അബദ്ധത്തിൽ അക്കൗണ്ടിലെത്തിയത് 13 ലക്ഷം, പണം തിരികെ ചോദിച്ചിട്ടും നൽകിയില്ല, ഇടപെട്ട് കോടതി
യുഎഇയിൽ അബദ്ധത്തിൽ യുവാവിന്റെ അക്കൗണ്ടിലേക്കെത്തിയത് 57,000 ദിർഹം. തെറ്റായ ബാങ്ക് ട്രാൻസ്ഫറിനെ തുടർന്നാണ് പണം അക്കൗണ്ടിലെത്തിയത് എന്നറിയിച്ചിട്ടും പണത്തിന്റെ യാഥാർത്ഥ അവകാശിക്ക് തുക തിരികെ നൽകാൻ യുവാവ് തയാറായില്ല. തുടർന്ന് പണം തിരികെ നൽകാനും അധിക നഷ്ടപരിഹാരം നൽകണമെന്നും യുവാവിനോട് ഉത്തരവിട്ട് അൽ ഐൻ കോടതി. അക്കൗണ്ടിൽ 57,000 ദിർഹം നിക്ഷേപം സ്വീകരിച്ചതായാണ് യുവാവിന് ബാങ്കിന്റെ നിർദേശം ലഭിച്ചത്. ഉടൻ തന്നെ ഇയാൾക്ക് പണം ട്രാൻസ്ഫർ നടത്തിയ വ്യക്തിയിൽ നിന്നും ഒരു ഫോൺ കോൾ വരുകയും അബദ്ധത്തിലാണ് പണം അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ നടത്തിയതെന്ന് അറിയിക്കുകയും ചെയ്തു. പിശക് പറ്റിയാണ് പണം ട്രാൻസ്ഫർ ആയി പോയതെന്ന് പറഞ്ഞിട്ടും യുവാവ് 20,000 ദിർഹം മാത്രമാണ് തിരികെ നൽകിയത്. ബാക്കി തുക തിരികെ നൽകാൻ വിസമ്മതിക്കുകയും ചെയ്തു. ഇതേ തുടർന്ന് ബാക്കിതുകയായ 37,000 ദിർഹം തിരികെ നൽകണമെന്നും മാനസിക സമ്മർദം ഏർപ്പെടുത്തിയത് സംബന്ധിച്ച കാര്യങ്ങൾക്ക് നഷ്ടപരിഹാരമായി 10,000 ദിർഹം അധികം നൽകണമെന്നും ആവശ്യപ്പെട്ട് പണത്തിന്റെ അവകാശി ഒരു സിവിൽ കേസ് ഫയൽ ചെയ്തു. കൂടാതെ എല്ലാ നിയമപരമായ ചെലവുകളും കോടതി ചെലവുകളും പ്രതി വഹിക്കണമെന്നും ആവശ്യപ്പെട്ടു
അവകാശിയുടെ പണം പ്രതി നിയമവിരുദ്ധമായി കൈവശം വെക്കുകയായിരുന്നെന്ന് കോടതി കണ്ടെത്തി. നിയമപരമായി അറിയിച്ചിട്ടും പ്രതി കോടതിയിൽ ഹാജരാകുകയോ തന്റെ പ്രതിനിധിയായി ഒരു അഭിഭാഷകനെ നിയമിക്കുകയോ ചെയ്തതുമില്ല. തൽഫലമായി പ്രതിയോട് അനധികൃതമായി കൈവശം വെച്ചിരിക്കുന്ന 37,000 ദിർഹം തിരിച്ചടയ്ക്കാനും 3000 ദിർഹം കൂടി അധിക നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. കേസുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും വഹിക്കണമെന്നും കോടതി ഇയാളോട് അറിയിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)