
ആരോഗ്യം ഫസ്റ്റ്; യുഎഇയിൽ പുത്തൻ പദ്ധതികൾ; 3 പുതിയ ആശുപത്രിയും 33 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും
ഗുണനിലവാരമുള്ള ആരോഗ്യ പരിരക്ഷ ഊർജിതമാക്കാൻ 2033ഓടെ ദുബായിൽ 3 പുതിയ ആശുപത്രിയും 33 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും സ്ഥാപിക്കും. ഇതോടനുബന്ധിച്ച് ഒട്ടേറെ സ്പെഷലൈസ്ഡ് സെന്ററുകളും ആരംഭിക്കും.ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണു പദ്ധതി പ്രഖ്യാപിച്ചത്.പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെയാകും പുതിയ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ സ്ഥാപിക്കുക, അൽ യലായിസ്, അൽ അവീർ, ഹിന്ദ് സിറ്റി, നാദ് അൽ ഷെബ, അൽ ലിസൈലി, ലെഹ്ബാബ് എന്നിവ ഉൾപ്പെടെ പുതുതായി വികസിപ്പിച്ച പാർപ്പിട മേഖലകൾക്കു മുൻഗണന നൽകും.കുടുംബ പരിചരണത്തിനായി യൂണിഫൈഡ് സെന്റർ ഫോർ ഫാമിലി കെയർ, ഫാമിലി കൗൺസലിങ്, ചൈൽഡ് പ്രൊട്ടക്ഷൻ, കസ്റ്റഡി മാനേജ്മെന്റ്, സാമൂഹിക മാർഗനിർദേശം എന്നിവയ്ക്കായി സംയോജിത സേവനങ്ങൾ ഒരു പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കും. നവീന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ദെയ്റയിലെയും ബർദുബായിലെയും 2 പുതിയ ശാഖകളിലൂടെ സേവനങ്ങൾ എത്തിക്കും.ഇതിനു പുറമേ വിദ്യാഭ്യാസം, കുടുംബക്ഷേമം തുടങ്ങിയവയുമായി ബന്ധപ്പെട്ട പുതിയ നയങ്ങൾക്കും ഷെയ്ഖ് ഹംദാൻ അംഗീകാരം നൽകി. ദുബായ് സോഷ്യൽ അജൻഡ 33, ദുബായ് ഇക്കണോമിക് അജൻഡ ഡി-33 എന്നിവയുടെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി താമസക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനാണു പുതിയ നയപരിപാടികളിലൂടെ ശ്രമിക്കുന്നത്. സ്വദേശി വിദ്യാർഥികൾ മികച്ച സ്കൂളിൽ വിദ്യാഭ്യാസം നേടുന്നുവെന്നും ഉറപ്പാക്കും. ഇമാറാത്തി അധ്യാപകരുടെ എണ്ണം വർധിപ്പിക്കുക, പാഠ്യപദ്ധതി നിലവാരം മെച്ചപ്പെടുത്തുക, മാതാപിതാക്കളുമായി മികച്ച ഇടപഴകൽ പ്രോത്സാഹിപ്പിക്കുക എന്നിവയും നയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)