ എണ്ണം 1251ആണ്. മുറികളുടെ എണ്ണം 2,16,966. മുൻവർഷത്തേക്കാൾ 3ശതമാനം വർധന. കഴിഞ്ഞ വർഷം ഹോട്ടലുകളിലെത്തിയ സന്ദർശകരുടെ എണ്ണം 3.8 കോടിയാണ്. വർധന മുൻവർഷത്തേക്കാൾ 9.5 ശതമാനം. ഈ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ രംഗത്ത് കൂടുതൽ തൊഴിലവസരങ്ങൾ കൗൺസിൽ പ്രവചിക്കുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)