കൗതുകവേഷങ്ങളിൽ അണിനിരന്ന് മലയാളികൾ ഉൾപ്പെടെ പതിനായിരങ്ങൾ; ആവേശത്തിരയായി ദുബായ് റൺ

ദുബായുടെ തിരക്കേറിയ ഷെയ്ഖ് സായിദ് റോഡ് ഒരു ദിവസം ഓട്ടക്കാർക്കായി തുറന്നുകൊടുത്തപ്പോൾ നഗരം കണ്ടത് അപൂർവ കാഴ്ച. പച്ച ടി-ഷർട്ടണിഞ്ഞ് പതിനായിരങ്ങൾ റോഡിലേക്കൊഴുകിയെത്തിയതോടെ ദുബായ് റൺ 2026 ആവേശകരമായി. ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി നടന്ന എട്ടാമത് ദുബായ് റണ്ണിൽ 3.10 ലക്ഷത്തിലേറെ പേരാണ് പങ്കെടുത്തത്. കുട്ടികളും മുതിർന്നവരും കുടുംബങ്ങളുമടക്കം വിവിധ രാജ്യക്കാരായ ആളുകൾ ഓട്ടത്തിലും നടത്തത്തിലും സജീവമായി പങ്കാളികളായി. സാധാരണ വാഹനങ്ങളുടെ തിരക്കിൽ നിറയുന്ന ഷെയ്ഖ് സായിദ് റോഡ് മണിക്കൂറുകളോളം വാഹനരഹിതമാക്കി. പുലർച്ചെ 6.30-ഓടെയാണ് ആദ്യ സംഘം ഓട്ടം ആരംഭിച്ചത്. 5 കിലോമീറ്റർ, 10 കിലോമീറ്റർ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായിരുന്നു മത്സരം.

മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിന് സമീപത്തുനിന്നായിരുന്നു ഇരുവിഭാഗങ്ങളുടെയും തുടക്കം. കുടുംബങ്ങൾക്കും തുടക്കക്കാർക്കും അനുയോജ്യമായ 5 കിലോമീറ്റർ റൂട്ട് ദുബായ് മാളിന് സമീപം അവസാനിച്ചപ്പോൾ 10 കിലോമീറ്റർ വിഭാഗം ദുബായ് കനാൽ കടന്ന് ഡിഐഎഫ്സി ഗേറ്റ് ബിൽഡിങ്ങിന് സമീപമാണ്. ഓട്ടത്തിനൊപ്പം കൗതുകവേഷങ്ങളും ആഘോഷത്തിന് നിറം പകർന്നു. റോബോട്ടുകൾ, സൂപ്പർഹീറോകൾ, പവർ റേഞ്ചേഴ്സ്, കടൽക്കൊള്ളക്കാർ തുടങ്ങിയ വ്യത്യസ്ത വേഷങ്ങളിലെത്തിയവർ ഷെയ്ഖ് സായിദ് റോഡിനെ വേറിട്ട കാഴ്ചയാക്കി. ഏറ്റവും സർഗാത്മകമായ വേഷങ്ങൾക്ക് സമ്മാനവും സംഘാടകർ ഒരുക്കിയിരുന്നു. 

താഴെ ഓട്ടക്കാരുടെ തിരക്കിനൊപ്പം ആകാശത്തും വിസ്മയക്കാഴ്ചകളായിരുന്നു. യുഎഇയുടെ വ്യോമാഭ്യാസ സംഘമായ അൽ ഫുർസാന്റെ വിമാനങ്ങൾ വർണപ്പുക പടർത്തി പറന്നപ്പോൾ മോട്ടോറൈസ്ഡ് പാരാഗ്ലൈഡറുകളും ആകാശത്ത് ദൃശ്യവിരുന്നൊരുക്കി. ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ പത്താം പതിപ്പിന്റെ ഭാഗമായാണ് ഇത്തവണത്തെ ദുബായ് റൺ സംഘടിപ്പിച്ചത്. പതിവ് തിരക്കിൽ നിന്ന് മാറി ലോകപ്രശസ്ത നഗരപാതയിലൂടെ ഓടാനും നടക്കാനും ലഭിച്ച അവസരം പങ്കെടുത്തവർ ആഘോഷമാക്കി. 

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi Varthakal - WordPress Theme by WPEnjoy