ബിൻസിയെ കൊലപ്പെടുത്തിയ ശേഷം വിളിച്ച് അറിയിച്ചു, വാട്സാപ് ഫോട്ടോയടക്കം ഡിലീറ്റ് ചെയ്തു; ഞെട്ടൽ ഇനിയും മാറിയിട്ടില്ല: വേദനയോടെ സുഹൃത്തുക്കൾ
കുവൈത്ത് സിറ്റി ∙ ‘ഇണങ്ങിയും പിണങ്ങിയുമായിരുന്നു അവരുടെ ജീവിതം. ഇണക്കവും പിണക്കവുമില്ലാത്ത ദമ്പതികളുണ്ടാകില്ലല്ലോ. എന്നിട്ടും ഇത്തരമൊരു ദുരന്തമുണ്ടായതിന്റെ ഞെട്ടലിൽ നിന്നും ഇതുവരെ മോചിതരായിട്ടില്ല, ഞങ്ങൾ…’-കുവൈത്ത് അബ്ബാസിയയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി നഴ്സ് ദമ്പതികളുടെ സഹൃത്തുക്കളിലൊരാളുടേതാണ് ഹൃദയം നൊന്ത ഈ വാക്കുകൾ.കൂട്ടുകാർക്കും ഇരുവരും ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ സഹപ്രവർത്തകർക്കും അധികൃതർക്കുമൊന്നും സൂരജിന്റെയും ബിൻസിയുടെയും വേർപാട് ഇതുവരെ വിശ്വസിക്കാനായിട്ടില്ല. കുവൈത്തിലെ ആരോഗ്യവകുപ്പിലും പ്രതിരോധ മന്ത്രാലയത്തിലും നഴ്‌സുമാരായി ജോലി ചെയ്തുവരികയായിരുന്ന കണ്ണൂർ നാടുവിൽ സ്വദേശിയായ സൂരജ് കുഴിയത്ത് ജോൺ (39), ഭാര്യ എറണാകുളം കീഴില്ലം സ്വദേശിനിയായ ബിൻസി(35) എന്നിവരെയാണ് ഈ മേയ് 1ന് മലയാളികൾ തിങ്ങിപ്പാർക്കുന്ന അബ്ബാസിയയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇരുവരും രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം തർക്കം ഉണ്ടായതായാണ് സൂചന. തുടർന്ന് സൂരാജ് ബിൻസിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കിയതായാണ് റിപ്പോർട്ട്. എന്നാൽ ബിൻസിക്കെതിരെ ചിലർ പ്രചരിപ്പിക്കുന്ന തെറ്റായ കാര്യങ്ങൾ തങ്ങളെ കടുത്ത ദുഃഖത്തിനിടയിലും ഏറെ വേദനിപ്പിക്കുന്നുവെന്ന് പേര് പറയാൻ താത്പര്യമില്ലാത്ത ബിൻസിയുടെ ഉറ്റ സുഹൃത്ത് പറഞ്ഞു. ∙ ഓസ്ട്രേലിയക്ക് കുടിയേറുന്ന കാര്യത്തിൽ തർക്കം നിലനിന്നിരുന്നു
എനിക്ക് ബിൻസിയെ കഴിഞ്ഞ 10 വർഷമായി അടുത്തറിയാം. ഇടയ്ക്കിടെ സൂരജും ബിൻസിയും തമ്മിൽ പിണങ്ങുമായിരുന്നുവെങ്കിലും അതപ്പോൾ തന്നെ തീർന്ന് സന്തോഷത്തോടെ മുന്നോട്ടുപോകും. നല്ലൊരു കുടുംബ ജീവിതമായിരുന്നു ഇരുവരും നയിച്ചിരുന്നത്. ഇണക്കവും പിണക്കവുമടക്കം എല്ലാം ബിൻസി എന്നോടും മറ്റു കൂട്ടുകാരികളോടും പങ്കുവയ്ക്കുമായിരുന്നു.
സൂരജിന് സംശയരോഗമുണ്ടായിരുന്നുവെന്ന പച്ചക്കള്ളം പലരും പ്രചരിപ്പിക്കുകയാണ്. വളരെ നല്ല വ്യക്തിയായിരുന്നു സൂരജ്. പക്ഷേ, പെട്ടെന്ന് കോപം വരുന്ന സ്വഭാവക്കാരനായിരുന്നു. അത് ഞാൻ പലപ്പോഴും കണ്ടിട്ടുമുണ്ട്. ഓസ്ട്രേലിയയിലേക്ക് കുടിയേറാൻ ഇരുവരും ഒന്നിച്ചെടുത്ത തീരുമാനമായിരുന്നു. ഇതിനായി ബിൻസിയുടെ കഷ്ടപ്പാടുകൾ ഞങ്ങൾക്കറിയാം. പക്ഷേ, ഒടുവിൽ സൂരജിന് അതിനോട് താത്പര്യമില്ലാതായി. ഇത് ബിൻസിയെ വല്ലതെ വിഷമിപ്പിച്ചു.
‘നമുക്ക് ഓസ്ട്രേലിയക്ക് പോകണമോടീ എന്നൊക്കെ ഇച്ചായൻ ഇപ്പോൾ ചോദിക്കുന്നു’, എന്ന് അവൾ പറയുമായിരുന്നു. ഇത്രയും കഷ്ടപ്പെട്ടതല്ലേ ഞാൻ, എന്നിട്ട് ആ അവസരം എങ്ങനെ വേണ്ടെന്ന് വയ്ക്കുമെന്ന് ചോദിക്കുമായിരുന്നു. അല്ലാതെ അവരുടെയിടയിൽ വേറെ ഒരു പ്രശ്നവുമുണ്ടെന്ന് ഞങ്ങൾ കൂട്ടുകാർക്കിടയിൽ അറിയില്ല. ദയവു ചെയ്ത് മരിച്ചുപോയ രണ്ടുപേർക്കെതിരെ ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് എല്ലാവരോടും അഭ്യർഥിക്കുന്നു. ഇരുവരുടെയും ജീവിതത്തിൽ പ്രശ്നങ്ങളുള്ളതായി അറിയില്ലെന്നും അവർ സന്തോഷത്തോടെ ഓസ്‌ട്രേലിയയിലേക്ക് കുടിയേറാനുള്ള ഒരുക്കത്തിലായിരുന്നും ബിൻസിയുടെ സഹോദരൻ ബേസിൽ പറഞ്ഞു.
സൂരജ്-ബിൻസി ദമ്പതികളുടെ 9 വയസ്സുള്ള മകളും 6 വയസ്സുള്ള മകനും നാട്ടിലാണ് പഠിക്കുന്നത്. ഇവർക്ക് സ്കൂൾ അവധിയായതിനാൽ അടുത്തിടെ കുവൈത്തിലേക്ക് കൊണ്ടുവന്നിരുന്നു. തുടർന്ന് അവരെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുവിട്ട് സൂരജും ബിൻസിയും ഏപ്രിൽ 29-ന് കേരളത്തിൽ നിന്ന് കുവൈത്തിലേക്ക് മടങ്ങിയെത്തുകയായിരുന്നു. കുട്ടികൾ കേരളത്തിൽ ബിൻസിയുടെ വീട്ടുകാരോടൊപ്പമാണ് കഴിയുന്നത്.
ബിൻസിയെ കൊലപ്പെടുത്തിയ ശേഷം സൂരജ് സുഹൃത്തുക്കളെ വിളിച്ച് സംഭവത്തെക്കുറിച്ച് അറിയിക്കുകയും തന്റെ വാട്സാപ് പ്രൊഫൈൽ ഫോട്ടോയും സ്റ്റാറ്റസുകളും നീക്കം ചെയ്തിരുന്നതായും പറയുന്നു. അയൽവാസികൾ ബിൻസിയുടെ കരച്ചിൽ കേട്ടതായി പൊലീസിന് മൊഴി നൽകിയിരുന്നു. കെട്ടിട കാവൽക്കാരനായ ഈജിപ്ത് സ്വദേശി വന്ന് ഫ്ലാറ്റിന്റെ വാതിൽ തുറക്കാനാവശ്യപ്പെട്ടെങ്കിലും തുറന്നില്ല. തുടർന്ന് പൊലീസെത്തി വാതിൽ പൊളിച്ച് അകത്ത് പ്രവേശിച്ചപ്പോഴാണ് ഇരുവരെയും മരിച്ച് കിടക്കുന്ന നിലയിൽ കണ്ടത്.
∙ മൃതദേഹം തിങ്കളാഴ്ചയോടെ നാട്ടിലേക്ക് കൊണ്ടുപോകും
കേസന്വേഷണം പൊലീസ് തുടരുന്നു. അതേസമയം, നാളെയോടെ പോസ്റ്റുമോർട്ടം അടക്കമുള്ള നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ തിങ്കഴാഴ്ച കേരളത്തിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. മണ്ഡലം സെന്റ് ജൂഡ് പള്ളിയിൽ സംസ്‌കാരം നടക്കുമെന്നാണ് വിവരം .
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)