
പ്രവാസികളേ നാട്ടിൽ കൊണ്ടുവരാൻ ഈ ഉത്‌പന്നങ്ങൾ ഒരിക്കലും വാങ്ങരുത്, മുന്നറിയിപ്പുമായി യുഎഇ അധികൃതർ
ശരീരഭാരം കുറയ്ക്കുന്നതിനും സൗന്ദര്യ വർദ്ധനവിനും ഉപയോഗിച്ചിരുന്ന 41 പുതിയ ഉത്‌പന്നങ്ങൾ സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ച് അബുദാബി. ഉത്‌പന്നങ്ങൾ മായം കലർന്നതാണെന്നും യുഎഇ വിപണിയിൽ സുരക്ഷിതമല്ലെന്നും അബുദാബി ആരോഗ്യ വകുപ്പാണ് വ്യക്തമാക്കിയത്. ബോഡി ബിൽഡിംഗ്, ലൈംഗിക ഉത്തേജനം എന്നിവയ്ക്കുള്ള ഉത്‌പന്നങ്ങളും ഇതിൽ ഉൾപ്പെടുന്നു.
വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഈ ഉത്‌പന്നങ്ങൾ തയ്യാറാക്കിയതും സൂക്ഷിച്ചിരുന്നതും. ഇവ ഗുഡ് മാനുഫാക്‌ച്ചറിംഗ് പ്രാക്‌ടീസസ് (ജിഎംപി) മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ല. ചില ഉത്‌പന്നങ്ങളിൽ യീസ്റ്റ്, പൂപ്പൽ, ബാക്‌ടീരിയ, ഭാരമുള്ള ലോഹം എന്നിവ ഉപയോഗിച്ചിട്ടുണ്ട്. ചിലതിൽ അപ്രഖ്യാപിത ഫാർമസ്യൂട്ടിക്കൽ പദാർത്ഥങ്ങൾ ചേർത്തിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. ബ്രോൺസ് ടോൺ ബ്ളാത്ത് സ്‌പോട്ട് കറക്‌ടർ, ബയോ ക്ളാരെ ലൈറ്റനിംഗ് ബോഡി ലോഷൻ, റൈനോ സൂപ്പർ ലോംഗ് ലാസ്റ്റിംഗ് 70000, ഗ്ളൂട്ടാ വൈറ്റ് ആന്റി ആക്‌നെ ക്രീം തുടങ്ങിയവ മായം കലർന്നിട്ടുള്ളതായി കണ്ടെത്തിയ ഉത്‌പന്നങ്ങളിൽ ഉൾപ്പെടുന്നു. ഇത്തരം ഉത്‌പന്നങ്ങൾ ഉപയോഗിക്കുന്നത് മാരകമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇടയാക്കുമെന്നാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നത്.
വാണിജ്യ മേഖലയിലെ തട്ടിപ്പുകൾ ചെറുക്കുന്നതിനായി യുഎഇ പ്രത്യേക നിയമം അവതരിപ്പിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്ക് 5,000 ദിർഹം മുതൽ 1,000,000 ദിർഹംവരെയാണ് പിഴ. രണ്ടുവർഷംവരെ തടവുശിക്ഷയും അനുഭവിക്കേണ്ടി വരും. ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് 100,000 ദിർഹം മുതൽ 2,000,000 ദിർഹം വരെ തടവും പിഴയും ലഭിക്കും. കൂടാതെ നിയമവിരുദ്ധ വസ്തുക്കൾ കണ്ടുകെട്ടുകയും നശിപ്പിക്കുകയും ചെയ്യും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)