Posted By user Posted On

നാട്ടിലേക്ക് പണമയക്കാൻ ഇത് നല്ല സമയമാണോ? യുഎഇ ദിർഹവുമായി ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് ഇനിയും ഇടിയുമോ?

യുഎഇ ദി‍ർഹവുമായുളള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് ഇനിയും ഉയരുമോ. ജൂലൈ ആഗസ്റ്റ് മാസങ്ങളിൽ രൂപയുടെ നിരക്ക് ഉയരാറുണ്ട്. അതേ പ്രവണത ഇത്തവണയും ഉണ്ടാകുമോയെന്നുളളതാണ് പ്രവാസികൾ ഉറ്റുനോക്കുന്നത്. ജൂൺ അവസാന വാരമെത്തുമ്പോൾ വിനിമയ നിരക്കിൽ ഉണർവുണ്ട്. ഒരു ദിർഹത്തിന് 23 രൂപ 27 പൈസയെന്നതാണ് ജൂൺ 29 ന് നിരക്ക്.

ഒരുവേള 23 രൂപ 62 പൈസ വരെ ഇടിഞ്ഞിരുന്ന സ്ഥാനത്താണിത്. ജൂൺ അവസാനവാരമാകുമ്പോഴേക്കും രൂപയുടെ മൂല്യത്തിൽ ശരാശരി ഒരു ശതമാനമാണ് വർധനവ് രേഖപ്പെടുത്തിയിട്ടുളളത്. മാസം ആദ്യവാരം ശമ്പളം ലഭിക്കുന്നതുകൊണ്ടുതന്നെ പ്രവാസികൾ കൂടുതലായി പണമയക്കും. മാത്രമല്ല, യുഎഇ ഉൾപ്പടെയുളള ഗൾഫ് രാജ്യങ്ങളിൽ ജൂലൈ ആഗസ്റ്റ് മാസങ്ങളിൽ മധ്യവേനലവധിയാണ്. അവധിക്കാലമാഘോഷിക്കാൻ കുടുംബങ്ങൾ കൂടുതലായും യാത്ര ചെയ്യുന്ന മാസങ്ങളാണിത്. അവധിക്കാലമായതിനാൽ ഈ മാസങ്ങളിൽ കൂടുതൽ പണം നാട്ടിലേക്ക് അയക്കും.

അയക്കുന്ന പണത്തിന് കൂടുതൽ മൂല്യം ലഭിക്കുമോയെന്നുളളത് എക്കാലത്തും പ്രസക്തിയുളള ചോദ്യമാണ്. ജിയോ പൊളിറ്റക്കൽ സാഹചര്യങ്ങൾ വിവിധ രാജ്യങ്ങളുടെ കറൻസികളെ സ്വാധീനിക്കാറുണ്ടെന്ന് സാമ്പത്തിക കാര്യ വിദഗ്ധൻ അബ്ദുൾ അസീസ് പറയുന്നു. ഇറാൻ ഇസ്രയേൽ യുദ്ധസാഹചര്യമുണ്ടായ സമയത്ത് സുരക്ഷിത കറൻസിയെന്ന വിലയിരുത്തലിൽ ഡോളറിൻറെ മൂല്യമുയർന്നിരുന്നു. സമാധാന സാഹചര്യത്തിലേക്കെത്തിയപ്പോൾ സ്വാഭാവികമായും ഡോളറിന് മൂല്യശോഷണമുണ്ടായി. സുരക്ഷിത കറൻസിയെന്ന യുഎസ് ഡോളറിൻറെ മുൻതൂക്കത്തിന് ഇടിവുണ്ടാകുന്നുവെന്നുളളതാണ് മറ്റൊരു വസ്തുത.

ക്രൂഡ് വില ഉയർന്ന സാഹചര്യത്തിൽ രൂപയുടെ മൂല്യം ഇടിഞ്ഞിരുന്നു. സാഹചര്യം മാറി, ക്രൂഡ് വില താഴ്ന്നത് രൂപയ്ക്ക് ഗുണമായി. ഇന്ത്യയുടെ വിദേശനിക്ഷേപത്തിലുണ്ടാകുന്ന വർദ്ധനവും സമീപകാലത്ത് പണപ്പെരുപ്പ് നിരക്കിലുണ്ടായ കുറവും രൂപയെ ശക്തിപ്പെടുത്തുന്നു. ഇന്ത്യൻ രൂപയുടെ മൂല്യമിടിവുണ്ടാകുന്ന സമയത്തെല്ലാം റിസർവ് ബാങ്കിന് വിപണിയിൽ ഇടപെടാൻ സാധിക്കുന്നുവെന്നുളളതും നേട്ടമാണ്. ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഇനിയും ഇടിവുണ്ടാകുമോയെന്നുളളതാണ് പ്രവാസികളെ സംബന്ധിച്ച് പ്രധാന ചോദ്യം. യുഎസ് ഡോളറിൻറെ വിനിമയ നിരക്കിലുണ്ടാകുന്ന മാറ്റങ്ങളാണ് ഇന്ത്യൻ രൂപയുടെ മൂല്യത്തിലും പ്രതിഫലിക്കുന്നത്. ഒരു യുഎസ് ഡോളറിന് 85 രൂപ 46 പൈസയെന്നതാണ് വിനിമയ നിരക്ക്. ഡോളറിൻറ മൂല്യത്തിൽ ഇടിവുണ്ടാകുന്ന സാഹചര്യം തുടരുകയാണെങ്കിൽ രൂപയുടെ മൂല്യത്തിൽ വർദ്ധനവുണ്ടാകും.

എന്തായാലും ജൂലൈ ആഗസ്റ്റ് മാസങ്ങളിൽ രൂപയുടെ മൂല്യത്തിൽ വലിയ ഇടിവ് പ്രതീക്ഷിക്കേണ്ടതില്ല. മാത്രമല്ല, മൂല്യമുയരാനുളള സാധ്യതയുമുണ്ട്. എന്നാൽ ഫെഡ് നിരക്ക് കുറക്കുന്ന തീരുമാനം വന്നാൽ യുഎസ് പണപ്പെരുപ്പ നിരക്ക് ഉയരാനുളള സാഹചര്യത്തിലേക്ക് നീങ്ങും. പണപ്പെരുപ്പം നിയന്ത്രിക്കാൻ വർഷാവസാനമാകുമ്പോഴേക്കും യുഎസ് ഫെഡ് നിരക്ക് വീണ്ടും കുറച്ചാൽ ഡോളറിൻറെ മൂല്യമുയരും. മാത്രമല്ല, നിലവിൽ ശാന്തമായ യുദ്ധസാഹചര്യങ്ങളിലുണ്ടാകുന്ന മാറ്റങ്ങളും കറൻസികളുടെ മൂല്യത്തിൽ സ്വാധീനം ചെലുത്തും. സ്വർണവിലയിൽ വലിയ വർധനവാണ് സമീപകാലത്തുണ്ടായത്. ഇതിൽ കുറവുണ്ടായേക്കാം. എന്നാൽ ദീർഘകാല കണക്കുകൂട്ടലിൽ സുരക്ഷിത നിക്ഷേപമെന്ന ഖ്യാതി സ്വർണം നിലനിർത്താനാണ് സാധ്യതയെന്നും അബ്ദുൾ അസീസ് വിലയിരുത്തുന്നു.

ചുരുക്കത്തിൽ, നാട്ടിലേക്ക് പണമയക്കാനായി ദിർഹവുമായി ഇന്ത്യൻ രൂപയുടെ മൂല്യമിടിയാൻ കാത്തിരിക്കുന്നവർക്ക് നിരാശരാകേണ്ടിവരും. യുഎഇ ഉൾപ്പടെയുളള ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക് പണമയക്കുന്നവർക്ക് മികച്ച നിരക്കും ഒപ്പം പണമയക്കുന്നതിനുളള ഫീസ് ഇളവ് നൽകുന്നത് ഉൾപ്പടെ മറ്റ് ആനൂകൂല്യങ്ങളും നൽകുന്ന പണമിടപാട് സ്ഥാപനങ്ങളുണ്ട്. ഇത് പ്രയോജനപ്പെടുത്തി പണമയക്കുകയെന്നുളളതും പ്രവാസികളെ സംബന്ധിച്ചിടത്തോളം നൽകുന്ന പണത്തിന് കൂടുതൽ മൂല്യം ലഭിക്കുന്നതിനുളള അവസരമാണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version