
കുട്ടികൾക്ക് ഇ-ഗേറ്റ് അനുമതി; ഹമദ് വിമാനത്താവളത്തിലൂടെ കുടുംബങ്ങളുടെ യാത്ര എളുപ്പമാക്കി, ഇമിഗ്രേഷനായി സമയം കളയേണ്ട
ദോഹ∙ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ഇലക്ട്രോണിക് ഗേറ്റുകൾ ഉപയോഗിക്കാൻ കുട്ടികൾക്ക് അനുമതി നൽകിയതിലൂടെ ഖത്തറിലെ കുടുംബങ്ങൾക്ക് രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള യാത്ര കൂടുതൽ എളുപ്പമാക്കിയെന്ന് അധികൃതർ. ചെറിയ കുട്ടികളുമായി യാത്ര ചെയ്യുന്ന കുടുംബങ്ങൾക്ക് ഇമിഗ്രേഷൻ നടപടികൾക്കായുള്ള കാത്തിരിപ്പ് സമയം കുറയ്ക്കാൻ നടപടി സഹായകമായെന്ന് എയർപോർട്ട് പാസ്പോർട്സ് വകുപ്പ് ക്യാപ്റ്റൻ അലി അഹമ്മദ് അൽഖുവാരി പറഞ്ഞു. 7 വയസ്സിന് മുകളിൽ പ്രായവും നിർദ്ദിഷ്ട ഉയരവുമുള്ള കുട്ടികളാണെങ്കിൽ രക്ഷിതാക്കൾക്ക് ഇമിഗ്രേഷനിലെ ക്യൂവിൽ നിൽക്കാതെ ഇ-ഗേറ്റ് ഉപയോഗിക്കാം.
ഇ-ഗേറ്റുകളിലെത്തുമ്പോൾ രക്ഷിതാക്കൾ ആദ്യം കുട്ടികളെ വേണം അകത്തേക്ക് പ്രവേശിപ്പിക്കാൻ. തൊട്ടുപിന്നാലെ രക്ഷിതാക്കളും പ്രവേശിക്കുന്നതിലൂടെ തിരക്കേറിയ സമയങ്ങളിൽ നടപടികൾ എളുപ്പമാക്കുമെന്നും അൽഖുവാരി ഓർമപ്പെടുത്തി. സ്കാനിങ്, ടെൻ-പ്രിന്റ് ഫിംഗർപ്രിന്റിങ്, മുഖം തിരിച്ചറിയൽ തുടങ്ങിയ കട്ടിങ് എഡ്ജ് സാങ്കേതിക വിദ്യകളാണ് ഇ-ഗേറ്റിലുള്ളത്. മാനുഷിക ഇടപെടൽ ഇല്ലാതെ പൂർണമായും ഓട്ടമേറ്റഡ് സംവിധാനത്തിലാണ് ഇ-ഗേറ്റിന്റെ പ്രവർത്തനം എന്നതിനാൽ ഞൊടിയിടയിൽ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ യാത്രക്കാർക്ക് കഴിയും.
അടുത്തിടെയാണ് 7 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് ഇ-ഗേറ്റ് അനുവദിച്ചത്. നേരത്തെ 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് മാത്രമേ ഇ-ഗേറ്റിലൂടെ പ്രവേശനം അനുവദിച്ചിരുന്നുള്ളു എന്നത് കുട്ടികളുള്ള കുടുംബങ്ങൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. ഖത്തറിലെ സ്വദേശികൾക്കും പ്രവാസി താമസക്കാർക്കും പാസ്പോർട്ട് അല്ലെങ്കിൽ ഖത്തർ ഐഡി ഉപയോഗിച്ച് ഇ-ഗേറ്റിലൂടെ പ്രവേശിക്കാം. സന്ദർശകർ, ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ പൗരന്മാർ എന്നിവർക്ക് പാസ്പോർട്ട് ഉപയോഗിച്ചും ഇ-ഗേറ്റ് കടക്കാം.
കുട്ടികൾക്ക് ഇ-ഗേറ്റ് ഉപയോഗം എങ്ങനെ?
∙ഏഴ് വയസ്സിന് മുകളിൽ പ്രായമുണ്ടായിരിക്കണം.
∙120നും 130 സെന്റിമീറ്ററിനും ഇടയിൽ ഉയരം വേണം.
∙കുട്ടികളുടെ പാസ്പോർട്ട് അല്ലെങ്കിൽ ഖത്തർ ഐഡിയിലുള്ള ഫോട്ടോ വ്യക്തവും സിസ്റ്റത്തിൽ റജിസ്റ്റർ ചെയ്തിട്ടുള്ളതുമായിരിക്കണം. മുഖം കൃത്യമായി തിരിച്ചറിയുന്നതിന് വേണ്ടിയാണിത്.
∙ഖത്തർ ഐഡിയുള്ള കുട്ടികൾക്കുള്ള ട്രാവൽ ഓഥറൈസേഷൻ നടപടികൾ മെട്രാഷ് മൊബൈൽ ആപ്പിലൂടെ രക്ഷിതാക്കൾ പൂർത്തിയാക്കിയിരിക്കണം. ഇ-ഗേറ്റിലൂടെയുള്ള യാത്ര സുഗമമാക്കുന്നതിനു വേണ്ടിയാണിത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)