ഖത്തർ പൗരന്മാർക്ക് ഇന്ത്യൻ ഇ-വിസ സൗകര്യം
ദോഹ: ഖത്തർ പൗരന്മാർക്ക് ഇന്ത്യ സന്ദർശിക്കാൻ ഇ-വിസ സൗകര്യം ആരംഭിച്ചതായി ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യൻ എംബസി സോഷ്യൽ മീഡിയയിലൂടെയാണ് ഇ-വിസ സംബന്ധമായ അറിയിപ്പ് പങ്കുവെച്ചത്. സോഷ്യൽ മീഡിയയിൽ പങ്കിട്ട പ്രസ്താവനയിൽ, തീരുമാനം ഉടൻ പ്രാബല്യത്തിൽ വന്നതായും എംബസി വ്യക്തമാക്കി. https://indianvisaonline.gov.in/evisa. എന്ന വെബ്സൈറ്റ് വഴിയാണ് വിസക്ക് അപേക്ഷിക്കേണ്ടത്. ഇ-വിസ ലഭിക്കുന്നതിനുള്ള അപേക്ഷ നടപടിക്രമം, വ്യവസ്ഥകൾ, കൂടുതൽ വിശദാംശങ്ങൾ എന്നിവയും പോർട്ടലിൽ ലഭ്യമാണ്. അതേസമയം, ഖത്തർ പൗരന്മാർക്ക് ദോഹയിലെ ഇന്ത്യൻ എംബസി മുഖേന പേപ്പർ വിസ സേവനങ്ങൾ നൽകുന്നത് തുടരുമെന്നും എംബസി അറിയിച്ചു.
ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ഇന്ത്യ സന്ദർശനം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെയാണ് ഇന്ത്യ-ഖത്തർ ബന്ധത്തിന് ശക്തിപകർന്ന് ഖത്തർ പൗരന്മാർക്ക് ഇ-വിസ നൽകാനുള്ള ഇന്ത്യൻ ഭരണകൂടത്തിന്റെ തീരുമാനം പുറത്തുവരുന്നത്. ഇ-വിസ സമ്പ്രദായം നിലവിൽ വന്നതോടെ വിനോദസഞ്ചാരത്തിനും ചികിത്സക്കും വ്യാപാര വാണിജ്യ ആവശ്യങ്ങൾക്കുമായി ഇന്ത്യയിലേക്ക് പോകുന്ന ഖത്തർ പൗരന്മാർക്ക് എളുപ്പം ഇന്ത്യയിൽ എത്താൻ സാധിക്കും. ഇതുവരെയുണ്ടായിരുന്ന രീതി അനുസരിച്ച് ഇന്ത്യയിലേക്ക് വിസ ആവശ്യമുള്ള ഖത്തർ പൗരന്മാർ എംബസിയിൽ നേരിട്ട് എത്തി വിസക്ക് അപേക്ഷ സമർപ്പിക്കണമായിരുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)