ദുബൈയിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിൽ ശ്രദ്ധേയമായി ഖത്തർ എയർവേസ്
ദോഹ: ലോകത്തിന്റെ യാത്രാ, വിനോദസഞ്ചാര വിശേഷങ്ങളുമായി ദുബൈയിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിൽ (എ.ടി.എം) ശ്രദ്ധേയമായി ഖത്തർ എയർവേസ്. ഖത്തറിന്റെ സാംസ്കാരിക വൈവിധ്യം മുതൽ അറബിയിൽ ഉത്തരം നൽകുന്ന ‘സമ’ കാബിൻ ക്രൂവും, ഹമദ് വിമാനത്താവളത്തിലെ പ്രശസ്തമായ ഓർചാഡ് ക്യൂവേഴ്സും ഉൾപ്പെടെ അനുഭവിച്ചറിഞ്ഞ് യാത്രചെയ്യാൻ അവസരം ഒരുക്കുകയാണ് ഖത്തർ എയർവേസ് പവലിയൻ. മേയ് ഒന്ന് വരെ നീണ്ടുനിൽക്കുന്ന മിഡിൽ ഈസ്റ്റിലെ ഏറ്റവും പ്രമുഖ ട്രാവൽ മാർക്കറ്റിൽ ഉദ്ഘാടന ദിവസത്തിൽ സംഘടിപ്പിച്ച പ്രദർശനം ഇതിനകംതന്നെ വാർത്തകളിൽ ഇടം നേടിക്കഴിഞ്ഞു.
ലോകത്തിലെ ആദ്യത്തെ നിർമിതബുദ്ധി സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ഡിജിറ്റൽ ഹ്യൂമൻ കാബിൻ ക്രൂ ആയ സമ തന്നെയായിരുന്നു ഖത്തർ എയർവേസ് പ്രദർശനത്തിന്റെ ശ്രദ്ധാകേന്ദ്രം. കഴിഞ്ഞ വർഷം ഇംഗ്ലീഷിലെ ആശയ വിനിമയവുമായി പുറത്തിറങ്ങിയ ‘സമ’ ഇപ്പോൾ അറബിയിലും പറഞ്ഞുതുടങ്ങി. അറബി മനസ്സിലാക്കാനും സുഗമമായി പ്രതികരിക്കാനും സാധിക്കുന്നതോടെ, അറബ്മേഖലയിലെ യാത്രക്കാർക്ക് അനായാസമായി സമയുമായി സംസാരിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. പ്രദർശനത്തിനെത്തിയ സന്ദർശകരുടെ ചോദ്യങ്ങൾക്കും അന്വേഷണങ്ങൾക്കും ‘സമ’ യഥാസമയം മറുപടി നൽകി. ടിക്കറ്റ് ബുക്കിങ്, ഡെസ്റ്റിനേഷൻ തുടങ്ങിയവയിൽ സന്ദർശകരെ സഹായിക്കുന്ന സമ, ഖത്തർ എയർവേസിന്റെ ഉൽപന്നങ്ങളെയും സേവനങ്ങളെയും കുറിച്ചുള്ള ചോദ്യങ്ങൾക്ക് തൃപ്തികരമായ മറുപടി നൽകുകയും ചെയ്തു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)