ലാഭം കിട്ടുമെന്ന് വിശ്വസിച്ചു, കോടികൾ പോയി: യുഎഇയിൽ പ്രവാസി മലയാളികൾ വീണ ചതിക്കുഴി
ബിസിനസ് ബേയിലെ ക്യാപിറ്റൽ ഗോൾഡൻ ടവറിന്റെ 302-ാം നമ്പർ സ്യൂട്ടിൽ പ്രവർത്തിച്ചിരുന്ന ഗൾഫ് ഫസ്റ്റ് കമേഴ്സ്യൽ ബ്രോക്കേസ് മലയാളികളടക്കം ഒട്ടേറെ പേരിൽ നിന്ന് പണം കീശയിലാക്കി ഒറ്റ രാത്രി കൊണ്ട് മുങ്ങി. വൻതുക ലാഭം വാഗ്ദാനം ചെയ്ത് ഇവർ ആളുകളിൽ നിന്ന് നിക്ഷേപം സ്വീകരിച്ചിരുന്നു.തട്ടിപ്പുകാരുടെ രണ്ട് ഓഫിസുകളായിരുന്നു ഇവിടെ പ്രവർത്തിച്ചിരുന്നത്. ഏകദേശം 40 ജീവനക്കാർ ഈ ഓഫിസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. ഇവരിൽ പലരും നിക്ഷേപങ്ങൾക്ക് വേണ്ടി നൂറക്കണക്കിന് ആളുകളെ നിരന്തരം ഫോൺ ചെയ്തിരുന്നവരാണ്. നിലവിൽ ഫോൺ അടക്കം വിച്ഛേദിച്ച് ഓഫിസ് അനാഥമായി കിടക്കുകയാണ്. മലയാളികളടക്കം ഒട്ടേറെ ഇന്ത്യൻ പ്രവാസികളുടെ പണം നഷ്ടമായാതാണ് റിപ്പോർട്ട്. പലരും ഓഫിസുമായി ബന്ധപ്പെടാൻ സാധിക്കാതെ നേരിട്ട് ചെന്നപ്പോഴാണ് സ്ഥാപനം പൂട്ടി ഉടമകൾ മുങ്ങിയതായി അറിയുന്നത്.
നിക്ഷേപകരെ സിഗ്മ-വൺ ക്യാപിറ്റൽ എന്ന നിയമപരമല്ലാത്ത ഓൺലൈൻ പ്ലാറ്റ്ഫോമിലേക്ക് ക്ഷണിച്ച് സുരക്ഷിത ലാഭം ഉറപ്പ് എന്ന വാഗ്ദാനത്തിൽ വിശ്വാസം പിടിച്ചുപറ്റുകയായിരുന്നു എന്ന് ഇന്ത്യക്കാരനായ ഒരു നിക്ഷേപകൻ പറഞ്ഞു. 50,000 യുഎസ് ഡോളർ മുതൽ ഒരു ലക്ഷം ഡോളർ വരെ നഷ്ടപ്പെട്ട ഇന്ത്യക്കാരുമുണ്ട്. ഒരേ കമ്പനിയാണെന്ന് വിശ്വസിപ്പിക്കാൻ വേണ്ടി കമ്പനിയുടെ ജീവനക്കാർ ഗൾഫ് ഫസ്റ്റ്, സിഗ്മ-വൺ എന്നീ പേരുകൾ ഇടയ്ക്ക് മാറ്റി ഉപയോഗിക്കുമായിരുന്നു.
ഗൾഫ് ഫസ്റ്റ് കമേഴ്സ്യൽ ബ്രോക്കേഴ്സിനും സിഗ്മ-വൺ ക്യാപിറ്റലിനും എതിരേ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. സിഗ്മ-വൺ ഡിഎഫ് എസ് എ (ദുബായ് ഫിനാൻഷ്യൽ സർവീസസ് അതോറിറ്റി) യുടെയും എസ്സിഎ (സെക്യുരിറ്റീസ് കമ്മിഷൻ അതോറിറ്റി)യുടെയും അനുമതിയില്ലാതെ പ്രവർത്തിച്ചുവെന്നാണ് അന്വേഷണങ്ങളിൽ നിന്ന് വ്യക്തമായത്. സിഗ്മ-വൺ സെന്റ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ദുബായിലെ മുസല്ല ടവറിലാണ് ഓഫിസ് എന്നുമാണ് അവകാശപ്പെട്ടത്. എന്നാൽ ആ വിലാസത്തിൽ എപ്പോഴെങ്കിലും ആ കമ്പനി പ്രവർത്തിച്ചുവെന്നതിന് രേഖകളൊന്നുമില്ല.
∙ കോൾ സെന്റർ വഴി ഇരകളെ വീഴ്ത്തിയ ശേഷം തട്ടിപ്പ്
വളരെ ആസൂത്രണം ചെയ്താണ് തട്ടിപ്പ് നടത്തിയത്. കോൾ സെന്ററുകൾ വഴി ആദ്യ ബന്ധം സ്ഥാപിച്ച് നിക്ഷേപം ഉറപ്പാക്കിയ ശേഷം ‘റിലേഷൻഷിപ്പ് മാനേജർമാർ’ വഴി കൂടുതൽ നിക്ഷേപങ്ങൾക്കായി സമ്മർദ്ദം ചെലുത്തുകയായിരുന്നുവെന്ന് പണം നഷ്ടമായ ഒരു മലയാളി പറഞ്ഞു.
ഏത് ഇന്ത്യൻ ഭാഷ സംസ്കാരിക്കുന്നവനാണെങ്കിലും ആ ഭാഷ അറിയാവുന്നയാളാണ് പിന്നീട് ഇടപെടുക. ആദ്യം ചെറിയ ലാഭം നൽകിയാണ് പ്രലോഭനം. പിന്നീട് പണം പിൻവലിക്കാൻ തുനിഞ്ഞാൽ പല തടസ്സങ്ങൾ ഉന്നയിച്ച് പിന്തിരിപ്പിക്കും. വ്യാജ നിക്ഷേപങ്ങൾ വരെ പ്രദർശിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പലരും അവരുടെ ക്രെഡിറ്റ് കാർഡുകളും ബാങ്ക് ട്രാൻസ്ഫറുകളും ഭാര്യയുടെയോ ബന്ധുക്കളുടെയോ സ്വർണാഭരണങ്ങളും മറ്റും ഉപയോഗിച്ചാണ് നിക്ഷേപം നടത്തിയിരുന്നത്. ഇവരെല്ലാം ഇപ്പോൾ എന്തു ചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലാണ്.
ഈ സ്ഥാപനം താക്കോൽ തിരിച്ചു നൽകി, എല്ലാം ഒഴിവാക്കി പെട്ടെന്ന് മുങ്ങുകയായിരുന്നുവെന്ന് ക്യാപിറ്റൽ ഗോൾഡൻ ടവറിലെ സുരക്ഷാ ജീവനക്കാരൻ പറഞ്ഞു. നിത്യേന നൂറുകണക്കിന് പേർ സ്ഥാപനത്തെ അന്വേഷിച്ച് അവിടെ വരാറുണ്ടെന്നും വ്യക്തമാക്കി. ഇവരുടെ ഫോൺ നമ്പരുകളും ഇപ്പോൾ പ്രവർത്തന രഹിതമാണ്. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും സ്ഥാപനത്തെക്കുറിച്ച് ഗൗരമായി പഠിക്കാതെ നിക്ഷേപങ്ങൾ നടത്തരുതെന്നും അധികൃതർ പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)